വെല്ലുവിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങും: പ്രകാശ് രാജ്; വര്‍ഗീയ വാദികളെ തോല്‍പ്പിക്കണം

രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണ്
വെല്ലുവിളിച്ചാല്‍ രാഷ്ട്രീയത്തിലിറങ്ങും: പ്രകാശ് രാജ്; വര്‍ഗീയ വാദികളെ തോല്‍പ്പിക്കണം

ബെംഗലൂരു: കമല്‍ഹാസന്റെയും രജനികാന്തിന്റെയും രാഷ്ട്രീയ പ്രവേശനത്തിന് പിന്നാലെ താനും രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറാണെന്ന സൂചന നല്‍കി തെന്നിന്ത്യന്‍ നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയ പ്രവേശനത്തിന് തന്നെ ആരെങ്കിലും വെല്ലുവിളിച്ചാല്‍ മടിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.  ബെംഗലൂരു പ്രസ് ക്ലബ് നല്‍കിയ പെഴ്‌സണ്‍ ഒഫ് ദി ഇയര്‍ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകായിരുന്നു അദ്ദേഹം. 

ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ താനും രാഷ്ട്രീയത്തിലിറങ്ങും. നമ്മുടെ രാജ്യത്ത് മതവും ജാതിയും അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയത്തിന് പ്രാധാന്യം ഏറി വരികയാണ്,അദ്ദേഹം പറഞ്ഞു. 

ഹിറ്റ്‌ലറുടെ കാലത്തുണ്ടായിരുന്ന ഇത്തരം പ്രവണതകള്‍ക്കെതിരെ നമ്മള്‍ ശബ്ദമുയര്‍ത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. സ്വന്തം സമുദായം മാത്രം ലോകം ഭരിക്കണമെന്നാണ് ഇക്കൂട്ടര്‍ വാദിക്കുന്നത്. ഇത്തരം ആളുകള്‍ക്ക് ഇപ്പോള്‍ നമ്മുടെ രാജ്യത്തും പിന്തുണ ഏറി വരികയാണ്. അതുകൊണ്ട് ആരെങ്കിലും വെല്ലുവിളിക്കുകയാണെങ്കില്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ താന്‍ ഒരുക്കമാണ്,പ്രകാശ് രാജ് പറയുന്നു. 

സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി അക്രമത്തിന്റെയും വര്‍ഗീയതയുടെയം രീതി ഉപയോഗിക്കുകയാണ്. ഇത്തരക്കാരെ തോല്‍പ്പിച്ചാല്‍ മാത്രമേ അവര്‍ പാഠം പഠിക്കുകയുള്ളൂ. അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഇത്തരക്കാരെ തോല്‍പ്പിക്കുന്നതിന് വേണ്ടി സംസ്ഥാനത്തെ ഓരോ വീടുകളും കയറിയിറങ്ങി പ്രചാരണം നടത്തണമെന്നും പ്രകാശ് രാജ് ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടുകള്‍ സ്വീകരിക്കുന്ന നടനാണ് പ്രകാശ് രാജ്. നേരത്തെ ഗൗരി ലങ്കേഷ് വധത്തിലുള്‍പ്പെടെ പ്രകാശ് രാജ് നടത്തിയ വിമര്‍ശനങ്ങള്‍ വലിയ ചര്‍ച്ചയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com