'നടന്മാര്‍ക്ക് ഞങ്ങള്‍ വില്‍പ്പന ചരക്ക്, ഉപയോഗം കഴിഞ്ഞാല്‍ ചവിറ്റു കൊട്ടയില്‍ തള്ളും'; തെന്നിന്ത്യന്‍ സിനിമ നടന്മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശ്രീ റെഡ്ഡി

പെണ്‍കുട്ടികളോട് അവര്‍ ആദ്യം ചോദിക്കുന്നത് കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാണോ എന്നാണ്
'നടന്മാര്‍ക്ക് ഞങ്ങള്‍ വില്‍പ്പന ചരക്ക്, ഉപയോഗം കഴിഞ്ഞാല്‍ ചവിറ്റു കൊട്ടയില്‍ തള്ളും'; തെന്നിന്ത്യന്‍ സിനിമ നടന്മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി ശ്രീ റെഡ്ഡി

ന്നിന് പുറകെ ഒന്നായി ആരോപണങ്ങള്‍ ഉന്നയിച്ച് തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിക്കുകയാണ് നടി ശ്രീ റെഡ്ഡി. പ്രമുഖ നടന്മാരും സംവിധായകരും ഉള്‍പ്പടെ നിരവധി പേരെ താരം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിക്കഴിഞ്ഞു. ഇതിലൊന്നും അവസാനിക്കുന്നതല്ല സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍. ഇപ്പോള്‍ തെന്നിന്ത്യന്‍ നടന്മാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. 

തെലുങ്കു സിനിമയിലാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ചൂഷണത്തിന് ഇരയാകുന്നതെന്നാണ് ശ്രീ റെഡ്ഡി പറയുന്നത്. തെന്നിന്ത്യന്‍ നായകന്മാര്‍ക്ക് നടിമാര്‍ വില്‍പ്പന ചരക്കാണെന്നും ഉപയോഗം കഴിഞ്ഞാല്‍ ചവിറ്റു കുട്ടയിലേക്ക് വലിച്ചെറിയുമെന്നും താരം ആരോപിച്ചു. താന്‍ വര്‍ഷങ്ങളോളം ഇത്തരം വൃത്തികേടിന്റെ ഇരയാണെന്നും ശ്രീ റെഡ്ഡി തുറന്നു പറഞ്ഞു. സിനിമ മേഖലയിലേക്ക് വരുന്ന പുതുമുഖ നടിമാര്‍ക്ക് ഇത്തരം അനുഭവമുണ്ടാവാതിരിക്കാനാണ് താന്‍ ഇത് തുറന്നു പറയുന്നതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം വ്യക്തമാക്കി. 

തമിഴ് നടന്‍ വിശാലിനെതിരേ രൂക്ഷ വിമര്‍ശനമാണ് താരം നടത്തിയത്. തനിക്ക് ഇനിയും വെളിപ്പെടുത്താനുണ്ടെന്നും എന്നാല്‍ തന്നെ വിശാല്‍ ഭീഷണിപ്പെടുത്തുകയാണെന്നുമാണ് താരം പറയുന്നത്. സ്ത്രീകളെക്കുറിച്ച് വിശാല്‍ വൃത്തികേട് പറയുമെന്നും അയാള്‍ക്ക് സ്ത്രീകളെ ബഹുമാനമില്ലെന്നും ശ്രീ റെഡ്ഡി പറഞ്ഞു. അതിനാല്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ വിശാലിന് മനസിലാവില്ലെന്നാണ് നടി പറയുന്നത്. നടികര്‍ സംഘത്തിന്റെ നേതൃനിരയില്‍ ഇരിക്കാന്‍ വിശാല്‍ അര്‍ഹനല്ലെന്നും താരം വ്യക്തമാക്കി. 

തെലുഗു സിനിമയാണ് സ്ത്രീകളെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്നത്. നിറത്തിന്റെ പേരില്‍ അവര്‍ തെലുഗു പെണ്‍കുട്ടികളെ സിനിമയില്‍ നിന്ന് മാറ്റി നിര്‍ത്തുന്നു. മാത്രമല്ല അവിടെ തന്നെയുള്ള പെണ്‍കുട്ടികളാണെങ്കില്‍ ഷൂട്ട് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും. അവര്‍ക്ക് മറ്റൊന്നിനും ഇവരെ കിട്ടില്ല. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള നടിമാരാണെങ്കില്‍ അവര്‍ ഹോട്ടലില്‍ ആയിരിക്കും താമസിക്കുക ആവശ്യമുള്ളപ്പോള്‍ തങ്ങളുടെ മുറികളിലേക്ക് അവരെ വിളിച്ചുവരുത്തി ലൈംഗികമായി ചൂഷണം ചെയ്യാന്‍ അവര്‍ക്ക് കഴിയുമെന്നും താരം പറഞ്ഞു. 

തമിഴില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി അവസരങ്ങള്‍ ലഭിക്കുന്നുണ്ടെന്നും എന്നാല്‍ അവിടത്തെ കോര്‍ഡിനേറ്റര്‍മാര്‍ അപകടകാരികളാണെന്നാണ് താരം പറയുന്നത്. പെണ്‍കുട്ടികളോട് അവര്‍ ആദ്യം ചോദിക്കുന്നത് കോംപ്രമൈസ് ചെയ്യാന്‍ തയ്യാറാണോ എന്നാണ്. ആദ്യം തനിക്ക് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് മനസിലായില്ല. പിന്നീടാണ് ലൈംഗിക താല്‍പ്പര്യമാണെന്ന് മനസിലായതെന്നും താരം കൂട്ടിച്ചേര്‍ത്തു. കോര്‍ഡിനേറ്റര്‍മാര്‍ വളരെ ക്രൂരമായിട്ടാകും പെണ്‍കുട്ടികളോട് പെരുമാറുക. തന്നോട് അവര്‍ എപ്പോഴും ഫോട്ടോകള്‍ ചോദിക്കുമായിരുന്നു. സംവിധായകര്‍ക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് ചോദിക്കുക. 

അവസരങ്ങള്‍ നല്‍കാമെന്ന് പറഞ്ഞാണ് പലരും തന്നെ ചൂഷണം ചെയ്തത്. എല്ലാം സംഭവിച്ചതിന് ശേഷം അവസരങ്ങള്‍ ചോദിച്ച് താന്‍ അവരെ വിളിച്ചിരുന്നു. എന്നാല്‍ അവസരം തരാം എന്നു പറയുകയല്ലല്ലാതെ ഒന്നുമുണ്ടായില്ല. പ്രശസ്തിക്ക് വേണ്ടിയല്ല താനിത്തരം കാര്യങ്ങള്‍ പുറത്തുകൊണ്ടുവരുന്നത്. സ്വന്തം ജീവിതം അപകടത്തിലാക്കി പ്രശസ്തയാവണമെന്ന് ആരെങ്കിലും കരുതുമോ എന്നും അവര്‍ ചോദിച്ചു. 

കാസ്റ്റിങ് കൗച്ചിനെതിരേ താന്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് പോരാട്ടം നടത്തുന്നത്. സ്വന്തം ജീവിതവും കരിയറും നശിപ്പിച്ച് എന്റെ കൂടെ നില്‍ക്കാന്‍ ആരും തയാറാവില്ല. തന്റെ അവസ്ഥ ഇപ്പോള്‍ വളരെ മോശമാണെന്നും സുഹൃത്തുക്കളുടെ സഹായത്തിലാണ് താന്‍ ജീവിക്കുന്നതെന്നും താരം വ്യക്തമാക്കി.  താന്‍ സുഹൃത്തുക്കളോട് ഇരന്നിട്ടാണ് വീട്ടു വാടക കൊടുക്കുന്നത്. കയ്യില്‍ ഉണ്ടായിരുന്ന സ്വര്‍ണവും പഴയ മൊബൈല്‍ ഫോണുകളും വിറ്റാണ് ഇതുവരെ ജീവിച്ചത്. സിനിമയില്‍ ജീവിതമുണ്ടാകുമെന്ന് കരുതിയാണ് ഇത്രകാലം മുന്‍പോട്ട് പോയത്. പക്ഷേ എല്ലാരും എന്നെ ഉപയോഗിച്ചു. എനിക്ക് എന്നോട് തന്നെ സഹതാപം തോന്നുന്നു. പക്ഷേ താന്‍ ആത്മഹത്യ ചെയ്യില്ലെന്നും സിനിമയിലെ ഒരുപാട് ആളുകളുടെ തനിനിറം പുറത്തുകൊണ്ടുവന്നതിന് ശേഷം ഹിമാലയത്തില്‍ പോയി ആത്മീയതയിലേക്ക് തിരിയുമെന്നും ശ്രീറെഡ്ഡി പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com