നല്ല സിനിമയെ പൊട്ട ട്രെയിലറിന്റെ കയ്യില്‍ ടോര്‍ച്ചും കൊടുത്തു വിടരുത്; ഈടയുടെ സംവിധായകനോട് ഷഹബാസ് അമന്‍

നല്ല സിനിമയെ പൊട്ട ട്രെയിലറിന്റെ കയ്യില്‍ ടോര്‍ച്ചും കൊടുത്തു വിടരുത്; ഈടയുടെ സംവിധായകനോട് ഷഹബാസ് അമന്‍
ഷഹബാസ്  അമന്‍ (ഫെയ്‌സ്ബുക്ക്)
ഷഹബാസ് അമന്‍ (ഫെയ്‌സ്ബുക്ക്)

തിഗംഭീരമായ ഒരു സിനിമയെടുക്കുമ്പോള്‍ അതിനെ തെറ്റിദ്ധരിപ്പിക്കത്തക്ക തരത്തിലുള്ള ഏതെങ്കിലും ഒരു പൊട്ട ട്രെയിലറിന്റെ കയ്യില്‍ ആറുകട്ട ടോര്‍ച്ചും കൊടുത്ത് മുന്നേ നടത്തിക്കരുതെന്ന് ഈടയുടെ സംവിധായകന്‍ ബി 
അജിത് കുമാറിനോട് ഗയകന്‍ ഷഹബാസ് അമന്‍. ഈട കണ്ടതിനു ശേഷം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് സുഹൃത്തുകൂടിയായ ബി അജിത് കുമാറിനുള്ള ഉപദേശം ഷഹബാസ് പങ്കുവച്ചത്. കേരളത്തിലെ എല്ലാ തരം സിനിമാപ്രേമികളും നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണു ഈട എന്ന് ഷഹബാസ് എഴുതി.

ഷഹബാസ് അമന്റെ കുറിപ്പ്

ഈട കണ്ടു! ഉഗ്രന്‍ സിനിമ! സിനിമ കാണാനും അതിനെപ്പറ്റി ഈടെ വന്ന് പറയാനും വൈകിയതില്‍ അതിന്റെ അണിയറപ്രവര്‍ത്തകരോട് ക്ഷമ ചോദിക്കുന്നു!പ്രത്യേകിച്ചും ഈട ടീമിനോട് അത്ര അടുപ്പമുള്ള ഒരാള്‍ അതിനെക്കുറിച്ച് മൗനം പാലിക്കുന്നതെന്തേ എന്ന് ചിലരെങ്കിലും ചിന്തിച്ചിരിക്കണം.

ആരെയും ഒന്നും ബോധ്യപ്പെടുത്തേണ്ട കാര്യമൊന്നും ഇല്ലെങ്കിലും ഈട കാണാന്‍ വൈകലോ കാണാതിരിക്കലോ വ്യക്തിപരമായി മനസ്സമ്മര്‍ദ്ദം കൂട്ടുന്ന ഒരു കാര്യം തന്നെ ആകുമായിരുന്നു.കണ്ടിട്ട് ഇഷ്ടപ്പെട്ടില്ലായിരുന്നുവെങ്കിലോ ? പറയും വേണ്ട! എന്നാല്‍ അങ്ങനെയല്ല. കേരളത്തിലെ എല്ലാ തരം സിനിമാപ്രേമികളും നിശ്ചയമായും കണ്ടിരിക്കേണ്ട ഒരു സിനിമയാണു ഈട എന്ന് പറയാന്‍ ഇപ്പോള്‍ അഭിമാനവും സന്തോഷവും ഉണ്ട്! ഇനിയും കാണാത്തവര്‍ക്ക് അതിനു എന്തോരം ചാന്‍സ് ഉണ്ട് എന്നറിയില്ല.പക്ഷേ കാണാത്തവരോട് ഉടന്‍ കാണുക എന്നേ ഈ വൈകിയ നേരത്ത് പറയാനുള്ളു!

മനസ്സിന്റെ വലുപ്പക്കുറവ് അലങ്കാരമായിക്കാണുന്ന ചിലരുടെയെങ്കിലും റിവ്യൂ 'ഈട' കാണാന്‍ ആളുകളെ പ്രേരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. കാണാന്‍ തോന്നിക്കുന്നത് നല്ലൊരു കാര്യം തന്നെ! പക്ഷേ അത്തരം റിവ്യൂകള്‍ വരും കാലത്തേക്കെങ്കിലും കുറ്റിയറ്റ് പോയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും വിധത്തില്‍ ഈട തികച്ചും സ്വതന്ത്രമായിത്തന്നെ സ്‌ക്രീനില്‍ തല ഉയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നുണ്ട്! ആരാധകരുടെ എഴുതിത്തള്ളല്‍ ചില സിനിമകളെ സംബന്ധിച്ച് ദോഷമേ ചെയ്യൂ! ഈട അത്തരത്തിലുള്ള ഒന്നാണു! ആളുകള്‍ കണ്ട് സ്വയം വിലയിരുത്തേണ്ട ഒന്ന്! പ്രത്യേകിച്ചും എത്ര ആലോചിച്ചാലും പിടി കിട്ടാത്ത ഒരു പ്രത്യേക രാഷ്ട്രീയ മനോവ്യവഹാരത്തിനുള്ളില്‍ വെച്ചുതന്നെ പ്രണയത്തിന്റെ സങ്കീര്‍ണ്ണമായ ഉള്‍ത്തിരിവുകളെ കൂടി അഡ്രസ്സ് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു സിനിമയായത് കൊണ്ട് ഈടയെക്കുറിച്ച് ഇവിടെ ഇപ്പോള്‍ മറ്റൊന്നും പറയുന്നില്ല! എല്ലാവരാലും കാണപ്പെടട്ടെ എന്ന് ആഗ്രഹിക്കുക മാത്രം ചെയ്യുന്നു.

ഈടയുടെ അണിയറ ശില്‍പ്പികളെ അകമഴിഞ്ഞ് അഭിനന്ദിക്കുന്നതോടൊപ്പം ചിത്രത്തിന്റെ സംവിധായകനും ഇന്‍ഡ്യയിലെ എണ്ണം പറഞ്ഞ എഡിറ്റര്‍മ്മാരില്‍ ഒരാളും പ്രിയ കൂട്ടുകാരനുമായ ബി.അജിത് കുമാറിനോട് ഒരു കാര്യം പറയട്ടെ! ഡാ നീ കലക്കി! പക്ഷേ മേലില്‍ ഇങ്ങനെയുള്ള അതിഗംഭീരമായ ഒരു സിനിമയെടുക്കുമ്പോള്‍ അതിനെ തെറ്റിദ്ധരിപ്പിക്കത്തക്ക തരത്തിലുള്ള ഏതെങ്കിലും ഒരു പൊട്ട ട്രെയിലറിന്റെ കയ്യില്‍ ആറുകട്ട ടോര്‍ച്ചും കൊടുത്ത് മുന്നേ നടത്തിക്കരുത്! ഓക്കെ! ?

നിമിഷയും ഷെയ്‌നും മുത്ത് പോലെ!
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com