മഹേഷിന്റെ പ്രതികാരം: ആഷിഖ് അബുവിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി പ്രവാസി മലയാളി
By സമകാലികമലയാളം ഡെസ്‌ക് | Published: 04th July 2018 04:34 PM |
Last Updated: 04th July 2018 04:34 PM | A+A A- |

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനെതിരെ വന്‍തുകയുടെ സാമ്പത്തിക ക്രമേക്കട് ആരോപണവുമായി പ്രവാസി മലയാളി. 'മഹേഷിന്റെ പ്രതികാര'ത്തിന്റെ നിര്‍മാതാവായ സംവിധായകന്‍ കരാര്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി. ചിത്രത്തിനായി 2.40 കോടി രൂപ മുതല്‍മുടക്കിയ തന്റെ കമ്പനിക്കു മുടക്കു മുതലിനു പുറമേ, 60% ലാഭവിഹിതം കൂടി നല്‍കുമെന്നായിരുന്നു കരാറെങ്കിലും ആകെ ലഭിച്ചതു 1.85 കോടി രൂപ മാത്രമാണെന്നാണു പ്രവാസി വ്യവസായി സി.ടി. അബ്ദുല്‍ റഹ്മാന്‍ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്.
പരാതിയുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ
ആഷിഖ് അബു എംഡിയും സന്തോഷ്. ടി.കുരുവിള ചെയര്‍മാനുമായ ഒപിഎം ഡ്രീം മില്‍ സിനിമാസും തന്റെ കമ്പനിയായ വണ്‍നെസ് മീഡിയ മില്ലും ചേര്‍ന്നാണു മഹേഷിന്റെ പ്രതികാരം നിര്‍മിച്ചത്. ആകെ നിര്‍മാണച്ചെലവിന്റെ 60 ശതമാനമായ 2.40 കോടി രൂപയാണു തങ്ങള്‍ ഡ്രീം മില്‍ സിനിമാസിനു നല്‍കിയത്. മുടക്കുമുതലിനു പുറമേ, ലാഭവിഹിതവും വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും അതു പാലിച്ചില്ല. പല തവണയായി 1.85 കോടി രൂപ മാത്രമാണു നല്‍കിയത്. മുടക്കുമുതലില്‍ തന്നെ 55 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ട്.
എട്ടു കോടിയിലേറെ രൂപ തിയറ്റര്‍ കലക്ഷനായും നാലു കോടി രൂപ സാറ്റലൈറ്റ് ഇനത്തിലും ഓവര്‍സീസ്, റീമേക്ക് അവകാശം നല്‍കിയ ഇനങ്ങളിലായി രണ്ടു കോടിയിലേറെ രൂപയും ലഭിച്ചിട്ടും ലാഭവിഹിതമായി ഒരു രൂപ പോലും നല്‍കിയില്ല. പണം ആവശ്യപ്പെട്ടു പലവട്ടം ആഷിഖ് അബുവും സന്തോഷുമായും സംസാരിച്ചെങ്കിലും ഫലമുണ്ടായില്ല. മധ്യസ്ഥന്‍ മുഖേനയും ചര്‍ച്ചകള്‍ വിജയം കാണാത്ത സാഹചര്യത്തിലാണു സംഘടനയെ അറിയിച്ചതെന്നു പരാതിയില്‍ പറയുന്നു.
കരാറിന്റെയും പണം നല്‍കിയതിന്റെ രേഖകളും സഹിതമാണു പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെ ഉന്നത നീതിബോധം പ്രകടിപ്പിക്കുന്ന ആഷിഖ് അബുവില്‍നിന്നു നീതി ലഭിക്കാന്‍ ഇടപെടണമെന്നും പരാതിയില്‍ അഭ്യര്‍ഥിക്കുന്നു.