'അത് തെറ്റല്ലേ സര്‍? അമ്മയിലെ എല്ലാ അംഗങ്ങളും പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്'; മോഹന്‍ലാലിനെ വിമര്‍ശിച്ച് ജോയ് മാത്യു

'വിഷയം അജണ്ടയിലുണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരുപോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്'
'അത് തെറ്റല്ലേ സര്‍? അമ്മയിലെ എല്ലാ അംഗങ്ങളും പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്'; മോഹന്‍ലാലിനെ വിമര്‍ശിച്ച് ജോയ് മാത്യു

കൊച്ചി; താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ വാര്‍ത്താ സമ്മേളനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി നടന്‍ ജോയ് മാത്യു. അമ്മയിലെ അംഗങ്ങളെല്ലാം ഒരുപോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുതെന്ന് അമ്മ അംഗങ്ങളുടെ ഗ്രൂപ്പില്‍ അയച്ച കത്തില്‍ ജോയ് മാത്യു പറഞ്ഞു. മോഹന്‍ലാലിന്റെ വാര്‍ത്താസമ്മേളനത്തെ ആക്ഷേപഹാസ്യം കലര്‍ത്തുന്ന ഭാഷയിലാണ് താരം വിമര്‍ശിക്കുന്നത്. 

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കുന്നതിനെക്കുറിച്ച് അമ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങിന്റെ അജണ്ടയിലുണ്ടായിരുന്നെന്നും അംഗങ്ങള്‍ ആരും ഇതിനെക്കുറിച്ച് സംസാരിച്ചില്ലെന്നുമുള്ള മോഹന്‍ലാലിന്റെ വാക്കിനെയാണ് ജോയ്മാത്യു രൂക്ഷഭാഷയില്‍ വിമര്‍ശിച്ചത്. ബഹുമാനപ്പെട്ട പ്രസിഡന്റ്, കൂടെയുള്ള ജനറല്‍ സെക്രട്ടറി തുടങ്ങിയവരും സംഘടനയിലെ അംഗങ്ങളും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് ആരംഭിക്കുന്നത്.

സംഘടനയിലെ ഒരംഗം കൂടിയായ നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് എന്ന അംഗത്തെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച കാര്യം കഴിഞ്ഞ ജനറല്‍ ബോഡിയില്‍ അവതരിപ്പിക്കേണ്ട അജണ്ടയിലുണ്ടായിരുന്നെന്നും അംഗങ്ങള്‍ ആരും അതിനെപ്പറ്റി സംസാരിക്കാന്‍ തയാറായില്ലെന്നും പറയുന്നത് കേട്ടു. അത് തെറ്റല്ലേ സാര്‍? എന്നാണ് ജോയ് മാത്യുവിന്റെ ചോദ്യം. പ്രസിഡന്റ് കഴിഞ്ഞ ജനറല്‍ ബോഡിയുടെ അജന്‍ഡ ഒന്നുകൂടി വായിച്ചു നോക്കാന്‍ അപേക്ഷിക്കുന്നുവെന്നും ദിലീപ് വിഷയത്തെക്കുറിച്ച് ഒരു നേരിയ പരാമര്‍ശം പോലും ഇല്ലെന്ന് എഴുത്തും വായനയും ഇല്ലാത്തവര്‍ക്കു പോലും മനസിലാകുമെന്നുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെയാണെങ്കില്‍ പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് തെറ്റാണെന്ന് വരുമെന്നും ജോയ് മാത്യു വ്യക്തമാക്കി. ഇതിനെ നുണ എന്ന താന്‍ പറയില്ലെന്നും കരുതിക്കൂട്ടി പറയുന്നതാണല്ലോ നുണയെന്നും അദ്ദേഹം ഇതില്‍ ചേര്‍ക്കുന്നുണ്ട്. 

തെറ്റു പറഞ്ഞതുകൊണ്ട് സംഘടനയ്ക്ക് കുഴപ്പമൊന്നുമുണ്ടാകില്ല. പക്ഷേ വിഷയം അജണ്ടയിലുണ്ടായിട്ടും ഒരു അംഗം പോലും പ്രതികരിച്ചില്ല എന്ന് പറയുമ്പോള്‍ അത് സംഘടനയിലെ അംഗങ്ങള്‍ എല്ലാം ഒരുപോലെ ചിന്തിക്കുന്ന പ്രതികരണ ശേഷിയില്ലാത്തവരാണെന്ന് കരുതരുത്. അത് പ്രതികരണശേഷി ഇനിയും മരിച്ചിട്ടില്ലാത്ത അംഗങ്ങളെ അപമാനിക്കലല്ലേ സാര്‍ എന്നാണ് കത്തിലൂടെ ജോയ്മാത്യു ചോദിക്കുന്നത്. 

അടുത്ത വാര്‍ത്താ സമ്മേളനത്തില്‍ ഈ അബദ്ധം തിരുത്തണമെന്ന് അപേക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മറുപടി അയക്കുക എന്ന കീഴ് വഴക്കം നമ്മുടെ സംഘടനയില്‍ ഇല്ലാത്തതുകൊണ്ട് ആ സങ്കല്‍പ്പം കിഴക്കാം തൂക്കയി നില്‍ക്കട്ടേയെന്ന് ബഹുമാനം ഒട്ടും കുറയ്ക്കാതെ പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു കത്ത് അവസാനിപ്പിക്കുന്നത്. ഒരു ക്ലാസ് ഫോര്‍ ജീവനക്കാരനെന്നും അദ്ദേഹം ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com