മാര്‍ച്ച് ഒന്നു മുതല്‍ സിനിമ റിലീസ് ഇല്ല; ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായവും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും നേര്‍ക്കുനേര്‍ 

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയിലെ പ്രതിനിധികള്‍ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയമായതോടെ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ റിലീസ് ഉണ്ടാകില്ലെന്നാണ് സൂചന
മാര്‍ച്ച് ഒന്നു മുതല്‍ സിനിമ റിലീസ് ഇല്ല; ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായവും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരും നേര്‍ക്കുനേര്‍ 

മാര്‍ച്ച് ഒന്ന് മുതല്‍ ദക്ഷിണേന്ത്യയില്‍ പുതിയ ചിത്രങ്ങളൊന്നും പ്രദര്‍ശനത്തിനെത്തില്ല. ദക്ഷിണേന്ത്യയിലെ നാല് സിനിമ വ്യവസായങ്ങളും ഒരുമിച്ച് ഡിജിറ്റല്‍ സേവന ദാതാക്കള്‍ക്കെതിരേ തിരിഞ്ഞതോടെയാണ് റിലീസ് പ്രതിസന്ധിയിലായത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിവയിലെ പ്രതിനിധികള്‍ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡേഴ്‌സുമായി നടത്തിയ ചര്‍ച്ചകള്‍ പരാജയമായതോടെ മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ റിലീസ് ഉണ്ടാകില്ലെന്നാണ് സൂചന. 

ചെന്നൈയിലും ഹൈദരാബാദും വെച്ച് രണ്ട് വട്ടം ചര്‍ച്ചകള്‍ നടന്നെങ്കിലും തീരുമാനമാകാതെ പിരിയുകയായിരൂന്നു. വെള്ളിയാഴ്ച നടക്കുന്ന മൂന്നാമത്തേയും അവസാനത്തേയും ചര്‍ച്ചയില്‍ ഇതു സംബന്ധിച്ച് അന്തിമ തീരുമാനമാകും. ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ (ഡിഎസ്പി) ഉയര്‍ന്ന നിരക്കാണ് ഈടാക്കുന്നതെന്നാണ് ദക്ഷിണേന്ത്യന്‍ സിനിമ വ്യവസായം പറയുന്നത്. ഡിഎസ്പികളായ ക്യൂബ് യുഎഫ്ഒ എന്നിവ ഡിജിറ്റല്‍ പ്രൊജക്ഷന് വേണ്ടി ഓരോ സ്‌ക്രീനിനും 22,500 രൂപയാണ് ഈടാക്കുന്നത്. 

ചര്‍ച്ചയില്‍ തീരുമാനമായില്ലെങ്കില്‍ മാര്‍ച്ച് ഒന്ന് മുതല്‍ പടം റിലീസ് ചെയ്യില്ല എന്ന തീരുമാനവുമായി മുന്നോട്ടുപോകാനാണ് ജോയിന്റെ ആക്ഷന്‍ കമ്മിറ്റി ആഫ് ദി സതേണ്‍ ഇന്ത്യന്‍ ഫിലിം ഇന്റസ്ട്രിയുടെ നിലപാട്. സൗത്ത് ഇന്ത്യന്‍ ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കേരള ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, കര്‍ണാടക ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കൊമേഴ്‌സ്, തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ എന്നിവരാണ് ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയിലുള്ളത്. 

എന്നാല്‍ മാര്‍ച്ച് മുതല്‍ പുതിയ സിനിമ ഇറങ്ങിയില്ലെങ്കിലും തീയറ്ററുകളൊന്നും അടച്ചിടില്ലെന്ന് എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്‍ വക്താവ് പറഞ്ഞു. നിലവിലെ ഡിഎസ്പികളെ അടച്ചുപൂട്ടി അവരുടെ സ്വന്തം കമ്പനി ആരംഭിക്കുക എന്ന ഹിഡന്‍ അജണ്ടയാണ് പ്രൊഡ്യൂസര്‍മാര്‍ക്കുള്ളതെന്നും അസോസിയേഷന്‍ വ്യക്തമാക്കി. 

എന്തായാലും മാര്‍ച്ച് ഒന്നു മുതല്‍ റിലീസ് നിര്‍ത്തിവെച്ചാല്‍ ബിഗ് ബജറ്റ് സിനിമ അടക്കം നിരവധി ചിത്രങ്ങള്‍ പ്രതിസന്ധിയിലാവും. രജനീകാന്തിന്റെ കാലയും മമ്മൂട്ടിയുടെ ബിലാലുമെല്ലാം റിലീസിന് തയാറായി നില്‍ക്കുകയാണ്. വേനല്‍ അവധിക്ക് മുന്‍പ് ഡിഎസ്പിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com