കലയുടെ മഹാപ്രവാഹത്തില്‍ ഒരു ഇലപോലെ ഒഴുകുകയാണ് ഞാന്‍: മോഹന്‍ലാല്‍ 

പതിനെട്ടാമത്തെ വയസ്സില്‍ യാദൃച്ഛികമായി സിനിമയില്‍ എത്തുകയായിരുന്നെന്നും 40 വര്‍ഷത്തിലധികമായി അഭിനയിക്കുക മാത്രമാണു ചെയ്തുകൊണ്ടിരുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു
കലയുടെ മഹാപ്രവാഹത്തില്‍ ഒരു ഇലപോലെ ഒഴുകുകയാണ് ഞാന്‍: മോഹന്‍ലാല്‍ 

ചലച്ചിത്ര താരം മോഹന്‍ലാലിനും ഒളിംപ്യന്‍ പിടി ഉഷയ്ക്കും കാലിക്കറ്റ് സര്‍വകാലാശാല ഡി-ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. ഗവര്‍ണര്‍ പി സദാശിവം ഇരുവര്‍ക്കും ഡോക്ട്രേറ്റ് ബിരുദം സമ്മാനിച്ചു. മോഹന്‍ലാലിന് രണ്ടാം തവണയും പിടി ഉഷയ്ക്ക് മൂന്നാം തവണയുമാണ് ഡോക്ട്രേറ്റ് ലഭിക്കുന്നത്. 

കലയുടെ മഹാപ്രവാഹത്തില്‍ ഒരു ഇലപോലെ ഒഴുകുകയാണ് താനെന്ന് അംഗീകാരം സ്വീകരിച്ചുകൊണ്ട് മോഹന്‍ലാല്‍ പറഞ്ഞു.  ഈ പ്രവാഹം തന്നെ ഏതൊക്കെയോ കടവുകളിലും കരകളിലും എത്തിച്ചെന്നു ഇപ്പോഴും ആ പ്രവാഹത്തില്‍ത്തന്നെയാണെന്നും താരം പ്രസംഗത്തില്‍ പറഞ്ഞു. എത്തിച്ചേരുന്നതിലല്ല, ഒഴുകുന്നതിലാണു രസം എന്നു താന്‍ തിരിച്ചറിയുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. 

സിനിമയില്‍ എത്തിയ നാളുകളെകുറിച്ചും പ്രസംഗത്തില്‍ മോഹന്‍ലാല്‍ സംസാരിച്ചു. പതിനെട്ടാമത്തെ വയസ്സില്‍ യാദൃച്ഛികമായി സിനിമയില്‍ എത്തുകയായിരുന്നെന്നും 40 വര്‍ഷത്തിലധികമായി അഭിനയിക്കുക മാത്രമാണു ചെയ്തുകൊണ്ടിരുന്നതെന്നും താരം പറഞ്ഞു. 'സിനിമ ഗൗരവമായി എടുത്തു തുടങ്ങിയപ്പോള്‍ അച്ഛന്‍ ചോദിച്ചിരുന്നു, പഠനം കഴിഞ്ഞിട്ടു പോരേ അഭിനയം എന്ന്. എന്നാല്‍, സാഹചര്യങ്ങള്‍ എന്നെ അന്ന്, അതിനനുവദിച്ചില്ല', മോഹന്‍ലാല്‍ വേദിയില്‍ പറഞ്ഞു. 

ഒരു ഒളിംപിക്‌സ് മെഡല്‍ ഒഴിച്ച് തന്റെ ജീവിതത്തില്‍ ആശിച്ച മറ്റെല്ലാം നേടാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നെന്നും ഇന്ത്യയിലെ കോടിക്കണക്കിനു വരുന്ന സഹോദരീസഹോദരന്‍മാരുടെ പ്രാര്‍ഥനയുടെ ഫലമായി താനിന്നു കുറെപ്പേരെങ്കിലും അറിയുന്ന ഒരു കായികതാരമാണെന്നും പിടി ഉഷ പ്രസംഗത്തില്‍ പറഞ്ഞു. 'എനിക്ക് മെഡല്‍ നഷ്ടപ്പെട്ടിട്ട് 35 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ഇന്ത്യക്കാരന് ഇനിയും അതിനടുത്ത് എത്താനായിട്ടില്ല. ഒരുമിച്ചു പരിശ്രമിച്ചാല്‍ 2020ല്‍ ടോക്കിയോയില്‍, 2024ല്‍ പാരീസില്‍ തീര്‍ച്ചയായും നമ്മള്‍ അതു നേടിയിരിക്കും', ഉഷ പറഞ്ഞു.

സര്‍വകലാശാല ക്യാമ്പസില്‍ പ്രത്യേകം തയ്യാറാക്കിയ ഡിലിറ്റ് പവലിയനിലാണ്  ഇരുവര്‍ക്കും ബിരുദം സമ്മാനിച്ചത്. മോഹന്‍ലാലും പിടി ഉഷയും കുടുംബസമേതംഎത്തിയ ചടങ്ങില്‍ പ്രോ ചാന്‍സ്‌ലര്‍ കൂടിയായ വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥും പങ്കെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com