ബോളിവുഡ് തള്ളിയ ഈ ബിഹാറുകാരന്‍ ഇന്ന് ലാറ്റിന്‍ അമേരിക്കയിലെ സൂപ്പര്‍ സ്റ്റാര്‍

ഷാരണ്‍ന്റെ ആദ്യ സ്പാനിഷ് ചിത്രം കോസ്റ്റാറിക്കയില്‍ ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയായി.  
ബോളിവുഡ് തള്ളിയ ഈ ബിഹാറുകാരന്‍ ഇന്ന് ലാറ്റിന്‍ അമേരിക്കയിലെ സൂപ്പര്‍ സ്റ്റാര്‍

ആയിരക്കണക്കിന് ആളുകളുടെ സ്വപ്‌നമാണ് ബോളിവുഡ് സിനിമാ ലോകം. ചിലരുടെ കഴിവുകള്‍ അവരേ ആ സ്വപ്‌നം കീഴടക്കാന്‍ പ്രാപ്തരാക്കുമ്പോള്‍ മറ്റുചിലരെ ഭാഗ്യം കൈവിട്ടിട്ടുമുണ്ട്. മാതാപിതാക്കളുടെ ബോളിവുഡ് പാരമ്പര്യം പലരെയും അവിടേക്കെത്താന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ കഴിവുറ്റ നിരവധി പേര്‍ക്ക് ബോളിവുഡ് അന്യമായി നിന്നു. ബീഹാറിലെ മോതിഹരിയില്‍ നിന്നുള്ള ഷാരണ്‍ന്റെ കഥയും മറിച്ചല്ല. പക്ഷെ പതിവില്‍ നിന്നു വിപരീതമായി നില്‍ക്കുന്നത് ഒന്നുമാത്രം, ഈ കഥയുടേത്‌ സന്തോകരമായ പര്യവസാനമാണ്. 

ബീഹാറില്‍ നിന്ന് ഷാരണ്‍ മുംബൈയില്‍ എത്തിയപ്പോള്‍ മനസിലേ മോഹം മറ്റൊന്നുമായിരുന്നില്ല ബോളിവുഡ് മാത്രം. പക്ഷെ പ്രതീക്ഷിച്ചതുപോലൊന്നും കാര്യങ്ങള്‍ മുന്നോട്ട് നീങ്ങിയില്ല. അതുകൊണ്ട് മുംബൈ വിട്ട് ഷാരണ്‍ കോസ്റ്റാറിക്കയിലേക്ക് പറന്നു. അവിടെവച്ച് തന്റെ പ്രണയിനിയെ കണ്ടെത്തിയ ഷാരണ്‍ വിവാഹിതനാവുകയും ചെയ്തു. 

പിന്നീടുള്ള ഷാരണ്‍ന്റെ ജീവിതം ഒട്ടും സുഗമമായിരുന്നില്ല. 2010ഓടെ എല്ലാ ബിസിനസ്സുകളിലും തകര്‍ച്ച നേരിട്ട ഷാരണ്‍ ഇതേ വര്‍ഷം ഭാര്യയുമായും പിരിഞ്ഞു. തിരിച്ചടികളെല്ലാം ഷാരണെ വീണ്ടും ഇന്ത്യയില്‍ തിരിച്ചെത്തിച്ചു.എന്നിട്ടും തളര്‍ന്നില്ല. നാല് വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരണ്‍ വീണ്ടും കോസ്റ്റാറിക്കയിലേക്ക് പോയി. ഇക്കുറി സിനിമയെടുക്കാന്‍ ഉറച്ചായിരുന്നു യാത്ര. ബോളിവുഡ് ഘടകങ്ങള്‍ ഉള്‍കൊണ്ടുള്ള ഒരു കോസ്റ്റാറിക്കന്‍ ചിത്രം. 

സാമൂഹികപ്രവര്‍ത്തകനും സര്‍വകലാശാല മേധാവിയുമായിരുന്ന തെരേസാ റോഡ്രിഗസ്സാണ് ഷാരണ് ഈ പുതിയ തുടക്കത്തിനുള്ള ഉത്തേജനവും സഹായവും നല്‍കിയത്. തെരേസ തന്റെ സ്വപ്‌നങ്ങളെ സ്വന്തം സ്വപ്‌നങ്ങളാക്കി മാറ്റുകയായിരുന്നെന്നും ഇതെല്ലാം യാഥാര്‍ത്ഥ്യമാകാന്‍ 1.5മില്ല്യണ്‍ യുഎസ് ഡോളര്‍ കണ്ടെത്താന്‍ തന്നെ സഹായിക്കുകയും ചെയ്‌തെന്ന് ഷാരണ്‍ തന്നെ പറയുന്നു. 

ഷാരണ്‍ന്റെ എല്ലാ പരിശ്രമങ്ങളും 'എന്റിഡാഡോസ്: ലാ കണ്‍ഫ്യൂഷണ്‍' എന്ന ചിത്രം റിലീസായതോടെ വിജയം കണ്ടുതുടങ്ങി. ഷാരണ്‍ന്റെ ആദ്യ സ്പാനിഷ് ചിത്രം കോസ്റ്റാറിക്കയില്‍ ആ വര്‍ഷം പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയായി.  ഇന്ത്യ കോസ്റ്റാറിക്ക എന്നീ രണ്ട് സമൂഹത്തേയും ബന്ധിപ്പിക്കുന്നതാണ് തന്റെ ചിത്രമെന്ന് ഷാരണ്‍ പറയുന്നു. ലാറ്റിന്‍ സിനിമാ വ്യവസായത്തില്‍ തന്നെ ചരിത്രമായി മാറിയ ഈ ചിത്രം ഇംഗ്ലീഷിലും ഹിന്ദിയിലും ബോജ്പൂരിയിലും റിലീസ് ചെയ്യണമെന്നാണ് ഷാരോണ്‍ന്റെ ഇപ്പോഴത്തെ ആഗ്രഹം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com