അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മമ്മൂട്ടിച്ചിത്രം

ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്.
അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞടുക്കപ്പെട്ട് മമ്മൂട്ടിച്ചിത്രം

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകവേഷത്തിലെത്തിയ പേരന്‍പ് എന്ന വിഖ്യാതമായ റോട്ടര്‍ഡാം ചിത്രം അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 47ാമത് റോട്ടര്‍ഡാം ചലച്ചിത്ര മേള ഈ മാസം 24 മുതല്‍ ഫെബ്രുവരി നാല് വരെയാണ് നടത്തുന്നത്. 27നാണ് പേരന്‍പ് പ്രദര്‍ശിപ്പിക്കുന്നത്.

ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രത്തെയാണ് പേരന്‍പില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് റാമിന്റെ നാലാമത്തെ ചിത്രമാണിത്. 

അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവര്‍ക്കൊപ്പം മലയാളത്തില്‍നിന്ന് സിദ്ദീഖും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും നിര്‍വഹിച്ചു. 

രണ്ടര വര്‍ഷം മുന്‍പേ പേരന്‍പിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലാണ് പേരന്‍പിന്റെ ചിത്രീകരണം നടന്നത്. മലയാളത്തിലും തമിഴിലുമായാണ് പ്രദര്‍ശനത്തിനെത്തുക.   

വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടി തമിഴിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണിത്. ദളപതി, അഴകന്‍, കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍, ആനന്ദം എന്നിവയാണ് മമ്മൂട്ടിയുടെ തമിഴിലെ പ്രധാന ചിത്രങ്ങള്‍. വന്ദേമാതരം എന്ന ചിത്രമാണ് മമ്മൂട്ടി അവസാനമായി തമിഴില്‍ അഭിനയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com