ഇത്തവണ ശിവകാമിയുടെ കഥ പറയും; ബാഹുബലിയുടെ മൂന്നാംഭാഗവുമായി രാജ്മൗലി

കുഞ്ഞുബാഹുബലിയെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് വെളളത്തിലൂടെ ധൈര്യത്തോടെ നീങ്ങിയ ഉരുക്കുവനിത ശിവകാമി ദേവിയുടെ ജീവിത യാത്രയാണ്
ഇത്തവണ ശിവകാമിയുടെ കഥ പറയും; ബാഹുബലിയുടെ മൂന്നാംഭാഗവുമായി രാജ്മൗലി

കൊച്ചി: ബാഹുബലി പരമ്പരയില്‍ മൂന്നാമതൊരു ചിത്രം കൂടി തിരശ്ശീലയിലേക്കെത്തുന്നു. എന്നാലിത് ബാഹുബലിയുടെ കഥയല്ല.  കുഞ്ഞുബാഹുബലിയെ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ച് വെളളത്തിലൂടെ ധൈര്യത്തോടെ നീങ്ങിയ ഉരുക്കുവനിത ശിവകാമി ദേവിയുടെ ജീവിത യാത്രയാണ്. 

ആനന്ദ് നീലകണ്ഠന്‍ എഴുതിയ ' ദ റൈസ് ഓഫ് ശിവകാമി' എന്ന പുസ്തകത്തെ ആസ്പദമാക്കി രാജമൗലി തന്നെയാണ് മൂന്നാംഭാഗവും ഒരുക്കുന്നത്. എന്നാല്‍ തിയറ്റര്‍ റിലീസിനായല്ല ഓണ്‍ലൈന്‍ വെബ് സ്ട്രീമിങ് സര്‍വീസിനു വേണ്ടിയാണിത്. രാജമൗലിക്കൊപ്പം സംവിധായകന്‍ ദേവ കട്ടയും സഹകരിക്കുന്നുണ്ട്.

മൗര്യന്മാരും ശതവാഹനന്മാരും ഇഷ്വാകു, ചോള, പല്ലവ,  ചാലൂക്യ വംശങ്ങളൊക്കെ മാറിമാറി ഭരിച്ച തെലുങ്ക് നാടിന്റെ വര്‍ണാഭമായ ചരിത്രപശ്ചാത്തലം സാങ്കല്‍പിക രാജവംശങ്ങളായ മഗിഴ്മതിയിലൂടെയും കുന്തള വംശത്തിലൂടെയും വീണ്ടും പകര്‍ത്താനാണ് സംവിധായകന്‍ ഒരുങ്ങുന്നത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്കു ശേഷം പ്രേക്ഷകര്‍ക്കായി പുതിയ സന്തോഷ വാര്‍ത്തയാണ് ശിവകാമിയുടെ വരവ്.
ബാഹുബലി പരമ്പരയിലെ ആദ്യ ചിത്രമായ 'ബാഹുബലി ദി ബിഗിനിങ്ങി'ല്‍ കാണുന്ന കഥയ്ക്കും മുന്നേ നടക്കുന്ന കഥയാണ്  ' ദ റൈസ് ഓഫ് ശിവകാമി'യിലേത്. സമൃദ്ധി നിറഞ്ഞ മഹിഷ്മതി  സാമ്രാജ്യത്തിലെ കരുത്തുറ്റ വനിതയായ ശിവകാമിയുടെയും കഥയാണ് മലയാളിയായ ആനന്ദ് നീലകണ്ഠന്റെ നോവലില്‍ പറയുന്നത്. ഒപ്പം മറ്റൊരു പ്രധാന കഥാപാത്രമായ കട്ടപ്പയുടെ ജീവിതവും. ശിവകാമി എന്ന പെണ്‍കുട്ടിയുടെ ജീവിത പശ്ചാത്തലത്തില്‍നിന്നാണ് കഥ തുടങ്ങുന്നത്.

സുന്ദരസുരഭിലമായ കാലമായിരുന്നു ബാല്യം. പക്ഷെ, പെട്ടെന്ന് തന്നെ മനോഹാരിതയുടെ നിറംമങ്ങി. അച്ഛന്‍ രാജ്യദ്രോഹിയായി മുദ്ര കുത്തപ്പെട്ട് വധിക്കപ്പെടുന്നതോടെ അവള്‍ അനാഥയാകുന്നു. പക മനസ്സിലിട്ട് പ്രതികാരം ചെയ്യാന്‍ കാത്തിരിക്കുന്ന ശിവകാമിയില്‍നിന്നാണ് സിനിമയുടെ കഥ വികസിക്കുക. . 'വിശ്വസ്ത അടിമ' എന്നതിനപ്പുറം കട്ടപ്പയുടെ ജീവിതത്തിലെ പല സൂക്ഷ്മമായ അംശങ്ങളും സിനിമയിലുണ്ടാകും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com