'എല്ലാം മറികടന്ന് അമ്മയ്ക്കു വേണ്ടി അവര്‍ അത് ചെയ്തു'; ദേവരാഗത്തില്‍ ശ്രീദേവി അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കി കെപിഎസി ലളിത

അമ്മ രാജേശ്വരി അയ്യപ്പന്‍ ഭരതന് നല്‍കിയ വാക്കിന്റെ പുറത്തായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചുവന്നതെന്ന് ലളിത പറഞ്ഞു
'എല്ലാം മറികടന്ന് അമ്മയ്ക്കു വേണ്ടി അവര്‍ അത് ചെയ്തു'; ദേവരാഗത്തില്‍ ശ്രീദേവി അഭിനയിക്കാനുണ്ടായ കാരണം വ്യക്തമാക്കി കെപിഎസി ലളിത

ബോളിവുഡില്‍ കത്തി നില്‍ക്കുന്ന സമയത്താണ് ഭരതന്റെ ദേവരാഗത്തില്‍ അഭിനയിക്കാന്‍ ശ്രീദേവി കേരളത്തില്‍ എത്തുന്നത്. ശ്രീദേവി ചിത്രത്തിലേക്ക് വരാനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ് ഭരതന്റെ ഭാര്യയും നടിയുമായ കെപിഎസി ലളിത. അമ്മ രാജേശ്വരി അയ്യപ്പന്‍ ഭരതന് നല്‍കിയ വാക്കിന്റെ പുറത്തായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചുവന്നതെന്ന് ലളിത പറഞ്ഞു. 

ഒരു പരസ്യ ചിത്രത്തിന് വേണ്ടി ശ്രീദേവിയുടെ മുഖം ആദ്യമായി പകര്‍ത്തിയത് ഭരതേട്ടനായിരുന്നു. മൂന്നര വയസ്സിലായിരുന്നു ഇത്. അതിന് ശേഷം അവരുമായി ബന്ധമൊന്നുമുണ്ടായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം ദേവരാഗത്തെക്കുറിച്ച് ആലോചിക്കുന്ന സമയത്താണ് ശ്രീദേവിയെ ഇതിലേക്ക് കൊണ്ടുവന്നാല്‍ നന്നായിരിക്കുമെന്ന് തോന്നിയത്. ഇതിനുവേണ്ടി ഭരതന്‍ ശ്രീദേവിയെ പോയികണ്ടു. വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അവരുടെ അമ്മയ്ക്ക് ചേട്ടനെ നല്ല ഓര്‍മയുണ്ടായിരുന്നു. അന്ന് പറഞ്ഞ വാക്കും. സിനിമയുടെ കാര്യങ്ങള്‍ സംസാരിച്ചപ്പോള്‍ എത്ര തിരക്കാണെങ്കിലും നിങ്ങളുടെ ചിത്രത്തില്‍ അവള്‍ അഭിനയിക്കുമെന്നാണ് അവര്‍ പറഞ്ഞത്. 

ബോളിവുഡിലെ താരമായി നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. എന്നിട്ടും അമ്മ നല്‍കിയ വാക്കിന്റെ പുറത്താണ് ശ്രീദേവി ദേവരാഗത്തിലേക്ക് എത്തിയത്. ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അമ്മയ്ക്ക് ബ്രെയില്‍ ട്യൂമര്‍ വരുന്നത്. അമ്മയുടെ ചികിത്സക്കായി ഷൂട്ടിംഗ് നിര്‍ത്തിവെച്ചാണ് ശ്രീദേവി അമേരിക്കയിലേക്ക് പോയി. ഇടയ്ക്ക് വച്ച് ബോധം തെളിഞ്ഞപ്പോള്‍ ഭരതേട്ടന്റെ ചിത്രത്തില്‍ അഭിനയിച്ചേ തീരൂ എന്ന് അമ്മ നിര്‍ബന്ധിച്ചതായി ശ്രീദേവി ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് മാത്രം ആ പടം പൂര്‍ത്തിയാക്കാന്‍ അവര്‍ തിരിച്ചു വന്നു.

വല്ലാത്തൊരു അവസ്ഥയിലായായിരുന്നു അന്ന് ശ്രീദേവി. എന്നാല്‍ അതൊന്നും ഒരിക്കലും അവരുടെ അഭിനയത്തെ ബാധിച്ചില്ല. സിനിമയുടെ ഷൂട്ടിങ് അവര്‍ പൂര്‍ത്തിയാക്കി. അങ്ങനെയാകണം ഒരു അഭിനേതാവ്. അവര്‍ എല്ലാവര്‍ക്കും മാതൃകയാണ് കെ.പി.എ.സി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com