ആക്രമണങ്ങള്‍ക്ക് നടുവില്‍ പത്മാവത് എത്തി; പ്രതിഷേധം തണുപ്പിക്കാതെ കര്‍ണി സേന
By സമകാലിക മലയാളം ഡെസ്‌ക് | Published: 25th January 2018 07:46 AM |
Last Updated: 25th January 2018 07:46 AM | A+A A- |

ന്യൂഡല്‍ഹി: ആക്രമണ ഭീഷണികള്‍ക്കിടെ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് ഇന്ന് തീയറ്ററുകളിലെത്തും. രജ്പുത് സമൂഹത്തെ അവഹേളിക്കുകയും, ചരിത്രത്തെ തെറ്റായി വ്യാഖ്യാനിക്കുകയുമാണ് പത്മാവതില്‍ ചെയ്തിരിക്കുന്നത് എന്ന് ആരോപിച്ച് എന്തു വില കൊടുത്തും സിനിമയുടെ പ്രദര്‍ശനം തടയുമെന്ന് രജ്പുത് കര്‍ണി സേന മുഴക്കിയിരിക്കുന്ന ഭീഷണികള്‍ക്കിടയിലാണ് സിനിമ തീയറ്ററുകളിലെത്തുന്നത്.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തും പത്മാവതിന്റെ പ്രദര്‍ശനം നിരോധിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെങ്കിലും കയ്യാങ്കളിയിലൂടെ പ്രദര്‍ശനം തടസപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചാണ് കര്‍ണിസേനയുടെ നീക്കങ്ങള്‍. പത്മാവതിന്റെ റിലീസ് ദിവസം തീയറ്ററുകളില്‍ ജനത കര്‍ഫ്യു ആചരിക്കുമെന്നതിന് പുറമെ രാജ്യത്ത് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയുമാണ് കര്‍ണി സേന നേതാക്കള്‍.
രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് പത്മാവതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ അക്രമാസക്തമായത്. ഇവിടെ ഭരിക്കുന്ന സര്‍ക്കാരുകളുടെ പിന്തുണ രജ്പുത് പ്രതിഷേധങ്ങള്‍ക്ക് ലഭിക്കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി.
സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ചിരുന്ന ബസ് ഹരിയാനയിലെ ഗുരുഗ്രാമില്‍ ആക്രമണത്തിനിരയായിരുന്നു. ഇതുകൂടാതെ നിരവധി വാഹനങ്ങളും മള്‍ട്ടിപ്ലക്‌സുകളും കര്‍ണി സേന പ്രവര്‍ത്തകര്‍ ഇതിനോടകം തകര്‍ത്തു കഴിഞ്ഞു. മുപ്പതോളം പേരെയാണ് ഹരിയാനയിലെ ആക്രമണ സംഭവങ്ങളുടെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കു്ന്നത്. ജമ്മുകശ്മീരിലും തീയറ്ററിന് നേരെ ആക്രമണമുണ്ടായി.