സിനിമയില്‍ നിന്ന് പശുവിനെ ഒഴിവാക്കണം; സലിംകുമാര്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കട്ട്  

സിനിമയില്‍ നിന്ന് പശുവിനെ ഒഴിവാക്കണം; സലിംകുമാര്‍ ചിത്രത്തിനും സെന്‍സര്‍ ബോര്‍ഡ് കട്ട്  

സലിംകുമാര്‍ സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം K കുമാറാകണം എന്ന ചിത്രത്തില്‍ നിന്ന് പശുവിന്റെ രംഗങ്ങള്‍ നീക്കണമെന്ന് സെന്‍സര്‍ ബോര്‍ഡ്. ബോര്‍ഡ് നിര്‍ദ്ദേശത്തേതുടര്‍ന്ന് ചിത്രത്തില്‍ നിന്ന് ഈ രംഗം നീക്കം ചെയ്തു.  ചിത്രത്തില്‍ ജാതിയോ രാഷ്ട്രീയമോ ഒന്നുമില്ലാത്ത ഒരു സീനാണ് നീക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളതെന്നും ആരെയും ഒരു രീതിയിലും കളിയാക്കാത്ത രംഗമാണതെന്നും സെന്‍സര്‍ബോര്‍ഡ് തീരുമാനത്തെകുറിച്ച് പ്രതികരിച്ചുകൊണ്ട് സലിം കുമാര്‍ പറഞ്ഞു. 

പശു ഇപ്പോള്‍ നമ്മുടെ കയ്യില്‍ നിന്നു പോയ അവസ്ഥയാണെന്നും പശുവിനെക്കുറിച്ച് ഒന്നും മിണ്ടാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോഴെന്നും സലിം പറയുന്നു. 'പശുവിനെ ഉപയോഗിച്ചാല്‍ വര്‍ഗീയത വരുമെന്നാണ് പറയുന്നത്. അത് എങ്ങനെയാണെന്ന് അറിയില്ല. സെന്‍സര്‍ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കോടതിയില്‍ പോയാല്‍ ഇപ്പോള്‍ റിലീസിങ് നടക്കില്ല. അതുകൊണ്ട് ആ ഭാഗം ഒഴിവാക്കി. ചിത്രത്തിലെ നല്ലൊരു സീനായിരുന്നു അത്. ഒന്നിനെയും വിമര്‍ശിക്കാന്‍ പോലും അവകാശമില്ല എന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു',സലിംകുമാര്‍ പറഞ്ഞു.

ഇങ്ങനെ പോകുകയാണെങ്കില്‍ നാളെ ഇവിടെ ജീവിക്കണമെങ്കില്‍ ആരോടെങ്കിലുമൊക്കെ അനുവാദം ചോദിക്കേണ്ടി വരുന്ന അവസ്ഥയുമുണ്ടാകുമെന്നും സലിം കുമാര്‍ അഭിപ്രായപ്പെട്ടു. 

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത് അനുശ്രീയാണ്. നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളി ലീല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സലിം കുമാറും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com