സൈഡ് റോളുകളില്‍ അഭിനയിക്കാന്‍ മടിയൊന്നും ഇല്ല, ആദിയിലേതു പോലുള്ള കഥാപാത്രങ്ങള്‍ ഇനിയും ചെയ്യുമെന്ന് അനുശ്രീ 

നന്ദി പറയാനായി ഞാന്‍ കഴിഞ്ഞ ദിവസം ജിത്തു സര്‍നെ വിളിച്ചിരുന്നു. ജയ എന്ന കഥാപാത്രം ഇത്രമാത്രം ശക്തമാണെന്ന് എനിക്ക് ഷൂട്ടിംഗ് സമയത്ത് മനസിലായില്ലെന്നതില്‍ അദ്ദേഹത്തിന് ഭയങ്കര അത്ഭുതമായിരുന്നു
സൈഡ് റോളുകളില്‍ അഭിനയിക്കാന്‍ മടിയൊന്നും ഇല്ല, ആദിയിലേതു പോലുള്ള കഥാപാത്രങ്ങള്‍ ഇനിയും ചെയ്യുമെന്ന് അനുശ്രീ 

ആദി പ്രണവ് മോഹന്‍ലാലിന്റെ അരങ്ങേറ്റചിത്രമെന്ന നിലയ്ക്കും ചിത്രത്തിലെ താരപുത്രന്റെ മികച്ച പ്രകടനത്തിനും പ്രശംസിക്കപ്പെടുമ്പോള്‍ ചിത്രം കണ്ടിറങ്ങുവര്‍ ഒന്നിടങ്കം എടുത്തുപറയുന്ന മറ്റൊന്നുകൂടെയുണ്ട്. ആദിയിലെ ജയ എന്ന കഥാപാത്രം. ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ഒരു നായകചിത്രം വരുമ്പോള്‍ ഒരുപക്ഷെ ശ്രദ്ധിക്കപ്പെടാതെ പോകാമായിരുന്ന കഥാപാത്രം പ്രേക്ഷകഹൃദയങ്ങള്‍ കീഴടക്കാന്‍ കാരണം അനുശ്രീയുടെ മികവ് തന്നെയാണ്. അതുകൊണ്ട് പ്രണവിന്റെ ആദ്യ സിനിമ ആഘോഷിക്കുമ്പോള്‍ തന്നെ അനുശ്രീയുടെ കഥാപാത്രവും പ്രശംസ നേടിയെടുക്കുന്നു.

എന്നാല്‍ ജയ നേടിയെടുക്കുന്ന കൈയ്യടി താന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നതല്ലെന്നാണ് അനുശ്രീ പറയുന്നത്. മികച്ച പ്രതികരണങ്ങള്‍ കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ' നന്ദി പറയാനായി ഞാന്‍ കഴിഞ്ഞ ദിവസം ജിത്തു സര്‍നെ വിളിച്ചിരുന്നു. ജയ എന്ന കഥാപാത്രം ഇത്രമാത്രം ശക്തമാണെന്ന് എനിക്ക് ഷൂട്ടിംഗ് സമയത്ത് മനസിലായില്ലെന്നതില്‍ അദ്ദേഹത്തിന് ഭയങ്കര അത്ഭുതമായിരുന്നു. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു ഒരു ഡയറക്ടര്‍ കാണുന്നത്ര വ്യാപ്തിയില്‍ ഒരു കഥാപാത്രത്തെ അഭിനേതാവിന് കാണാന്‍ കഴിയില്ലെന്ന്', അനുശ്രീ പറയുന്നു. 

ജിത്തുസര്‍ എന്റെയടുക്കല്‍ കഥപറയുമ്പോള്‍ ജയ വളരെ ശക്തമായ സ്ത്രീയാണെന്നും ജീവിതത്തില്‍ വളരെ കഠിനമായ സന്ദര്‍ഭങ്ങളെ നേരിടേണ്ട് വന്നിട്ടുള്ള കഥാപാത്രമാണെന്നുമൊക്കെ പറഞ്ഞിരുന്നു. ജയ എന്ന കഥാപാത്രത്തിനുള്ളിലെ ധാര്‍ഷ്ട്യത്തിനും സ്‌നേഹത്തിനും ഇടയിലെ ബാലന്‍സ് നിലനിര്‍ത്തുകയായിരുന്നു ഏറ്റവും പ്രധാനം. സൈഡ് റോളാണെങ്കിലും വളരെ പ്രാധാന്യം നല്‍കിയിട്ടുള്ള കഥാപാത്രമാണ് ജയ, അനുശ്രീ പറയുന്നു. 

സൈഡ് വേഷങ്ങള്‍ ചെയ്യാന്‍ തനിക്ക് യാതൊരു മടിയും ഇല്ലെന്നും നായിക വേഷം മാത്രമേ ചെയ്യു എന്ന് നിര്‍ബന്ധമുള്ള ഒരാളല്ല താനെന്നും അനുശ്രീ പറഞ്ഞു. ആദിയില്‍ ചെയ്തതുപോലുള്ള കഥാപാത്രങ്ങള്‍ ചെയ്യുന്നതില്‍ തനിക്കൊരു പ്രശ്‌നവുമില്ലെന്നും കഥാപാത്രത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും അനുശ്രീ പറയുന്നു. 

ഇപ്പോള്‍ അഭിനയിച്ചുകൊണ്ടികരിക്കുന്ന രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണ്ണതത്തയും താരം ഓട്ടോ റിക്ഷാ ഡ്രൈവറായി എത്തുന്ന ഓട്ടോറിഷയുമാണ് അനുശ്രീയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com