നടിയായി അറിയപ്പെടേണ്ട, എങ്കിലും അഭിനയം തുടരും: ദിവ്യ അയ്യര്‍; ദിവ്യയുടെ അഭിനയത്തിന് നൂറു മാര്‍ക്കെന്ന് ശബരിനാഥന്‍

നടിയായി അറിയപ്പെടേണ്ട, എങ്കിലും അഭിനയം തുടരും: ദിവ്യ അയ്യര്‍; ദിവ്യയുടെ അഭിനയത്തിന് നൂറു മാര്‍ക്കെന്ന് ശബരിനാഥന്‍
നടിയായി അറിയപ്പെടേണ്ട, എങ്കിലും അഭിനയം തുടരും: ദിവ്യ അയ്യര്‍; ദിവ്യയുടെ അഭിനയത്തിന് നൂറു മാര്‍ക്കെന്ന് ശബരിനാഥന്‍

സെലിബ്രിറ്റി സബ് കളക്ടറാണ് ഡോ. ദിവ്യ. അരുവിക്കര എം.എല്‍.എ ശബരീനാഥിന്റെ പ്രിയപത്‌നി. പാട്ടും നൃത്തവും പ്രസംഗവുമൊക്കെയായി അരങ്ങ് കീഴടക്കിയവള്‍. ഔദ്യോഗിക തിരക്കുകള്‍ക്കിടയില്‍ പോയവര്‍ഷം ദിവ്യ വലിയൊരു ആഗ്രഹം കൂടി പൂര്‍ത്തീകരിച്ചു. സിനിമയില്‍ അഭിനയിക്കുകയെന്നതായിരുന്നു മോഹം. അങ്ങനെ സിനിമയില്‍ നല്ലൊരു വേഷം കിട്ടി. രണ്ടാമതൊന്ന് ആലോചിച്ചില്ല. ആക്ഷന്‍ കട്ട് പറയുന്നതിനിടയ്ക്കുള്ള മുഹൂര്‍ത്തത്തില്‍ തകര്‍ത്ത് അഭിനയിച്ചു. അത് അഭിനയമായിരുന്നില്ല, ജീവിതമായിരുന്നുവെന്ന് ദിവ്യ തന്നെ പറയുന്നു.

തിരുവനന്തപുരം സബ് കളക്ടറാണ് ഡോ. ദിവ്യ എസ്. അയ്യര്‍ ഇപ്പോള്‍. കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കവേയാണ് സിനിമയില്‍ മുഖം കാണിച്ചത്. ബെന്നി ആശംസ സംവിധാനം ചെയ്ത 'ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസി'ല്‍ കന്യാസ്ത്രീയുടെ വേഷത്തിലാണ് ദിവ്യ എത്തിയത്. ചിത്രം റിലീസായി, പോസ്റ്ററുകളില്‍ മുഖം കണ്ടപ്പോഴാണ് പലരും ദിവ്യ സിനിമയില്‍ അഭിനയിച്ച കാര്യം തന്നെ അറിയുന്നത്. സന്തോഷം പങ്കുവച്ചു പലരും വിളിച്ചു. അതിനിടയില്‍ സിനിമാ വിശേഷങ്ങളും കുടുംബവിശേഷങ്ങളും വായനക്കാര്‍ക്കൊപ്പം പങ്കിടാനും ദിവ്യ സമയം കണ്ടെത്തി.

* അഭിനയരംഗത്തേക്ക്

സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത് കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കുമ്പോഴാണ്. മുതിര്‍ന്ന പൗരന്മാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്ന ചിത്രമാണിത്. കഥ കേട്ടപ്പോള്‍ത്തന്നെ വാണിജ്യസിനിമ എന്നതിലുപരി സമൂഹത്തിനു നല്ലൊരു സന്ദേശം നല്‍കുന്ന സിനിമയാണിതെന്ന് തോന്നി. അതുകൊണ്ടാണ് അഭിനയിച്ചത്. ഇപ്പോള്‍ സീനിയര്‍ സിറ്റിസണ്‍ െ്രെടബ്യൂണലിന്റെ പ്രിസൈഡിംഗ് ഓഫീസര്‍ കൂടിയാണ് ഞാന്‍. അതുകൊണ്ടുതന്നെ ദിവസവും ഇവരുടെ പ്രശ്‌നങ്ങള്‍ കേട്ടുകൊണ്ടിരിക്കുകയാണ്.

* കഥാപാത്രം

ഒരു വൃദ്ധസദനം നടത്തുന്ന കന്യാസ്ത്രീയുടെ വേഷത്തിലാണ് ഞാനെത്തുന്നത്. ലളിതച്ചേച്ചി (കെ.പി.എ.സി. ലളിത) അവതരിപ്പിക്കുന്ന ഏലിയാമ്മച്ചി എന്ന കഥാപാത്രത്തിലൂടെയുള്ള യാത്രയാണ് ഈ സിനിമ. ചേര്‍ത്തലയിലുള്ള ഒരു ഓള്‍ഡ് ഏജ് ഹോമിലായിരുന്നു ചിത്രീകരണം. അതുകൊണ്ട് അവിടത്തെ അന്തേവാസികളുടെ ജീവിതാനുഭവങ്ങളൈക്കുറിച്ച് അടുത്തറിയാന്‍ കഴിഞ്ഞു. മാത്രമല്ല, ലളിതച്ചേച്ചിക്കും മധുസാറിനുമൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതുതന്നെ വലിയ ഭാഗ്യം. 

* മഠത്തിലേക്ക്

അച്ഛന്‍ മറ്റൊരു വിവാഹം കഴിച്ചശേഷം ആദ്യവിവാഹത്തിലെ മകളായ എന്നെ മഠത്തിലേക്ക് അയയ്ക്കുന്നു. കന്യാസ്ത്രീ ആയ ശേഷം സമൂഹത്തിന് എന്തെങ്കിലും നന്മ ചെയ്യണം എന്നു തീരുമാനിക്കുകയും ഒരു വൃദ്ധസദനം ഏറ്റെടുത്ത് നടത്തുകയും ചെയ്യുന്നു. അവിടത്തെ അന്തേവാസിയായ ഏലിയാമ്മച്ചിയെ സ്വന്തം അമ്മയായി കാണുന്നു. പിന്നീട് ഇവര്‍ തമ്മിലുള്ള ബന്ധത്തിലൂടെ കഥ മുന്നോട്ടു നീങ്ങുന്നു. അവര്‍ തിരിച്ചും എന്നെ സ്വന്തം മകളായി കാണുന്നു. മക്കളുണ്ടെങ്കിലും വാര്‍ധക്യത്തില്‍ ഏലിയാമ്മച്ചിയെ നോക്കാന്‍ ആരുമുണ്ടായിരുന്നില്ല. 

* ചിത്രീകരണം

ഒരു സിനിമയ്ക്കു പിന്നില്‍ ഇത്രയേറെ പ്രയത്‌നമുണ്ടെന്നു മനസ്സിലായത് ഇപ്പോഴാണ്. ഡബ്ബിംഗും ഞാന്‍ തന്നെയാണ് ചെയ്തത്. അതും വലിയൊരു അനുഭവമായി. 

* കലാകാരി

സംഗീതവും നൃത്തവും കുഞ്ഞുനാള്‍മുതല്‍ പഠിക്കുന്നു. സംഗീതവും നൃത്തവും ഇപ്പോഴും പരിശീലിക്കുന്നുണ്ട്. സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തു സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. അഭിനയത്തോട് അന്നുതൊട്ടേ താല്‍പ്പര്യമുണ്ടായിരുന്നു. പനച്ചിക്കാട് നവരാത്രി മഹോത്സവത്തില്‍ കച്ചേരി നടത്തിയിരുന്നു. സര്‍ക്കാരിന്റെ സാംസ്‌കാരിക പരിപാടിയായ സുവര്‍ണ്ണം 2016 കോട്ടയത്ത് നടന്നപ്പോള്‍ ഭരതനാട്യവും അവതരിപ്പിച്ചു. അവസരം കിട്ടിയാല്‍ ഇനിയും സംഗീതനൃത്തപരിപാടികള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

* അഭിനയരംഗത്ത് തുടരും

സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകളില്‍ അവസരം ലഭിച്ചാല്‍ ഇനിയും ചെയ്യണമെന്നുണ്ട്. ഞാന്‍ ചെയ്യുന്ന ഉദ്യോഗത്തിന് കൈത്താങ്ങാകുന്ന തരത്തിലുള്ള സിനിമകളില്‍ അഭിനയിക്കും. നടിയായി അറിയപ്പെടാന്‍ വേണ്ടി മാത്രം അഭിനയിക്കാനില്ല.

* ദാമ്പത്യം

ദാമ്പത്യം സന്തോഷകരമായി മുന്നോട്ടുപോകുന്നു. എല്ലാം മറ്റൊരു വ്യക്തിയുമായി പങ്കുവയ്ക്കപ്പെടുന്നു എന്നത് പുതിയൊരനുഭവമാണ്. നേരത്തെ ഇത്തിരി സീരിയസ്സായ ആളായിരുന്നു ഞാന്‍. വിവാഹശേഷം ഇത്തിരി നര്‍മ്മബോധമൊക്കെ വന്നു എന്നു തോന്നുന്നു. 

* പ്രതിപക്ഷ എം.എല്‍.എയുടെ ഭാര്യ

സ്വകാര്യ ജീവിതവും ഔദ്യോഗിക ജീവിതവും തമ്മില്‍ കടന്നുകയറ്റമുണ്ടാകരുതെന്ന് നേരത്തേതന്നെ ഞങ്ങള്‍ ധാരണയിലെത്തിയിരുന്നു. അതു പാലിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുമുണ്ട്. നിയമപാലക എന്ന നിലയില്‍ ഏതു പാര്‍ട്ടി എന്ന് ഞാന്‍ നോക്കാറില്ല. മുന്‍പും ഇപ്പോഴും അങ്ങനെതന്നെയായിരുന്നു. പ്രതിപക്ഷ എം.എല്‍.എയുടെ ഭാര്യ എന്നതുകൊണ്ടു സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വിവേചനമൊന്നും ഉണ്ടായിട്ടില്ല. ചെയ്യുന്ന ജോലി നന്നായി ചെയ്താല്‍ ആരും വിവാദവുമായി വരില്ലെന്നാണു വിശ്വാസം.

ദിവ്യയുടെ അഭിനയത്തിനു നൂറു മാര്‍ക്കെന്ന് ശബരിനാഥന്‍

* ഏലിയാമ്മച്ചിയുടെ ആദ്യത്തെ ക്രിസ്മസ്

കാലികപ്രസക്തിയുള്ള സന്ദേശം പങ്കുവയ്ക്കുന്ന ഒരു നല്ല സിനിമയാണിത്. പ്രായമായവര്‍ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങള്‍ ഇന്ന് കൂടിവരുകയാണ്.

* പിന്തുണ

കരിയറിന് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്. കല ഒരു വ്യക്തിക്ക് കൂടുതല്‍ കാര്യങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് നല്‍കുന്നു. കലയ്ക്ക് വളരെയേറെ സാമൂഹിക പ്രാധാന്യവും ഉണ്ട്. അതുകൊണ്ടുതന്നെ ദിവ്യ തന്റെ കലാപ്രവര്‍ത്തനങ്ങള്‍ തുടരണമെന്നു തന്നെയാണ് എന്റെ ആഗ്രഹം.

* വിവാഹജീവിതം

ഞങ്ങള്‍ രണ്ടുപേരും അവരവരുടെ ജോലികളുടെ ഭാഗമായി മിക്കപ്പോഴും തിരക്കിലാണ്. ഒരുമിച്ച് ചെലവഴിക്കാന്‍ സമയം കിട്ടുന്നത് വളരെ വിരളമാണ്. ഉള്ള സമയം നന്നായി വിനിയോഗിക്കേണ്ടിവരും.

*  ഔദ്യോഗിക ജീവിതം

സര്‍ക്കാരുമായി നല്ല ബന്ധമാണുള്ളത്. ഞങ്ങള്‍ രണ്ടുപേരും പ്രൊഫഷണല്‍സാണ്. പരസ്പരം ജോലികളില്‍ ഇടപെടാറില്ല. ഒരാള്‍ മറ്റേയാളുടെ ജോലിയെ ബഹുമാനിക്കുകയും ചെയ്യുന്നു. സര്‍ക്കാരും ഉദ്യോഗസ്ഥരും ഞങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നുണ്ട്.

(ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് പ്രസിദ്ധീകരണമായ പ്രിയസഖിയില്‍ പ്രസിദ്ധീകരിച്ചത്)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com