പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്

പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്
പദ്മാവതിന് ബാഹുബലിയെ തൊടാനായില്ല, കളക്ഷന്‍ കണക്കുകള്‍ ഇങ്ങനെയാണ്


ന്യൂഡല്‍ഹി: സഞ്ജയ് ലീലാ ബന്‍സാലിയുടെ പദ്മാവതിനെച്ചൊല്ലി വിവാദങ്ങള്‍ അരങ്ങുതകര്‍ത്തപ്പോള്‍ അതു സിനിമയുടെ വിജയത്തിനു കാരണമാവുമെന്ന് ചൂണ്ടിക്കാട്ടിയവര്‍ നിരവധിയാണ്. ചിത്രത്തില്‍ പ്രതിഷേധത്തിനു കാരണമായ ഒന്നുമില്ലെന്നും വിവാദങ്ങള്‍ മാര്‍ക്കറ്റിങ് തന്ത്രം മാത്രമാണ് എന്നു പറഞ്ഞവരുമുണ്ട്.  എന്നാല്‍ വിവാദങ്ങള്‍ സിനിമയെ ആ വിധത്തില്‍ തുണച്ചില്ലെന്നാണ് കളക്ഷന്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.

വിവാദങ്ങള്‍ ചൂടു പിടിച്ചപ്പോള്‍ പദ്മാവത് ബാഹുബലിയുടെ കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ക്കും എന്നു വിലയിരുത്തിയവരെ നിരാശപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 18-19 കോടി മാത്രമാണ് പദ്മാവതിന്റെ ആദ്യദിന കളക്ഷന്‍. ബാഹുബലിയുടെ ഹിന്ദു പതിപ്പിന് ഇത് 41 കോടിയായിരുന്നു.

എല്ലാ ഭാഷകളിലുമായി ബാഹുബലി രണ്ടാം ഭാഗം 125 കോടി രൂപയാണ് ആദ്യ ദിനത്തില്‍ കളക്റ്റ് ചെയ്തത്. ഹിന്ദിയിലെ 41 കോടി ആദ്യദിന കളക്ഷന്‍ എന്ന റെക്കോഡ് പദ്മാവത് തകര്‍ക്കും എന്നായിരുന്നു ഒരു വിഭാഗം വിലയിരുത്തിയത്. എന്നാല്‍ അതിന് അടുത്തെങ്ങും എത്താന്‍ പോലും ബാന്‍സാലി ചിത്രത്തിന് ആയില്ലെന്നതാണ് വസ്തുത.

വിവാദങ്ങളെയും ഭീഷണിയെയും തുടര്‍ന്ന് രാജസ്ഥാന്‍, ഗുജറാത്ത്, മധ്യമപ്രദേശ്, ഹരിയാന എന്നിവിടങ്ങളില്‍ പദ്മാവത് പ്രദര്‍ശിപ്പിക്കായിട്ടില്ല. ഈ സംസ്ഥാനങ്ങളില്‍ പ്രദര്‍ശിപ്പിച്ചിരുന്നെങ്കില്‍ പോലും കളക്ഷന്‍ 25 കോടി കടക്കുമായിരുന്നില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.  

ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് രാജസ്ഥാനിലെ ജയ്പൂര്‍, ബീഹാറിലെ മുസഫര്‍പൂര്‍, യുപിയിലെ വാരാണസി തുടങ്ങിയ ഇടങ്ങളിലെല്ലാം കര്‍ണിസേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചും റാലിയും സംഘടിപ്പിച്ചിരുന്നു. ലഖ്‌നൗവില്‍ സിനിമ കാണാനെത്തിയവരെ റോസാപൂക്കള്‍ നല്‍കിയാണ് പ്രതിഷേധക്കാര്‍ മടക്കി അയക്കാന്‍ ശ്രമിച്ചത്. 

അതിനിടെ സുപ്രീംകോടതി വിധി ലംഘിച്ച് സിനിമയ്‌ക്കെതിരെ പ്രതിഷേധവുവായി രംഗത്തെത്തിയ കര്‍ണിസേന നേതാക്കള്‍ക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിട്ടുണ്ട്. സിനിമക്കെതിരെ പ്രതിഷേധം അലയടിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന സര്‍ക്കാരുകള്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. കോണ്‍ഗ്രസുകാരനായ തെഹ്‌സിന്‍ പൂനെവാലയാണ് പരാതി നല്‍കിയത്. അക്രമം അമര്‍ച്ച ചെയ്ത് സിനിമ റിലീസ് ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്ന സുപ്രീംകോടതി വിധി പാലിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ പൂനെവാലെയുടെ പരാതിയിലെ ആക്ഷേപം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com