'പഠിച്ചതും പറഞ്ഞതും മാറ്റിപ്പറഞ്ഞ് പുതിയ കാഴ്ചപ്പാടുണ്ടാക്കാന്‍ വലിയ ധൈര്യം വേണം'; രഞ്ജി പണിക്കര്‍ക്ക് അഭിനന്ദനവുമായി റിമ കല്ലിങ്കല്‍

ഇത് പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നാണ് താരം പറയുന്നത്
'പഠിച്ചതും പറഞ്ഞതും മാറ്റിപ്പറഞ്ഞ് പുതിയ കാഴ്ചപ്പാടുണ്ടാക്കാന്‍ വലിയ ധൈര്യം വേണം'; രഞ്ജി പണിക്കര്‍ക്ക് അഭിനന്ദനവുമായി റിമ കല്ലിങ്കല്‍

സിനിമകളില്‍ എഴുതിയിട്ടുള്ള സ്ത്രീ വിരുദ്ധ സംഭാഷണങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന രഞ്ജി പണിക്കറുടെ വാക്കുകളെ ആവേശത്തോടെയാണ് കേരളം ഏറ്റെടുത്തത്. ഇപ്പോള്‍ രഞ്ജി പണിക്കറിന്റെ നിലപാടിനെ അഭിവാദ്യമര്‍പ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടിയും സിനിമയിലെ വനിത കൂട്ടായ്മയായ ഡബ്യുസിസി പ്രതിനിധിയുമായ റിമ കല്ലിങ്കല്‍. ഇത് പുതിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നാണ് താരം പറയുന്നത്. 

'പഠിച്ചതും പറഞ്ഞതുമൊക്കെ മാറ്റിപ്പറഞ്ഞ് പുതിയ കാഴ്ചപ്പാട് ഉണ്ടാക്കാന്‍ വലിയ ധൈര്യം ആവശ്യമാണ്. രണ്‍ജി പണിക്കര്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. അദ്ദേഹം പറഞ്ഞത് പോലെ എല്ലാ കലാസൃഷ്ടികളും കാലാകാലങ്ങളില്‍ പരിശോധനയ്ക്ക് വിധേയമാകണം. നമ്മള്‍ ജീവിക്കുന്ന കാലത്തെയാണ് എല്ലാ കലകളിലും രേഖപ്പെടുത്തുന്നത്. കാലാതിവര്‍ത്തിയായ , തലമുറകള്‍ ആദരിക്കുന്ന കലാസൃഷ്ടികളുണ്ടാക്കാം നമുക്ക്.' റിമ കല്ലിങ്കല്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചു. മമ്മൂട്ടിയുടെ പ്രശസ്തമായ ഡയലോഗിലെ സെന്‍സ്, സെന്‍സിബിളിറ്റി, സെന്‍സിറ്റിവിറ്റി എന്നീ വാക്കുകള്‍ ഹാഷ്ടാഗായും റിമ കൊടുത്തിട്ടുണ്ട്. 

മമ്മൂട്ടി നായകനായെത്തിയ ദി കിങ്ങിലെ ഡയലോഗിനെക്കുറിച്ചായിരുന്നു രഞ്ജി പണിക്കരുടെ പരാമര്‍ശം. കിങിലെ മമ്മൂട്ടിയുടെ കഥാപാത്രം അങ്ങനെ പറയുമ്പോള്‍ കിട്ടുന്ന കയ്യടി മാത്രമായിരുന്നു അന്ന് ചിന്തിച്ചത്.അതില്‍ ഖേദമുണ്ട്. ഇന്ന്  സിനിമയ്ക്ക് സംഭാഷണം എഴുതിയാല്‍ ആ ഭാഷ ഉപയോഗിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചെമ്മാനെന്നും ചെരുപ്പുകുത്തിയെന്നും അണ്ടന്‍, അടകോടന്‍ തുടങ്ങിയ വാക്കുകളൊക്കെ സിനിമകളില്‍ താന്‍ ഉപയോഗിച്ചിരുന്നു. അത് ആളുകളെ വേദനിപ്പിക്കും എന്നൊക്കെ പിന്നീടാണ് മനസിലായത്. ആ വാക്കുകള്‍ ഇപ്പോള്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com