ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ, തായ്‌ലന്‍ഡിലെ ആ ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ച് റോസിന്‍ ജോളി

ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ, തായ്‌ലന്‍ഡിലെ ആ ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ച് റോസിന്‍ ജോളി
ഇപ്പോള്‍ അതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ, തായ്‌ലന്‍ഡിലെ ആ ഞെട്ടിക്കുന്ന അനുഭവത്തെക്കുറിച്ച് റോസിന്‍ ജോളി

ഷ്യാനെറ്റിലെ 'ഡെയര്‍ ദി ഫിയര്‍' എന്ന പരിപാടിയിലാണ് പ്രേക്ഷകരെ മുഴുവന്‍ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവമുണ്ടായത്. 36 നിലകളുള്ള രണ്ടു കെട്ടിടത്തിന്റെ മുകളിലൂടെ വലിച്ചു കെട്ടിയ കയറില്‍, ഒരു ട്രപ്പീസ് കളിക്കാരിയുടെ ലാഘവത്തോടെ നടന്നു കയറി കാണികളെ അദ്ഭുതസ്തബ്ധരാക്കിയത് പ്രൊഫഷണലുകളാരുമായിരുന്നില്ല. മലയാളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി റോസിന്‍ ജോളിയായിരുന്നു അത്. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ, മത്സരത്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് കേരളജനതയ്ക്ക് മുഴുവന്‍ അഭിമാനമായി മാറിയാണ് റോസിന്‍ തന്റെ ടാസ്‌ക്ക് പൂര്‍ത്തിയാക്കിയത്. തായ്‌ലാന്റിലെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ച് നടന്ന ആ ഓര്‍മ്മകളിലൂടെ റോസിന്‍:

36 നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍ കയറി നോക്കുമ്പോള്‍ ഒന്നും തന്നെ കാണാമായിരുന്നില്ല. താഴെയൊരു സ്വിമ്മിങ് പൂള്‍. ദൂരെ മലകള്‍ കാണാം. കുറച്ചു ദൂരങ്ങള്‍ക്കപ്പുറം അനന്തമായ കടല്‍. എല്ലാം അവ്യക്തം. മത്സരമായിരുന്നതുകൊണ്ട് ഒരു സ്പിരിറ്റില്‍ ശ്രമിച്ചു നോക്കാമെന്നു മാത്രമേ കരുതിയുള്ളു. എത്രത്തോളം പോകുന്നു, അത്രത്തോളമെന്നായിരുന്നു കരുതിയത്. എന്നാല്‍ കയറിലേക്ക് കാലെടുത്തു വച്ചപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത ഒരു വികാരമായിരുന്നു. പേടി കാരണം മനസ്സ് കിടന്ന് പെരുമ്പറ കൊട്ടുന്നത് അറിയാം. എന്തു ചെയ്യണമെന്നറിയില്ല, പക്ഷേ, മുന്നോട്ടു പോകാന്‍ തന്നെ തീരുമാനിച്ചു.


പേടിക്കുമ്പോള്‍ സാധാരണ അടുത്തുള്ള ഒരാളെ കൂട്ടുപിടിക്കും, അല്ലെങ്കില്‍ നിലവിളിക്കുകയൊക്കെയാണ് സാധാരണ നമ്മള്‍ ചെയ്യുന്നത്. അതിനൊന്നും ഇവിടെ സാധ്യതയുണ്ടായിരുന്നില്ല. പെട്ടെന്നു തനിച്ചായതുപോലെയാണ് തോന്നിയത്. അപ്പോള്‍ ആരോടെങ്കിലും സംസാരിക്കണമെന്നു തോന്നി. ആരുമില്ലാത്തതുകൊണ്ട് തനിയെ സംസാരിച്ചു. കുഴപ്പമില്ല, ചെയ്യാന്‍ പറ്റും എന്നൊക്കെ ഉറക്കെ പറഞ്ഞു മനസ്സ്  ബലപ്പെടുത്തി മെല്ലെ ചുവടുകള്‍ വച്ചു. നല്ല കാറ്റായിരുന്നു അപ്പോള്‍. താഴേയ്ക്ക് വീഴുമോയെന്നായിരുന്നു പേടി. ഓരോ ചുവടും വെയ്ക്കുമ്പോള്‍ ഇതു കഴിയുമ്പോഴുള്ള സന്തോഷത്തെക്കുറിച്ചാണ് മനസ്സില്‍ പറഞ്ഞത്. കൈകളും കാലുകളും വിറയ്ക്കുന്നുണ്ടായിരുന്നു. കാറ്റ് അടിക്കുന്നതുകൊണ്ട് ഏതു നിമിഷവും കൈകളിലെ പിടുത്തം വിടുന്ന രീതിയിലായിരുന്നു. മുകളിലേക്ക് എത്തി കയറില്‍ പിടിക്കുന്നതുകൊണ്ട് കൈ നന്നായി വേദനിച്ചിരുന്നു. എന്നിട്ടും ഞാന്‍ മനസ്സിനെ ബോധ്യപ്പെടുത്തിക്കൊണ്ടേയിരുന്നു. എനിക്കു തന്നെ ഇന്‍സ്പിരേഷന്‍ കൊടുത്തു, മോട്ടിവേഷന്‍ കൊടുത്തു. എനിക്കിതു ചെയ്യാന്‍ പറ്റും എന്ന പോസിറ്റീവ് ഫീല്‍ ഉണ്ടാക്കി.


പറ്റില്ലായെന്നു മനസ്സില്‍ തോന്നിയിരുന്നെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ വീണുപോയേനെ. മൂന്നു ഫ്‌ലാഗാണ് സെലക്ട് ചെയ്യേണ്ടിയിരുന്നത്. ആദ്യത്തേത് പൂര്‍ത്തിയാക്കിയപ്പോള്‍ത്തന്നെ എനിക്ക് സാധിക്കുമെന്ന് തോന്നിയിരുന്നു. ഞാന്‍ താഴേയ്ക്കു നോക്കിയില്ല. പപ്പയും മമ്മിയും ഹസ്ബന്റുമായിരുന്നു മനസ്സില്‍. അവരുടെ സന്തോഷത്തിനുവേണ്ടിയാണ് ഞാന്‍ ഓരോ ചുവടും വെയ്ക്കുന്നതെന്നു മനസ്സില്‍ ഉരുവിട്ടു. ഏകദേശം നടുവില്‍ എത്തിയപ്പോഴാണ് കയറുകള്‍ തമ്മിലുള്ള അകലം വര്‍ദ്ധിച്ചത്. കാറ്റ് ശക്തമായി. കയറുകള്‍ ആടുന്നുണ്ട്. പലരും എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. പക്ഷേ, എനിക്കൊന്നും കേള്‍ക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല. എപ്പോള്‍ വേണമെങ്കിലും പിടിവിടുമെന്നു തോന്നിച്ചു. 

ഉയര്‍ത്തിപ്പിടിച്ച കൈകള്‍ക്ക് ബലം കുറയുന്നതുപോലെ, കഠിനമായ ബലം കൊടുത്തതു കൊണ്ട് കാലുകള്‍ തളരുന്നതുപോലെ. ശരീരമാകെ വലിഞ്ഞുമുറുകുന്നു. കാലുകള്‍ വിറച്ചു വേച്ചു പോയി. കൈവിടാന്‍പോലും തോന്നി. ആകപ്പാടെ തളര്‍ന്നു. മനസ്സിന്റെ പേടിയായിരുന്നു ആദ്യം. പിന്നെ അതു ശരീരത്തിന്റെ തളര്‍ച്ചയായി. ആ സമയത്ത് ഞാന്‍ വീണുപോകുമെന്ന് ഉറപ്പിച്ചു. ഇതു തീര്‍ത്താലുള്ള സന്തോഷം ഓര്‍ത്തുനോക്കിയപ്പോള്‍ മനസ്സിനു പിന്നെയും ധൈര്യം കൊടുത്തു. തന്നെയുമല്ല, ഇതൊരു മത്സരമാണെന്നും ഇതു പൂര്‍ത്തിയാക്കിയാലേ അടുത്ത സ്‌റ്റേജിലേക്കു പോകാന്‍ കഴിയുവെന്നുമുള്ളതുകൊണ്ടാവണം ഞാന്‍ സര്‍വ്വശക്തിയുമെടുത്തു കാലുകള്‍ നീട്ടിവച്ചു.
ആദ്യമായാണ് ഞാനൊരു റോപ്പ് വോക് നടത്തുന്നത്. ഓരോ ചുവടു വയ്ക്കുമ്പോഴും ഞാന്‍ പപ്പയെ ഓര്‍മ്മിച്ചു. കാരണം, ഞാന്‍ എക്‌സര്‍സൈസ് ചെയ്തു തളരുമ്പോള്‍ ഇനി പറ്റില്ല എന്ന സ്ഥിതിയില്‍ ഒരെണ്ണം പപ്പയ്ക്ക് വേണ്ടിയും ഒരെണ്ണം മമ്മിക്കു വേണ്ടിയും എന്ന രീതിയിലാണ് ഞാന്‍ ചെയ്തിരുന്നത്. അങ്ങനെ ചെയ്യുമ്പോള്‍ നമുക്കൊരു മോട്ടിവേഷന്‍ കിട്ടും. ഞാന്‍ ചെയ്യുന്നത് എന്റെ പപ്പയ്ക്കു വേണ്ടി എന്ന നിലയില്‍. ഓര്‍മ്മയില്‍ അതായിരുന്നു ആ സമയത്ത്. മുഴുവന്‍ പോകാന്‍ പറ്റുമെന്നല്ല. ഒരു അഞ്ച് സ്‌റ്റെപ്പ് വയ്ക്കാന്‍ കഴിഞ്ഞാല്‍ അത്രയുമായി എന്നായിരുന്നു ചിന്ത. അങ്ങനെ ആദ്യത്തെ രണ്ടു ഫ്‌ലാഗുകളും ഞാന്‍ ഊരിയെടുത്തു. രണ്ടു കൈകൊണ്ടു തന്നെ അവിടെ പിടിച്ചുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല, അപ്പോഴാണ് ഒരു കൈ വിട്ട്, നല്ല കാറ്റടിക്കുന്ന വേളയില്‍ ബാലന്‍സ് നഷ്ടപ്പെടാതെ നിന്ന് കൊടി ഊരിയെടുത്തത്. മൂന്നാമത്തെ ഫ്‌ലാഗിന് അടുത്തെത്തിയപ്പോള്‍ ബാലന്‍സ് ചെയ്തു നില്‍ക്കാനാണ് ശ്രമിച്ചത്. എന്തും വരട്ടെ, ഇതുവരെ വന്നില്ലേയെന്നു കരുതി അടുത്ത ചുവടു വയ്ക്കുമ്പോള്‍ 36 നിലകളുള്ള രണ്ടു കെട്ടിടത്തിന്റെ ഒത്ത മധ്യത്തിലായിരുന്നു ഞാന്‍.
ഇന്ന് എല്ലാവരും എന്നോടു ചോദിക്കാറുണ്ട് എങ്ങനെ അതു ചെയ്തു, പേടിയായില്ലേ എന്നൊക്കെ. ഇന്ന് അതിനെക്കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്കു തന്നെ പേടിയാവുന്നു. പോസിറ്റീവായി ചെയ്യാന്‍ പറ്റും എന്നു ഞാന്‍ പറഞ്ഞത് അവിടെ ഗുണം ചെയ്തു. 
അവിടെനിന്ന് ചാടാന്‍ പറഞ്ഞപ്പോള്‍ ശരിക്കും ഭയന്നുപോയി. അപ്പോഴാണ് ഞാന്‍ താഴേയ്ക്ക് നോക്കിയത്. എല്ലാ സുരക്ഷയും ഉണ്ടെങ്കിലും എങ്ങാനും കയറൊന്നു പൊട്ടിയാല്‍ പിന്നെ പൊടിപോലും ഉണ്ടാവില്ല. അതുകൊണ്ട് തന്നെ മനസ്സിലേക്ക് ഒരു അഗ്‌നിഗോളം പതിച്ചതു പോലെയായിരുന്നു. അങ്ങനെ ചാടുന്നതായിരുന്നു മാനസികമായി തളര്‍ത്തിയത്.  ഞാന്‍ തിരിച്ചു നടന്നുകൊള്ളാം, ചാടാന്‍ വയ്യെന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ, അവതാരകനായ ജിപി (ഗോവിന്ദ് പത്മസൂര്യ) അവിടെനിന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു. അതോടെ, രണ്ടും കല്‍പ്പിച്ച് കയറില്‍നിന്നും പിടിവിട്ടു. ധൈര്യമുണ്ടായിട്ടല്ല, അന്നേരത്തെ തോന്നലില്‍ അങ്ങനെ ചെയ്തു എന്നേയുള്ളു. എന്നെ സംബന്ധിച്ച്, അതു ജീവിതത്തിലെ ഏറ്റവും വലിയ ലൈഫ് ചെയ്ഞ്ചിങ് അനുഭവമെന്നേ പറയാനാവൂ. അതിനുശേഷം ലൈഫില്‍ കുറച്ചുകൂടി ആത്മവിശ്വാസം തോന്നിയിട്ടുണ്ട് ഇപ്പോള്‍. വാസ്തവത്തില്‍ സാഹസികത ഇഷ്ടപ്പെട്ടു തുടങ്ങിയെന്നു പറയാം.


ഇറങ്ങിവന്നതിനു ശേഷം ഞാന്‍ കരയുകയായിരുന്നു. എന്നെക്കൊണ്ട് അതിനു കഴിഞ്ഞല്ലോ എന്നോര്‍ത്തപ്പോള്‍, ആ നിമിഷത്തെ അതിജീവിച്ചല്ലോ എന്നോര്‍ത്തപ്പോള്‍ നിയന്ത്രിക്കാനേ കഴിഞ്ഞില്ല. അതുവരെ മനസ്സിനു നല്‍കിയ ബലമൊക്കെ കണ്ണുനീരായി പെയ്തിറങ്ങിയെന്നു പറയാം. അതുകഴിഞ്ഞ് ചാനലില്‍ പരിപാടി സംപ്രേഷണം ചെയ്തതിനു ശേഷമാണ് ജനങ്ങളുടെ പ്രതികരണമുണ്ടായത്. പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഭര്‍ത്താവ് ഉള്‍പ്പെടെ എന്റെ കുടുംബാംഗങ്ങളെല്ലാം കരയുന്നതു കണ്ടു. അപ്പോഴാണ് ചെയ്തതിന്റെ വ്യാപ്തി എനിക്കു ബോധ്യപ്പെട്ടതും അദ്ഭുതപ്പെട്ടതും. ഞാനെന്ന വ്യക്തിക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ പറ്റുമെന്നു തിരിച്ചറിഞ്ഞതും അപ്പോഴാണ്. ഡാന്‍സും അവതരണവും അഭിനയവുമൊക്കെയായി നടക്കുമ്പോഴാണ് ഇതൊക്കെ എനിക്കു ചെയ്യാന്‍ പറ്റിയത്. ടാസ്‌ക്കിന്റെ ഭാഗമായി പാമ്പിനെ തൊടുന്നതും പുഴുവിനെ തിന്നുന്നതും 36 നിലകളുള്ള കെട്ടിടത്തിന്റെ മുകളിലൂടെ നടന്നതുമൊക്കെ ഓര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാണ്. മറ്റു സ്ത്രീകളില്‍ നിന്നൊക്കെ വ്യത്യസ്തയാണ് ഞാനെന്നു തോന്നാറുണ്ട്. അതിന്റെ സ്വകാര്യമായ സന്തോഷവുമുണ്ട്.

ജീവിതത്തില്‍ വളരെ സിംപിളാണ് ഞാന്‍. എനിക്കു ചെയ്യാന്‍ പറ്റുമെങ്കില്‍ തീര്‍ച്ചയായും കേരളത്തിലെ ഏതൊരു സ്ത്രീക്കും ഇതൊക്കെ ചെയ്യാനാവും. സാധാരണ പെണ്‍കുട്ടികളെപ്പോലെ പഠനവുമൊക്കെയായി നടന്നയൊരാളാണ് ഞാനും. ഇതിനുവേണ്ടി യാതൊരു പരിശീലനവും നടത്തിയിട്ടില്ല. മനസ്സിന്റെ ഒരു ധൈര്യം മാത്രമാണിത്. 

പട്ടിയേയും പശുവിനേയും പേടി, ചെറിയ പ്രശ്‌നമുണ്ടായാല്‍പ്പോലും കരയുന്ന കുട്ടി

ജനിച്ചതും വളര്‍ന്നതുമൊക്കെ ബാംഗ്ലൂരിലാണെങ്കിലും നന്നായി മലയാളം പറയുകയും ഗ്രാമീണ ശാലീനതയോടെയുള്ള നിഷ്‌കളങ്കതയും നിറഞ്ഞ മുഖമാണ് റോസിന്‍ ജോളിയുടെ പ്രത്യേകത. 36 നിലകളുള്ള കെട്ടിടത്തിന്റെ മുകളില്‍നിന്നു ചാടിയെങ്കിലും റോസിന്‍ പറയും, എനിക്ക് പട്ടിയേയും പശുവിനേയുമൊക്കെ പേടിയാണ്. ചെറിയ കാര്യങ്ങളില്‍പ്പോലും വല്ലാതെ കരയും. ഞാന്‍ ഒരു സാധാരണ പെണ്‍കുട്ടി തന്നെ. കേരളമെങ്ങും ആരാധകരുള്ള റോസിന്‍ ജീവിതത്തെക്കുറിച്ച് സംസാരിക്കുന്നു.

സിനിമകളുടെ തിരക്ക്

ബിനു എസ്. സംവിധാനം ചെയ്യുന്ന 'കാമുകി' എന്ന സിനിമയുടെ ഷൂട്ടിങ് തീര്‍ത്തു. ബോബന്‍ സാമുവലിന്റെ 'വികടകുമാരന്‍' എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നു. പുറമേ, ഒന്നുരണ്ടു സിനിമകളുടെ പ്രൊജക്ടും ഡിസ്‌ക്കഷനിലാണ്. ആംഗറിങ്ങും മോഡലിങ്ങും ഒപ്പം നടക്കുന്നു. ചെറുപ്പം മുതല്‍ക്കേ ഡാന്‍സ് പഠിച്ചിരുന്നു. കര്‍ണ്ണാട്ടിക്ക് സംഗീതവും നൃത്തവുമൊക്കെയായി പതിനഞ്ചു വര്‍ഷത്തോളം സജീവമായിരുന്നു. പപ്പയുടെ ഒരു സുഹൃത്ത് വഴി ഒരു മ്യൂസിക്ക് ആല്‍ബം  'താമരക്കണ്ണന്‍' ചെയ്തു. അതില്‍നിന്നാണ് ടിവിയിലേക്ക് വരുന്നത്. പിന്നെ, ചാനലുകളില്‍ സജീവമായി.
'ബാങ്കോക്ക് സമ്മര്‍' ആണ് എന്റെ ആദ്യ സിനിമ. ഉണ്ണി മുകുന്ദന്‍, രാഹുല്‍നാഥ് എന്നിവരോടൊപ്പം അഭിനയിച്ച ചിത്രമാണത്. അവരുടെയും ആദ്യ ചിത്രമായിരുന്നു അത്. സൂര്യാ ടിവിയില്‍ അവതാരികയായി പരിപാടികള്‍ അവതരിപ്പിക്കുമ്പോഴാണ് റിയാലിറ്റി ഷോ ആയ മലയാളി ഹൗസിലേക്കുള്ള വരവ്. തുടര്‍ച്ചയായി അടച്ചിട്ട വീട്ടില്‍ മത്സരാര്‍ത്ഥിയായി കഴിയണമെന്നു പറഞ്ഞപ്പോള്‍ വേണ്ടെന്നു തോന്നി. പിന്നെ തുടരെ വിളി വന്നപ്പോള്‍ ചെയ്തു നോക്കാമെന്നു കരുതി. മത്സരമായതുകൊണ്ട് ആദ്യം തന്നെ പുറത്തായി പോരാമെന്നായിരുന്നു കരുതിയത്. എന്നാല്‍, അതു നടന്നില്ല. ശരിക്കും ഇതില്‍ അഭിനയിച്ചതോടെയാണ് അറിയപ്പെട്ടു തുടങ്ങിയത്. അവിടെനിന്നുള്ള സൗഹൃദങ്ങള്‍ ഇപ്പോഴും സൂക്ഷിക്കുന്നു. സിന്ധു ജോയി, സന്തോഷ്  പണ്ഡിറ്റ്, ഫാഷന്‍ കോറിയോഗ്രാഫര്‍ ഡാലു കൃഷ്ണദാസ് എന്നിവരുമായി ഇപ്പോഴും ബന്ധമുണ്ട്. രാഹുല്‍ ഈശ്വറുമായി അങ്ങനെ ബന്ധമൊന്നുമില്ല. 
സന്തോഷ്  പണ്ഡിറ്റുമായും സൗഹൃദം
സന്തോഷ് പണ്ഡിറ്റ്ജി ആറുമാസത്തില്‍ രണ്ടു തവണയെങ്കിലും വിളിക്കും. നല്ല മനുഷ്യനാണ്. സന്തോഷ് പണ്ഡിറ്റിനെക്കുറിച്ച് ആള്‍ക്കാര്‍ക്ക് എപ്പോഴും ഒരു നെഗറ്റീവ് ഫീലിങ് ആണുള്ളത്. അദ്ദേഹം കാണിക്കുന്ന അഗ്രസ്സീവ്‌നെസും സംസാരരീതിയുമെല്ലാം എപ്പോഴും വിവാദത്തിലെത്താറുണ്ട്. എന്നാല്‍ ഒരു മനുഷ്യജീവി എന്ന നിലയില്‍ പറയട്ടെ, മനുഷ്യരുടെ സങ്കടങ്ങളും വിഷമങ്ങളും മനസ്സിലാക്കാനും എനിക്ക് നല്ല വാക്കുകള്‍ പറഞ്ഞിട്ടുള്ളതും പിന്തുണച്ചിട്ടുള്ളതുമായ നല്ല വ്യക്തിയാണ് അദ്ദേഹം. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും സന്തോഷ് പണ്ഡിറ്റിനെ ഞാന്‍ അടുത്തറിഞ്ഞിട്ടുള്ളതാണ്. അതിനേക്കാള്‍ കൗശലബുദ്ധിയും കുശാഗ്രതോടും കൂടി പെരുമാറുന്ന ഒരുപാടുപേര്‍ അന്നു മലയാളി ഹൗസില്‍ വേറെ ഉണ്ടായിരുന്നു. ഫിലിം പബ്ലിസിറ്റിക്കുവേണ്ടി അദ്ദേഹം ടിവിയിലും മീഡിയയിലുമൊക്കെ ഇങ്ങനെ പെരുമാറുന്നുവെന്നേ എനിക്ക് തോന്നിയിട്ടുള്ളു. മറ്റൊരു തമാശ, സന്തോഷ് പണ്ഡിറ്റിന്റെ സിനിമയില്‍ ഹീറോയിനായി പോകുമോയെന്ന് അദ്ദേഹം തന്നെ എന്നോടു ചോദിച്ചിട്ടുള്ളതാണ്. നല്ലൊരു മനുഷ്യസ്‌നേഹിയാണെന്നു വച്ച് അദ്ദേഹത്തിന്റെ ഒരു ചിത്രത്തില്‍ എനിക്ക് അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ ആക്ടീവല്ല

സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ആക്ടീവ് അല്ലെന്നുതന്നെ പറയാം. മലയാളി ഹൗസില്‍ നിന്നും വരുമ്പോള്‍ ഇരുപതോളം ഫേയ്ക്ക് പ്രൊഫൈല്‍ പേജുകളുണ്ടായിരുന്നു എന്റെ പേരില്‍. അതിനു പുറമേ ചില ഫാന്‍ പേജുകളും. പലപ്പോഴും മറ്റുള്ളവരുമായി സംസാരിക്കുമ്പോള്‍ എന്റെ കൂടെ ചാറ്റ് ചെയ്തത് ഓര്‍മ്മയില്ലേ എന്നൊക്കെ ചോദിക്കാന്‍ തുടങ്ങിയപ്പോള്‍ പന്തികേട് തോന്നി. അങ്ങനെയാണ് എന്റേതായി ഒരു വേരിഫൈഡ് പേജ് വേണമെന്നു തോന്നിയത്. എന്റെ സുരക്ഷിതത്വത്തിനും അതായിരുന്നു നല്ലത്. അങ്ങനെ ഒരു ഫേസ്ബുക്ക് പേജ് സ്വന്തമായി തുടങ്ങി. എന്നാല്‍ ഭയങ്കര ആക്ടീവ് ഒന്നുമല്ല. സ്റ്റണ്ട് റിയാലിറ്റി ഷോ തുടങ്ങിയതോടെ അതില്‍ അത്തരം കാര്യങ്ങളൊക്കെ പോസ്റ്റ് ചെയ്യും. ഇന്‍സ്റ്റാഗ്രാം, ട്വിറ്ററുമെല്ലാം ഞാന്‍ വേരിഫൈഡ് ചെയ്തിട്ടുണ്ട്. നാളെ ഒരു പ്രശ്‌നമാകാതിരിക്കാന്‍ വേണ്ടിയാണിത്.

സോഷ്യല്‍ മീഡിയയുടെ ഇര

അതൊരു വല്ലാത്ത ഓര്‍മ്മയാണ്. എന്റെ പേരില്‍ ചില നഗ്‌നചിത്രങ്ങള്‍ പ്രചരിക്കുന്നുവെന്ന് ആദ്യം വിളിച്ചു പറഞ്ഞത് എന്റെ മമ്മിയായിരുന്നു. ഫേസ്ബുക്കിലെ എന്റെ പേജിലെ കുറച്ചാളുകള്‍ ഇക്കാര്യം എന്നെ അറിയിച്ചിരുന്നു. അവരോട് നിരന്തരം ആവശ്യപ്പെട്ടതിനു ശേഷമാണ് ആ ചിത്രങ്ങള്‍ അവരെനിക്ക് അയച്ചുതന്നത്. നേരില്‍ കണ്ടപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി. ശരിക്കും കുടുംബത്തിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ തിരിച്ചുവരില്ലായിരുന്നു. എന്റെ ഭര്‍ത്താവിന്റെ പിന്തുണ ഇക്കാര്യത്തില്‍ പ്രത്യേകം പറയേണ്ടതാണ്. എല്ലാവരേയും വിശ്വസിപ്പിക്കുകയെന്നതായിരുന്നു പ്രയാസം. കുറച്ചുപേരെങ്കിലും അതു സത്യമല്ലെന്നു വിശ്വസിക്കുമെന്ന് അറിയാമായിരുന്നുവെങ്കിലും ചിലരെ തിരുത്താന്‍ നമുക്കാവില്ലല്ലോ. അതു കൊണ്ട് ഇക്കാര്യത്തില്‍ എന്റേതായൊരു വിശദീകരണം  വേണമെന്ന് കരുതി ഞാന്‍ തന്നെ ഫേസ്ബുക്കിലിട്ടു. എന്നാലും പെട്ടെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോഴും വിഷമം തോന്നും.

ഈശ്വരവിശ്വാസിയാണോ?

ഭയങ്കര ഈശ്വരവിശ്വാസിയാണ്. അതിനു കാരണം, ഞാന്‍ ഭയങ്കര സെന്റിമെന്റലാണ്. മനസ്സ് വേദനിച്ചാല്‍ എളുപ്പം കരയും. പലരും വിചാരിക്കുന്നത് അതൊരു അഭിനയമാണ് എന്നൊക്കെയാണ്. പക്ഷേ, അതു ഹൈലി ഇമോഷണലാണ്. എനിക്ക് തിരിച്ചു പറയാനോ ഒന്നും ചെയ്യാനോ പറ്റാത്ത അവസ്ഥ വരുമ്പോള്‍ ദൈവം നോക്കിക്കൊള്ളുമെന്നാണ് എന്റെയൊരു വിചാരം. അതുകൊണ്ടുതന്നെ എന്റേതായ വിശ്വാസമുണ്ട്. ഞാനായി വിശ്വസിക്കുന്ന പള്ളിയുണ്ട്. ഇടയ്ക്കിടെ അവിടെ പോകാറുണ്ട്.

ആരാകാനായിരുന്നു ആഗ്രഹം?

െ്രെകസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍നിന്നും എച്ച്.ആറില്‍ എം.ബി.എ കഴിഞ്ഞതാണ്. അവിടെ നിന്നു വിപ്രോയിലേക്ക് കോള്‍ ലെറ്റര്‍ വന്നിരുന്നു. സിനിമചാനല്‍ ഫീല്‍ഡിലേക്കു വന്നില്ലായിരുന്നുവെങ്കില്‍ വിപ്രോയില്‍ തന്നെ നിന്നേനെ. അല്ലെങ്കില്‍ പല കമ്പനികളിലേയും എച്ച്.ആര്‍ പോസ്റ്റില്‍ ഇപ്പോള്‍ ഇങ്ങനെ കണ്ടേനെ.

ഫാഷന്‍

വലിയൊരു ഫാഷന്‍ പ്രേമിയല്ല. കൂടുതലും ശരീരത്തിന് ഇണങ്ങുന്നതാണ് ധരിക്കുന്നത്. ഒരുപാട് ഫാഷന്‍ ഒന്നും ഫോളോ ചെയ്യുന്നുമില്ല. എന്നാല്‍ ഷൂട്ടിങ്ങിന്റെ ആവശ്യത്തിനനുസരിച്ച് ഫാഷനബിള്‍ ആകാറുണ്ടെന്നു മാത്രം. മൂഡ് അനുസരിച്ചാണ് വസ്ത്രധാരണം. ജനിച്ചതും ജീവിച്ചതും ഇപ്പോള്‍ കഴിയുന്നതുമൊക്കെ ബാംഗ്ലൂരായതുകൊണ്ടുതന്നെ ഡ്രസ്സിങ്ങിന്റെ കാര്യത്തില്‍ അല്‍പ്പം മോഡേണ്‍ ആയാലും കുഴപ്പമില്ലെന്നാണ് ധാരണ. എന്നാല്‍ ആദ്യമായി നാട്ടില്‍ വന്നപ്പോള്‍ എനിക്ക് തോന്നി ഇവിടുത്തെ രീതികളൊക്കെ വ്യത്യസ്തമാണെന്ന്. 

ഫിറ്റ്‌നെസ്

ചെറുപ്പത്തില്‍ നന്നായി നൃത്തം അഭ്യസിച്ചിരുന്നു. പിന്നെ, ബാഡ്മിന്റണ്‍ കളിക്കും. സഹോദരന്‍ പ്രകാശ് ഇന്ത്യന്‍ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. ആ ബാഡ്മിന്റണ്‍ ജ്വരം എനിക്കും ഗുണം ചെയ്തിട്ടുണ്ട്. എന്നാല്‍ സ്ഥിരമായി ഒന്നും ചെയ്യാറില്ല. സമയം കിട്ടുമ്പോള്‍ ചെറുതായി ഫ്‌ലോര്‍ എക്‌സര്‍സൈസുകള്‍ ചെയ്യും. രണ്ടു വര്‍ഷം മുന്നേ വരെ ആക്ടീവായി വര്‍ക്കൗട്ട് ചെയ്യുമായിരുന്നു. ഇപ്പോള്‍ വിവാഹമൊക്കെ കഴിഞ്ഞതുകൊണ്ട് അത്രയ്‌ക്കൊന്നുമില്ല.

ഭക്ഷണം

ഭക്ഷണം കഴിക്കാന്‍ വലിയ ഇഷ്ടമാണ്. നോണ്‍ വെജാണ്  കൂടുതല്‍ താല്‍പ്പര്യം. എല്ലാമൊന്നും കഴിക്കില്ല. ചിക്കന്‍ ഇഷ്ടമാണെങ്കിലും പോര്‍ക്ക്, മട്ടന്‍ പോലുള്ളതൊന്നും കഴിക്കില്ല. പലയിടത്തു പോയാലും അവിടെനിന്നുള്ളതൊക്കെ വാങ്ങി കഴിക്കണമെന്ന ആഗ്രഹമൊന്നുമില്ല. വയറിനു പറ്റുന്നതു മാത്രം കഴിക്കുക, അത്രമാത്രം.  മീന്‍ ആണെങ്കില്‍ വറുത്തതേ കഴിക്കൂ. ഭക്ഷണം തനിയെ പാചകം ചെയ്യും. സമയമുള്ളപ്പോള്‍ അടുക്കളയില്‍ കയറാനും മടിയില്ല. യുട്യൂബ് ഒക്കെ നോക്കി പല വെറൈറ്റികള്‍ക്കു ശ്രമിക്കും. കുഴപ്പങ്ങളൊന്നും ഇതുവരെ ആരും പറഞ്ഞിട്ടില്ല. 

സൗഹൃദങ്ങള്‍

എനിക്കങ്ങനെ സൗഹൃദങ്ങള്‍ വളരെ കുറവാണ്. ബെസ്റ്റ് ഫ്രണ്ട് എന്നോ ക്ലോസ് ഫ്രണ്ട് എന്നോ പറയാന്‍ പറ്റിയതായി ആരെയും കിട്ടിയിട്ടില്ല. സിനിമയിലായാലും ജീവിതത്തിലായാലും. സ്റ്റണ്ട് റിലായിറ്റി ഷോ കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്തിനെ കിട്ടി, ദില്‍ഷ (ഡി 4 ഡാന്‍സ് മത്സര വിജയി ദില്‍ഷ പ്രസന്നന്‍). ഞങ്ങള്‍ക്കൊപ്പം മത്സരാര്‍ത്ഥിയായിരുന്നു ദില്‍ഷയും. ഷോ കഴിഞ്ഞതോടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. ഇത്രയും കാലം ഈ ഫീല്‍ഡില്‍ ഉണ്ടായിട്ടും എനിക്ക് ആത്മാര്‍ത്ഥമെന്നു പറയാവുന്ന ഒരു സുഹൃത്തിനെ കിട്ടിയത് ഇപ്പോഴാണ്.

പേടിയുള്ളത്

സ്റ്റണ്ട് റിയാലിറ്റി ഷോയൊക്കെ കാണുമ്പോള്‍ ഒന്നിനേയും പേടിയില്ലെന്നൊക്കെയാണ് ആളുകളുടെ ധാരണ. എന്നാല്‍, ശരിക്കും ഒരു തമാശയുണ്ട്. ഇപ്പോഴും എനിക്ക് പട്ടിയേയും പശുവിനേയും പേടിയാണ്. അതാണെങ്കില്‍ എല്ലായിടത്തുമുണ്ടുതാനും. ഏതെങ്കിലും വീട്ടില്‍ ചെന്നാല്‍ അവിടുത്തെ പട്ടിയൊന്നു കുരച്ചാല്‍ മതി, നല്ല ജീവന്‍ പോകും. അതു കാണുമ്പോള്‍ പാമ്പിനേയും പഴുതാരയേയും തേളിനേയും മാത്രമേ പേടിയില്ലാത്തതായുള്ളു അല്ലേ എന്നാണ് അവരുടെയൊക്കെ ചോദ്യം. 36 നിലയുടെ മുകളില്‍നിന്നു ചാടിയെങ്കിലും പുഴുവിനെ തിന്നെങ്കിലും ഈ പേടി മാത്രം പോയിട്ടില്ലെന്നത് മറ്റൊരു തമാശ.

ചാനലുകളില്‍ സജീവം

കൗമുദി ടിവിയില്‍ സ്വയംവരം എന്ന പരിപാടി ചെയ്യുന്നുണ്ട്. ഏഷ്യാനെറ്റില്‍ ടേസ്റ്റ് ടൈം. ഫ്‌ലവേഴ്‌സ്  ചാനലില്‍ ഠമാര്‍ പഠാര്‍ എന്നീ ഷോകള്‍ ചെയ്യുന്നുണ്ട്. 

ഫാമിലി

കുടുംബം ബാംഗ്ലൂരിലാണ്. ഭര്‍ത്താവ് സുനില്‍ പി. തോമസ് ബാംഗ്ലൂരില്‍ ഐടി കമ്പനി നടത്തുകയാണ്.  ജോളി, ജെസ്സി എന്നിവരാണ് മാതാപിതാക്കള്‍. സഹോദരന്‍: പ്രകാശ് ജോളി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com