പാര്‍വതിയുടെ ആരോപണത്തില്‍ സത്യമില്ല: ബാബുരാജ്

പാര്‍വതി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടവേള ബാബു സമ്മതിച്ചില്ല എന്ന് പറഞ്ഞതില്‍ സത്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് ബാബുരാജ്
പാര്‍വതിയുടെ ആരോപണത്തില്‍ സത്യമില്ല: ബാബുരാജ്

തിരുവനന്തപുരം : താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ നടി പാര്‍വതിയെ ഒഴിവാക്കിയെന്ന ആരോപണത്തില്‍ സത്യമില്ലെന്ന് നടൻ ബാബുരാജ്. 'പാര്‍വതി പറഞ്ഞ കാര്യങ്ങള്‍ സത്യസന്ധമാണെന്ന് തോന്നുന്നില്ല. അമ്മ ഭാരവാഹിത്വത്തിന് ആര്‍ക്കു വേണമെങ്കിലും മത്സരിക്കാമെന്നും ബാബുരാജ് പറഞ്ഞു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബാബുരാജ് അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങളെപ്പറ്റി തുറന്നു പറഞ്ഞത്. 

അമ്മയിൽ അം​ഗമാണെങ്കിൽ മൽസരിക്കുന്നതിന് അപേക്ഷ പൂരിപ്പിച്ച് കൊടുക്കാം. അതിന് അതിന്റേതായ ചില ബുദ്ധിമുട്ടുകളുണ്ട്. അവിടെ നേരിട്ട് ചെല്ലണം വോട്ടുചോദിക്കണം. അതുകൊണ്ട് പലരും തെരഞ്ഞെടുപ്പില്‍ നിന്ന് പിന്‍വാങ്ങി. പാര്‍വതി മത്സരിക്കാന്‍ ഒരുങ്ങിയപ്പോള്‍ ഇടവേള ബാബു സമ്മതിച്ചില്ല എന്ന് പറഞ്ഞതില്‍ സത്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ബാബുരാജ് അഭിപ്രായപ്പെട്ടു.

ഉണ്ണി ശിവപാല്‍ മത്സരിക്കാന്‍ മുന്നോട്ടുവന്നപ്പോൾ  വന്നപ്പോള്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് തീരുമാനിച്ചു. എന്നാല്‍ മത്സരം വേണ്ടെന്നായിരുന്നു മധു സാറിനെപ്പോലെയുള്ള സീനിയര്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടത്. ഇതേതുടർന്നാണ് തെരഞ്ഞെടുപ്പ് വേണ്ടെന്ന തീരുമാനത്തില്‍ എത്തിയത്. പകുതി ആളുകളോടും വോട്ട് ചോദിച്ചതിന് ശേഷമാണ് താൻ പോലും ഇലക്ഷന്‍ തന്നെ ഇല്ലെന്ന് മനസ്സിലാകുന്നത്. അങ്ങനെ സൗഹൃദത്തോട് കൂടി മുത്തുമണി മത്സരത്തില്‍ നിന്നും പിന്മാറിയെന്നും ബാബുരാജ് പറഞ്ഞു. 

സ്ത്രീകള്‍ നേതൃത്വത്തില്‍ വരുന്നതിന് ആരും എതിര്‍പ്പു കാണിച്ചിട്ടില്ല. മഞ്ജു വാര്യരെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടായിരുന്നു. അവര്‍ തന്നെയാണ് വേണ്ടെന്ന് പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ സംഘടനയില്‍ നിന്ന് പുറത്താക്കിയ നടപടി  ബൈലോ പ്രകാരം ശരിയായിരുന്നില്ലെന്നും ബാബുരാജ് പറയുന്നു. 'മമ്മൂട്ടിയുടെ വീട്ടില്‍ വച്ച് കൂടിയ യോഗത്തിന് ശേഷം ദിലീപിനെ പുറത്താക്കുന്നു. എല്ലാ സംഘടനകളും ദിലീപിനെ പുറത്താക്കുന്ന ആവേശത്തില്‍ അമ്മയും പുറത്താക്കിയെങ്കിലും ബൈലോ പ്രകാരം ആ നടപടി ശരിയല്ലായിരുന്നു. 

2004 ല്‍ തിലകന്‍ ചേട്ടന്റെ പ്രശ്‌നവുമായി ബന്ധപ്പെട്ട് സംഘടനയില്‍ നിന്ന് എന്നെയും പുറത്താക്കിയിരുന്നു. അന്ന് ഞാനാണ് അത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയത്.  പിന്നീട് തന്നെ തിരിച്ചെടുക്കുകയായിരുന്നെന്നും ബാബുരാജ് പറഞ്ഞു.  രാജിവെച്ച നടിമാരെ മാത്രമല്ല ഷമ്മി തിലകനെയും ജോയ് മാത്യുവിനെയും ഇനി വരുന്ന കൂടിക്കാഴ്ചയില്‍ വിളിക്കുന്നുണ്ട്. അവരുടെ പ്രശ്‌നം എന്തെന്ന് സംഘടന ചോദിച്ചറിയും'- ബാബുരാജ് കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com