കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്‍

എഴുപതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്.
കെഎം ചിദംബരന്റെ നാടകത്തിന് പുനരാവതരണം: അന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം നാടകം അരങ്ങിലെത്തിക്കുന്നത് മകന്‍


കൊച്ചി തുറമുഖത്ത് അന്‍പതുകളുടെ തുടക്കത്തില്‍ തൊഴിലാളി സമരത്തിന് നേരെ നടന്ന വെടിവെപ്പും തുടര്‍ന്നുണ്ടായ സംഭവങ്ങളുമെല്ലാം ആധാരമാക്കി കെ.എം.ചിദംബരന്‍ രചിച്ച നാടകമായിരുന്നു 'തുറമുഖം'. , എഴുപതുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ നാടകം അന്‍പത് വര്‍ഷത്തിനിപ്പുംറം അരങ്ങിലേക്കെത്തുകയാണ്. സംവിധാനം ചെയ്യുന്നത് കെഎം ചിദംബരന്റെ മകനും സംവിധായകനും തിരക്കഥാകൃത്തുമായ ഗോപന്‍ ചിദംബരന്‍ ആണ്.

ഇയ്യോബിന്റെ പുസ്തക്തതിന് തിരക്കഥയൊരുക്കിയത് ഗോപന്‍ ചിദംബരം ആയിരുന്നു. രാജീവ് രവിയും സുഹൃത്തുക്കളും ചേര്‍ന്നാരംഭിച്ച സിനിമാ നിര്‍മ്മാണക്കമ്പനി കളക്ടീവ് ഫേസ് വണ്ണും ഉരു ആര്‍ട്ട് ഹാര്‍ബറും ചേര്‍ന്നാണ് തീയേറ്റര്‍ പ്രൊഡക്ഷന്‍. ഈ മാസം 21, 22  തീയതികളില്‍ മട്ടാഞ്ചേരി ഉരുവിലാണ് നാടകാവതരണം.

കൊച്ചി തുറമുഖത്തെ തൊഴിലാളി സമരത്തിന് നേര്‍ക്ക് പൊലീസ് വെടിവെപ്പ് നടത്തുന്നത് അന്‍പതുകളുടെ തുടക്കത്തിലാണ്. സംഭവത്തില്‍ സെയ്ദ്, സെയ്തലവി, ആന്റണി എന്നീ തൊഴിലാളികള്‍ രക്തസാക്ഷികളായി. അവരുടെ രക്തസാക്ഷിത്വത്തിനും ഏതാണ്ട് പത്തുവര്‍ഷത്തിന് ശേഷമാണ് കൊച്ചി തുറമുഖത്തിലെ ഏറ്റവും ക്രൂരമായ ചാപ്പ സമ്പ്രദായം അവസാനിക്കുന്നത്.

തുറമുഖത്ത് ജോലിക്ക് വേണ്ടി കാത്തുനില്‍ക്കുന്ന തൊഴിലാളികളെ ചാപ്പ എന്ന ചെമ്പ് നാണയങ്ങള്‍ എറിഞ്ഞ് തിരഞ്ഞെടുക്കുന്ന ക്രൂരമായ രീതിയായിരുന്നു അത്. ചാപ്പ കൈവശപ്പെടുത്താന്‍ പരസ്പരം മത്സരിക്കുകയും പോരാടുകയും ചെയ്ത് വിജയിച്ച തൊഴിലാളികള്‍ക്കേ തൊഴില്‍  ലഭിക്കുമായിരുന്നുള്ളൂ.

1928ല്‍, ഉദ്ഘാടനം ചെയ്ത കൊച്ചിന്‍ പോര്‍ട്ട് എന്ന കൊച്ചി തുറമുഖം അന്നാട്ടിലെ തൊഴിലാളി ജീവിതങ്ങള്‍ക്ക് ഒരു താങ്ങാകുമെന്നായിരുന്നു പ്രതീക്ഷ. തുറമുഖമെത്തുമ്പോള്‍ സാര്‍വ്വത്രികമായി തൊഴില്‍ ലഭിക്കുമെന്ന ഉറപ്പുകള്‍ വിശ്വസിച്ചിരുന്ന തൊഴിലാളികളാണ് ഏതാണ്ട് എഴുപത്തിയഞ്ച് പൈസയ്ക്ക് തുല്യമായ 13 അണ എന്ന ദിവസക്കൂലിക്ക് വേണ്ടി അന്‍പതുകളില്‍ ചാപ്പയേറും കാത്ത് നിന്നിരുന്നത്.

ഈ ചാപ്പ സമ്പ്രദായത്തിനെതിരേയും തൊഴിലുറപ്പാക്കലിനും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷത്തിനും വേണ്ടിയാണ് കൊച്ചിയില്‍ തൊഴിലാളികള്‍ ആദ്യമായി സംഘടിക്കുന്നത്. കേരളത്തിലെ സംഘടിത തൊഴിലാളി ചരിത്രത്തിലെ ധീരവും രക്തഭരിതവുമായ ഒരു അധ്യായമായിരുന്നു തുറമുഖ തൊഴിലാളി സമരങ്ങള്‍.

1968ലായിരുന്നു ഈ നാടകം കെ എം ചിദംബരന്‍ രചിച്ചത്. കൊച്ചിയിലെ മനുഷ്യരുടെ ജീവിതദുരിതവും പോരാട്ടവുമെല്ലാം ഉള്ളില്‍ത്തട്ടുംവിധം അവതരിപ്പിച്ച് എഴുപതുകളില്‍ മികച്ച അഭിപ്രായം നേടിയ നാടകമാണ് തുറമുഖം. നാടകം പുനരവതരിപ്പിക്കുമ്പോള്‍ പ്രദേശവാസികള്‍ തന്നെയാണ് നാടകത്തില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. പ്രവേശനം സൗജന്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com