ആ കത്ത് പൂഴ്ത്തിയത് ഇടവേള ബാബു ; ദിലീപിനെ പുറത്താക്കിയെന്ന് പറഞ്ഞ മമ്മൂട്ടിക്കെതിരെ നടപടി വേണമെന്നും ഷമ്മി തിലകന്‍

ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയയാക്കി. തിലകന്‍-ദിലീപ് വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഷമ്മി തിലകന്‍
ആ കത്ത് പൂഴ്ത്തിയത് ഇടവേള ബാബു ; ദിലീപിനെ പുറത്താക്കിയെന്ന് പറഞ്ഞ മമ്മൂട്ടിക്കെതിരെ നടപടി വേണമെന്നും ഷമ്മി തിലകന്‍

കൊച്ചി : നടന്‍ തിലകനെ വിലക്കിയ നടപടി പിന്‍വലിച്ച് താരസംഘടനയായ അമ്മ മാപ്പുപറയണമെന്ന് മകനും നടനുമായ ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു. തിലകന്‍ നല്‍കിയ വിശദീകരണക്കുറിപ്പ് അമ്മ ഭാരവാഹികളായ ചിലര്‍ ചേര്‍ന്ന് പൂഴ്ത്തിവെക്കുകയായിരുന്നു. ഇടവേള ബാബു അടക്കമുള്ളവരാണ് കത്ത് പൂഴ്ത്തിയതെന്നും ഷമ്മി തിലകന്‍ ആരോപിച്ചു. തിലകനെതിരായ നടപടി നിരുപാധികം പിന്‍വലിച്ച് മാപ്പുപറയണം.  ഇന്നസെന്റ് പ്രസിഡന്റായിരുന്നപ്പോള്‍ തിലകന്‍ വിഷയം ധരിപ്പിച്ചിരുന്നു. 

തിലകന്‍-ദിലീപ് വിഷയങ്ങള്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും ഷമ്മി പറഞ്ഞു. നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് പ്രസ്താവന നടത്തിയ മമ്മൂട്ടി അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയയാക്കിയെന്നും ഷമ്മി തിലകന്‍ ആരോപിച്ചു. 

തിലകനെതിരെയുള്ള അച്ചടക്ക നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഷമ്മി തിലകന്‍ നേരത്തെ 'അമ്മ' നേതൃത്വത്തിന് കത്തയച്ചിരുന്നു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര് ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഷമ്മി തിലകന്‍ ചൂണ്ടിക്കാട്ടി. അമ്മയിലെ പുതിയ നേതൃത്വം ഇക്കാര്യം പരിശോധിക്കണം. ഇക്കാര്യത്തില്‍ മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിയില്‍ വിശ്വാസമുണ്ടെന്നും ഷമ്മി തിലകന്‍ കത്തില്‍ സൂചിപ്പിച്ചു. 'അമ്മ'യില്‍ നിന്ന് രാജിവെച്ച നടിമാര്‍ക്കൊപ്പമാണ് താനെന്നും ഷമ്മി തിലകന്‍ വ്യക്തമാക്കി.

നേരത്തെ തിലകന്റെ മകൾ സോണിയയും അമ്മ നേതൃത്വത്തിനെതിരെ രം​ഗത്തെത്തിയിരുന്നു. തിലകനെ അച്ചടക്കനടപടിയുടെ പേരില്‍ വിളിച്ചുവരുത്തി 'ഇറങ്ങിപ്പോടോ' എന്നുപറഞ്ഞവരാണ് താരസംഘടനയായ 'അമ്മ'യില്‍ ഉള്ളതെന്ന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍ വെളിപ്പെടുത്തിയിരുന്നു. അന്നു തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. താനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തതെന്നും സോണിയ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com