ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചന, സര്‍ക്കാര്‍ അന്വേഷിക്കണം; മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകള്‍

ക്ഷണിക്കപ്പെടാത്ത ആളെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിനു പിന്നില്‍ ലാലിന് എതിരായ ഗൂഢാലോചനയുണ്ട്
ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചന, സര്‍ക്കാര്‍ അന്വേഷിക്കണം; മോഹന്‍ലാലിന് പിന്തുണ പ്രഖ്യാപിച്ച് ചലച്ചിത്ര സംഘടനകള്‍

തിരുവനന്തപുരം: ചലച്ചിത്ര അവാര്‍ഡ് വിവാദത്തില്‍ നടന്‍ മോഹന്‍ലാലിനു പിന്തുണയുമായി ചലച്ചിത്ര രംഗത്തെ സംഘടനകള്‍. അവാര്‍ഡ് ദാന ചടങ്ങില്‍നിന്ന് മോഹന്‍ലാലിനെ ഒഴിവാക്കുന്നതിന് എതിരെ താര സംഘടനയായ അമ്മയും സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയും വിതരണക്കാരും മുഖ്യമന്ത്രിക്കു കത്തു നല്‍കി. 

മോഹന്‍ലാലിനെ പുരസ്‌കാര ദാന ചടങ്ങില്‍നിന്ന് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് ചലച്ചിത്ര, സാംസ്‌കാരിക പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കു ഭീമഹര്‍ജി നല്‍കിയിരുന്നു. പുരസ്‌കാര ചടങ്ങിലേക്ക് അവാര്‍ഡ് ജേതാവിനെക്കൂടാതെ മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു, മോഹന്‍ലാലിന്റെ പേരു പരാമര്‍ശിക്കാതെയുള്ള ഹര്‍ജി. ഈ സാഹചര്യത്തിലാണ് ചലച്ചിത്ര രംഗത്തെ സംഘടനകള്‍ മോഹന്‍ലാലിനു പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നിരിക്കുന്നത്. ഭീമഹര്‍ജിക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും സര്‍ക്കാര്‍ ഇത് അന്വേഷിക്കണമെന്നും സംഘടനകള്‍ സംയുക്തമായി നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷണിക്കപ്പെടാത്ത ആളെ ഒഴിവാക്കണമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്. ഇതിനു പിന്നില്‍ ലാലിന് എതിരായ ഗൂഢാലോചനയുണ്ട്- കത്തില്‍ പറയുന്നു.

ഭീമഹര്‍ജിയില്‍ പേരു ചേര്‍ത്തിരുന്ന നടന്‍ പ്രകാശ് രാജ്, താന്‍ മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പുവച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരുന്നു. ക്യാമറാമാന്‍ സന്തോഷ് തുണ്ടിയിലും ഇതേ കാര്യം വ്യക്തമാക്കി രംഗത്തുവന്നു. ഇതിനെത്തുടര്‍ന്ന് ഹര്‍ജിയില്‍ പേരുള്ള ചലച്ചിത്ര അക്കാദമി ഭരണസമിതി അംഗം സംവിധായകന്‍ ഡോ. ബിജു വിശദീകരണക്കുറിപ്പിറക്കി. ഹര്‍ജി മോഹന്‍ലാലിനെ എതിരെയായിരുന്നില്ലെന്നും ഏതു താരത്തയും പുരസ്‌കാര ചടങ്ങിലേക്ക് ക്ഷണിക്കുന്നതിനെ എതിര്‍ത്തുകൊണ്ടാണ് എന്നാണ്് വിശദീകരണത്തില്‍ പറയുന്നത്. 

അതിനിടെ, സംസ്ഥാന ചലിച്ചത്ര പുരസ്‌കാര വിതരണ ചടങ്ങിലേക്കു മുഖ്യാതിഥിയായി ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍ അറിയിച്ചു. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും വ്യക്തമാക്കി. 

'എന്നെ ക്ഷണിച്ചാല്‍തന്നെ പോകണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്. ഇപ്പോള്‍ ക്ഷണംപോലും കിട്ടാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണു പ്രതികരിക്കുക വിവാദത്തെക്കുറിച്ച് മോഹന്‍ലാല്‍ പ്രതികരിച്ചു.

താനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണെന്നും അതാണ് തന്റെ ജോലിയെന്നും ലാല്‍ പറഞ്ഞു.

ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പരിപാടിയിലേക്ക് സര്‍ക്കാര്‍ നേരിട്ട് മോഹന്‍ലാലിനെ ക്ഷണിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പശ്ചാത്തലത്തില്‍ മോഹന്‍ലാലിന്റെ പേരു പറയാതെ എതിര്‍പ്പുമായി ഒരു സംഘം രംഗത്തെത്തിയത്.
'മുഖ്യമന്ത്രിയെയും പുരസ്‌കാര ജേതാക്കളെയും മറികടന്നു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് അനൗചിത്യം മാത്രമല്ല, ജേതാക്കളുടെ നേട്ടത്തെ കുറച്ചുകാട്ടുക കൂടിയാണ്. മുഖ്യാതിഥിയായി സിനിമയിലെ തന്നെ ഒരു താരം വരുമ്പോള്‍ അദ്ദേഹം അഭിനയിച്ച സിനിമകള്‍ കൂടി ഉള്‍പ്പെട്ട വിധിനിര്‍ണയത്തില്‍ പുരസ്‌കാരം നേടിയ ആളുകളെ ചെറുതാക്കുന്ന നടപടിയാകുമത്. ചടങ്ങിലെ മുഖ്യാതിഥികള്‍ മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും ജേതാക്കളും മാത്രമായിരിക്കണം. മറ്റൊരു മുഖ്യാതിഥിയെ ക്ഷണിക്കുന്ന രീതി നല്ല സന്ദേശമല്ല നല്‍കുന്നത്. ഇതു ദൂരവ്യാപക ദോഷം ചെയ്യുന്ന കീഴ്‌വഴക്കമായി മാറും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു.

എഴുത്തുകാരായ എന്‍.എസ്.മാധവന്‍, സച്ചിദാനന്ദന്‍, കെ.ജി.ശങ്കരപ്പിള്ള, സേതു, എം.എന്‍.കാരശേരി, സി.വി.ബാലകൃഷ്ണന്‍, വി.ആര്‍.സുധീഷ്, സുസ്‌മേഷ് ചന്ദ്രോത്ത്, കെ.ഇ.എന്‍.കുഞ്ഞഹമ്മദ്, സിനിമാ മേഖലയില്‍നിന്നു പ്രകാശ് രാജ്, രാജീവ് രവി, എം.ജെ.രാധാകൃഷ്ണന്‍, പ്രിയനന്ദനന്‍, സിദ്ധാര്‍ഥ് ശിവ, ഡോ.ബിജു, സനല്‍കുമാര്‍ ശശിധരന്‍, പ്രകാശ് ബാരെ, ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, സജിത മഠത്തില്‍ തുടങ്ങിയവര്‍ നിവേദനത്തില്‍ ഒപ്പിട്ടിട്ടുണ്ട്.
 

Related Article

മോഹന്‍ലാലിന് എതിരായ പ്രസ്താവനയില്‍ ആരും ഒപ്പ് വെച്ചിട്ടില്ല; എതിര്‍ത്തത് അവാര്‍ഡ് ജേതാക്കളെ മറികടന്ന് മുഖ്യാതിഥിയെ ക്ഷണിക്കുന്നതിനെ;ഡോ.ബിജു

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കിയിട്ടില്ല; തീരുമാനിക്കേണ്ടത് സര്‍ക്കാര്‍:  അവാര്‍ഡ് വിവാദത്തില്‍ കമല്‍

മോഹന്‍ലാല്‍ കുറ്റവാളിയോ തീവ്രവാദിയോ അല്ല;പിന്നെന്തിന് അയിത്തം?: എം.എ നിഷാദ് ചോദിക്കുന്നു

കത്ത് എഴുതിയവര്‍ക്ക് ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകാന്‍ യോഗ്യത ഇല്ല; മോഹന്‍ലാല്‍ ഓസ്‌കര്‍ ചടങ്ങിലും മുഖ്യാതിഥിയാകാന്‍ യോഗ്യനെന്ന് സന്തോഷ് പണ്ഡിറ്റ്

'ആ ഹര്‍ജിയില്‍ ഞാന്‍ ഒപ്പുവച്ചിട്ടില്ല' ;  മോഹന്‍ലാലിനൊപ്പമെന്ന് പ്രകാശ് രാജ്

'ഞാനിപ്പോള്‍ സമാധാനത്തോടെ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്'; അവാര്‍ഡ് വിവാദത്തില്‍ മോഹന്‍ലാല്‍ പ്രതികരിക്കുന്നു

പുരസ്‌കാരവിതരണ ചടങ്ങില്‍ മോഹന്‍ലാല്‍ വേണം; മമ്മൂട്ടിയും മോഹന്‍ലാലും ഇല്ലെങ്കില്‍ നാഥനില്ലാത്ത അവസ്ഥയെന്ന് ഇന്ദ്രന്‍സ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com