മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ തമിഴ് നടന്‍ കാര്‍ത്തി

വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ കാര്‍ത്തി തന്നെയാണെന്ന് സംവിധായകന്‍ പറഞ്ഞു.
മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ തമിഴ് നടന്‍ കാര്‍ത്തി

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനായി അഭിനയിക്കാനൊരുങ്ങി തമിഴ് യുവതാരം കാര്‍ത്തി. ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന 'യാത്ര' എന്ന ചിത്രത്തിലാണ് കാര്‍ത്തിയും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നത്. യാത്രയുടെ ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ അച്ഛനായി എത്തുന്നത് പുലിമുരുകനിലൂടെ മലയാളത്തിലെത്തിയ സൂപ്പര്‍ വില്ലന്‍ ജഗപതി ബാബുവാണ്.

മഹി രാഘവ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. വൈഎസ് രാജശേഖര റെഡ്ഡിയുടെ മകന്‍ വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡിയായി അഭിനയിക്കാന്‍ ഏറ്റവും അനുയോജ്യനായ നടന്‍ കാര്‍ത്തി തന്നെയാണെന്ന് സംവിധായകന്‍ പറഞ്ഞു. ഈ വേഷത്തിനായി കാര്‍ത്തിയെ സമീപിച്ചിട്ടുണ്ടെന്നും സംവിധായകന്‍ വെളിപ്പെടുത്തി.

വൈഎസ്ആര്‍ നടത്തിയ ഒരു ഐതിഹാസിക യാത്രയുടെ കഥയാണ് മഹി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഇതിവൃത്തം. 30 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയാണ്.'സ്വാതികിരണം', 'സൂര്യപുത്രഡു', 'റെയില്‍വേക്കൂലി' എന്നിവയാണ് മമ്മൂട്ടി ഇതിനു മുമ്പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍.

ചിത്രത്തില്‍ സുഹാസിനിയും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി വൈഎസ്ആര്‍ ആകുമ്പോള്‍, സുഹാസിനി ആന്ധ്രാ പ്രദേശിലെ ആദ്യ വനിതാ ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാകും കൈകാര്യം ചെയ്യുക. മമ്മൂട്ടിയുടെ ഭാര്യ വൈഎസ് വിജയമ്മയായി എത്തുന്നത് ബാഹുബലിയില്‍ അനുഷ്‌കയുടെ ജ്യേഷ്ഠന്റെ ഭാര്യയായി അഭിനയിച്ച ആശ്രിത വെമുഗന്തിയായിരിക്കും എന്നാണു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടിയുടെ മകളായി എത്തുന്നത് തെന്നിന്ത്യന്‍ താരം ഭൂമിക ചാവ്‌ളയാണ്.

ഭരണഘടനാ ശില്‍പി ബിആര്‍ അംബേദ്കറിന്റെ ജീവിതം ആസ്പദമാക്കി ജബ്ബാര്‍ പാട്ടീല്‍ ഒരുക്കിയ 'ഡോ. ബാബാസാഹേബ് അംബേദ്കര്‍' എന്ന ചിത്രത്തിനു ശേഷം മമ്മൂട്ടി വീണ്ടും ഒരു ബയോപിക്കില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും 'യാത്ര'യ്ക്കുണ്ട്. നാഷണല്‍ ഫിലിം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച ഡോ. ബാബാസാഹേബ് അംബേദ്കര്‍ 2000ത്തിലാണ് പുറത്തിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com