'ക്വീന്‍ എന്നു വിളിക്കുമ്പോ ഉള്ള ഒരു സന്തോഷമുണ്ടല്ലോ...' സാനിയയുടെ വിശേഷങ്ങള്‍

'ഞാന്‍ ചിന്നുവിന്റെ കാര്‍ബണ്‍ കോപ്പിയാണ്. ഞാന്‍ എങ്ങനെയാണോ അതുതെന്നെയാണ് ചിന്നു. ഒരു വ്യത്യാസവുമില്ല. ചിന്നു കുറച്ചുകൂടി മുതിര്‍ന്ന കുട്ടിയാണെന്നു മാത്രം'
'ക്വീന്‍ എന്നു വിളിക്കുമ്പോ ഉള്ള ഒരു സന്തോഷമുണ്ടല്ലോ...' സാനിയയുടെ വിശേഷങ്ങള്‍

ഏറെ കാത്തിരുന്ന തന്റെ ആദ്യചിത്രം ജനത്തിരക്കുമൂലം നിലത്തിരുന്നാണ് സാനിയ കണ്ടത്. അഭിമുഖത്തിനായി വിളിക്കുമ്പോള്‍ രണ്ടാമതൊന്നു കൂടി സിനിമ കാണാനായി അമ്മയോടൊപ്പം ടിക്കറ്റ് ബുക്ക് ചെയ്തിട്ട് വരികയായിരുന്നു ക്വീന്‍ സിനിമയിലെ നായിക സാനിയ. നൃത്തരംഗത്തു നിന്നും സിനിമയിലേയ്ക്ക് എത്തിയ അനുഭവം സാനിയ സമകാലികമലയാളവുമായി പങ്കുവെക്കുന്നു.

എങ്ങനെയാണ് ക്വീനിലെ ചിന്നു ആയത്?

ഇങ്ങനെ ഒരു സിനിമയെപ്പറ്റി ആദ്യം കേട്ടോപ്പോള്‍ കാര്യമായെടുത്തില്ല. പിന്നീട് എന്റെ ഡാന്‍സ് മാസ്റ്റര്‍ വിനീഷ് സര്‍ പറഞ്ഞിട്ടാണ് ക്വീനിന്റെ ഓഡിഷന് പോകുന്നത്.  സിനിമയില്‍ തന്നെയുള്ള ഒരു സീനായിരുന്നു ഓഡിഷനില്‍ ചെയ്യാന്‍ പറഞ്ഞത്. ഒരു വര്‍ഷം മുന്‍പായിരുന്നു ഓഡിഷന്‍ നടന്നത്. അന്ന് എനിക്ക് 14 വയസ്സേയുള്ളൂ. അത് പറഞ്ഞപ്പോ എല്ലാവര്‍ക്കും ഷോക്കായി. പക്ഷെ ചെയ്തു നോക്കിയപ്പോള്‍ റോള്‍ ഒക്കെ ഓകെ ആകുന്നുണ്ടായിരുന്നു. അതുകൊണ്ടായിരിക്കാം സംവിധായകന്‍ ഡിജോ ചേട്ടന്‍ ഞാന്‍ ചിന്നുവിനെ അവതരിപ്പിക്കാന്‍ ആപ്റ്റ് ആണെന്നു പറഞ്ഞത്. അങ്ങനെ ഷൂട്ടിങ് തുടങ്ങുകയായിരുന്നു.

ഇത്ര ചെറുപ്പത്തിലേ നായികയായതിന്റെ സന്തോഷമുണ്ടോ? എന്തു തോന്നുന്നു?

ക്വീനിന്റെ ഓഡിഷന് ഒരുപാട് പേര്‍ വന്നിരുന്നു. അന്നു വന്ന എല്ലാവരുടെയും ആഗ്രഹമായിരുന്നു ആ റോള്‍. അങ്ങനെ ഒരു റോള്‍ എനിക്ക് കിട്ടിയതില്‍ ഞാന്‍ ഭാഗ്യവതിയാണ്. എവിടെ പോയാലും ഇപ്പോള്‍ ആളുകള്‍ എന്നെ ക്വീന്‍ എന്നു വിളിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ഒക്കെ മലയാളത്തിന്റെ ക്വീന്‍ എന്നൊക്കെയാണ് എന്നെ വിശേഷിപ്പിക്കുന്നത്. അതിലൊക്കെ വലിയ സന്തോഷമുണ്ട്, ക്വീന്‍ എന്ന ടാഗ് ലൈന്‍ കിട്ടിയിലുള്ള സന്തോഷം വേറെ.

സാനിയയ്ക്ക് കോളേജ് ലൈഫിന്റെ എക്‌സ്പീരിയന്‍സ് ഒന്നുമില്ലല്ലോ. ചിന്നുവിന്റെ റോള്‍ ചെയ്യാന്‍ എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തേണ്ടിവന്നോ?

തൃശ്ശൂര്‍ ജിസി കോളേജിലായിരുന്നു ഷൂട്ട്. അവിടുത്തെ കുട്ടികളുടെ ഭാഗത്തുനിന്നും നല്ല സപ്പോര്‍ട്ട് കിട്ടിയിരുന്നു. അതുകൊണ്ട് റോള്‍ എന്താണെന്നു പഠിക്കാന്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നില്ല.  ജിസി കോളേജിലുള്ളവരോട് കൂട്ടായപ്പോള്‍ തന്നെ അതൊക്കെ മനസിലായിത്തുടങ്ങിയിരുന്നു.

ചിന്നുവിനെ അവതരിപ്പിക്കുമ്പോള്‍ ഏതുഭാഗമാണ് ഏറ്റവും ബുദ്ധിമുട്ടായി തോന്നിയത്?

സിനിമയുടെ രണ്ടാം പകുതിയില്‍ എനിക്ക് ക്യാന്‍സര്‍ വരുന്നതു പോലൊക്കെയാണ്. അതേ സീന്‍ തന്നെയായിരുന്നു ഓഡിഷനില്‍ അവതരിപ്പിക്കാന്‍ പറഞ്ഞതും. ഈ സീന്‍ ചെയ്യാന്‍ എനിക്ക് ഭയങ്കര സങ്കടമായിരുന്നു.  ആ സീന്‍ ചെയ്യുമ്പോള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടു വേണം ചെയ്യാനെന്ന് ഡിജോ ചേട്ടനും ക്യൂവിലെ മറ്റുള്ളവരും പറഞ്ഞിരുന്നു. അതിന്റെ കൂടെ ഡള്‍ ആയിട്ടുള്ള മേക്ക് അപ്പും ലുക്കും ആയതോടെ ഞാന്‍ ഭയങ്കര ഡൌണ്‍ ആയി. ആ മൂഡ് ഒന്നു മാറാന്‍ ഒരുപാട് സമയമെടുത്തു. പക്ഷെ സിനിമയില്‍ ആ സീന്‍ നന്നായി വന്നിട്ടുണ്ടെന്നാണ് വിശ്വാസം.

അതുപോലെ കൂടെ ഉള്ളവരെല്ലാം എന്നെ വിട്ടിട്ടു പോകുന്ന ഒരു സീന്‍ ഉണ്ടായിരുന്നു. ആ സീന്‍ ചെയ്യാനും എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു.

ഷൂട്ടിങ് അനുഭവത്തെക്കുറിച്ച്

കുറേയേറെ ചേട്ടന്മാരുടെ ഇടയില്‍ ഞാന്‍ മാത്രമൊരു പെണ്‍കുട്ടി. എല്ലാവരെയും ഭരിച്ച്, അവരോട് അത് ചെയ്യ്, ഇത് ചെയ്യ് എന്നൊക്കെ പറഞ്ഞ് നടക്കുകയായിരുന്നു ഞാന്‍. ഒരിക്കല്‍ രാത്രി താമസിച്ച് നടന്ന ഒരു ഷൂട്ടിങില്‍ എല്‍ദോ ചേട്ടന് ഉറക്കപ്പിച്ചില്‍ സീന്‍ മാറിപ്പോയ ഒരു സംഭവമുണ്ടായി. അതുപോലെ കുറേ തമാശകള്‍ ഉണ്ടായിട്ടുണ്ട് ഷൂട്ടിങിനിടയില്‍.

ഒരു ഡാന്‍സറായ സാനിയയ്ക്ക് പറ്റിയ ഒരു പാട്ടുണ്ടല്ലോ ക്വീനില്‍. എങ്ങനെയുണ്ടാിരുന്നു സിനിമയ്ക്കുവേണ്ടി ഡാന്‍സ് ചെയ്ത അനുഭവം?

അയ്യോ, അത് ഭയങ്കര രസമായിരുന്നു. എനിക്ക് ഡാന്‍സ് അറിയാവുന്നതുകൊണ്ട് പെട്ടെന്ന് സ്‌റ്റെപ് ഒക്കെ പഠിച്ചിട്ട് മാറിയിരിക്കും. അപ്പൊ അവിടെ കഷ്ടപ്പെട്ട് സ്‌റ്റെപ് പഠിച്ചെടുക്കുന്ന ചേട്ടന്മാരെ കളിയാക്കുന്നതാണ് എന്റെ പരിപാടി.

ട്രെയിലറും ഷൂട്ടിങ് വീഡിയോയുമൊക്കെ ഇറങ്ങിയപ്പോള്‍ നല്ല റെസ്‌പോണ്‍സ് ആയിരുന്നല്ലോ. ഇപ്പോള്‍ സിനിമ റിലീസ് ആയപ്പോഴും വളരെ ആവേശത്തോടെ സ്വീകരിക്കപ്പെട്ടു. ഇത്ര വലിയൊരു വിജയം പ്രതീക്ഷിച്ചിരുന്നോ?

സിനിമ വിജയിക്കും എന്നൊരു വിശ്വാസം ഉള്ളിലുണ്ടായിരുന്നു. എന്നാല്‍ ആളുകള്‍ സിനിമ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. പക്ഷെ ഇത്ര വലിയൊരു വിജയം ഉണ്ടാകുമെന്നോ ആളുകള്‍ പിന്തുണയ്ക്കുമെന്നോ പ്രതീക്ഷിച്ചില്ല. അതിന് എല്ലാവരോടും നന്ദിയുണ്ട്. എന്നെ എല്ലാവരും സ്വീകരിക്കുമോ എന്നതായിരുന്നു സംശയം. കാരണം ട്രെയിലറിലൊന്നും ഞാന്‍ ഉണ്ടായിരുന്നില്ല. റിലീസിന് രണ്ടു മൂന്നൂ ദിവസം മുന്‍പ് പാട്ട് ഇറങ്ങിയപ്പോഴാണ് സിനിമയില്‍ ഞാന്‍ ഉണ്ടെന്ന് എല്ലാവരും അറിയുന്നത്. എന്തായാലും സിനിമയിലെ എന്റെ ക്യാരക്ടര്‍ എല്ലാവരും നന്നായി അക്‌സപ്റ്റ് ചെയ്തു. അപ്പൊ വല്യ സന്തോഷമായി.

സിനിമയുടെ ആദ്യപകുതിയിലും പിന്നീടുള്ള ഭാഗത്തും രണ്ടു വ്യത്യസ്ത മൂഡാണ്. ആദ്യ ഭാഗത്ത് ക്യാംപസിലെ തമാശകളും ആഘോഷങ്ങളും. രണ്ടാം പകുതി വളരെ സീരിയസാണ്. ഇതില്‍ ഏതു മൂഡാണ് ഇഷ്ടപ്പെട്ടത്?

എനിക്ക് രണ്ടും ഇഷ്ടമായി. രണ്ടാം ഭാഗത്ത് വലിയൊരു മെസേജ് ഉണ്ട്. എന്നാല്‍ ആദ്യ ഭാഗത്ത് പലരുടെയും കോളേജ് ഓര്‍മകള്‍ വീണ്ടും ഓര്‍ത്തെടുക്കാന്‍ ഒരു അവസരം കൊടുക്കുന്നുണ്ട്. എനിക്ക് കോളേജ് ലൈഫ് ഒന്നും തുടങ്ങിയിട്ടില്ല. എന്റെ ജീവിതത്തില്‍ വരാന്‍ പോകുന്ന ചെറിയൊരു ഭാഗം എങ്ങനെയായിരിക്കും എന്ന് സിനിമയുടെ ഫസ്റ്റ് ഹാഫ് പറഞ്ഞു തരുന്നുണ്ട്. 

സലിംകുമാറിനെയും വിജയരാഘവനെയും പോലെ വളരെ സീനിയര്‍ ആയിട്ടുള്ളവരും സിനിമയിലുണ്ട്. എങ്ങനെയുണ്ടായിരുന്നു അവരുടെ കൂടെയുള്ള എക്‌സ്പീരിയന്‍സ്?

സലിംകുമാര്‍ സാറിന്റെ കൂടെ എനിക്ക് കോമ്പിനേഷന്‍ സീന്‍ ഒന്നും ഉണ്ടായിരുന്നില്ല. വിജയരാഘവന്‍ സാറിന്റെ ഒപ്പം സീനുകള്‍ ഉണ്ടായിരുന്നു. സാര്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞുതന്നു. വേറൊരു സിനിമ കിട്ടുകയാണെങ്കില്‍ അതൊക്കെ അവിടെയും എനിക്ക് ഉപകാരപ്പെടും. അതുപോലെ ഡിജോ ചേട്ടനും ഒരുപാട് കാര്യങ്ങള്‍ പറഞ്ഞു തന്നു. അതൊക്കെ എനിക്ക് ഇനിയും ഉപകാരപ്പെടുന്ന കാര്യങ്ങളാണ്.

വളരെ പോസിറ്റീവ് എനര്‍ജി ഉള്ള കുട്ടിയാണ് ചിന്നു. സാനിയ എങ്ങനെയാ ചിന്നുവിനെപ്പോലെയാണോ?

ഞാന്‍ ചിന്നുവിന്റെ കാര്‍ബണ്‍ കോപ്പിയാണ്. ഞാന്‍ എങ്ങനെയാണോ അതുതെന്നെയാണ് ചിന്നു. ഒരു വ്യത്യാസവുമില്ല. ചിന്നു കുറച്ചുകൂടി മുതിര്‍ന്ന കുട്ടിയാണെന്നു മാത്രം. കുസൃതി ചിന്നുവിന് നന്നായിട്ടുണ്ട്, അതുപോലെ എനിക്കും. കളിയും ചിരിയുമൊക്കെ അതുപോലെതന്നെയാണ്. ഏറെ സങ്കടങ്ങള്‍ ഉള്ളിലുണ്ടെങ്കിലും പുറമെ സന്തോഷം കാണിക്കുന്ന പ്രകൃതം. ഷൂട്ടിങ് കഴിഞ്ഞ് സീക്വന്‍സ് കാണുമ്പോഴൊക്കെ ഞാന്‍ തന്നെയാണ് ചിന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒരു ഡാന്‍സറാണല്ലോ സാനിയ. ആരാണ് റോള്‍ മോഡല്‍?

എനിക്ക് ശോഭന മാമിനെ ഭയങ്കര ഇഷ്ടമാണ്. മാമിന്റെ മുന്‍പില്‍ ഞാന്‍ ഡാന്‍സ് ചെയ്തിട്ടുമുണ്ട്. മാധുരി ദീക്ഷിത് മാമിനെയും ഇഷ്ടമാണ്. മാമിന്റെ മുന്‍പിലും ഡാന്‍സ് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. അതുപോലെതന്നെ പ്രഭുദേവ സാര്‍നെയും. ഇവരെയൊക്കെ പോലെ ഡാന്‍സും അഭിനയവും ഒരുപോലെ കൊണ്ടുപോകണം എന്നാണ് എന്റെയും ആഗ്രഹം.

ഭാവിയെക്കുറിച്ച്

രണ്ടു മൂന്ന് പ്രൊജക്ടുകള്‍ വന്നിട്ടുണ്ട്. പത്താം ക്ലാസിലായതുകൊണ്ട് മൊത്തം സംശയത്തിലാണ്. പക്ഷെ നല്ല സിനിമകള്‍ വന്നാല്‍ വിട്ടുകളയില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com