തളത്തില്‍ ദിനേശനായി നിവിൻ പോളിയെത്തുന്നു ; ലൗ ആക്ഷന്‍ ഡ്രാമയുടെ കേരളത്തിലെ ഷെഡ്യൂൾ പൂർത്തിയായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 28th July 2018 05:21 PM |
Last Updated: 28th July 2018 05:21 PM | A+A A- |

തളത്തിൽ ദിനേശൻ എന്ന പേര് കേൾക്കുമ്പോൾ മനസ്സിലെത്തുക നടൻ ശ്രീനിവാസന്റെ മുഖമാണ്. മലയാളികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഹിറ്റ് സിനിമ വടക്കുനോക്കിയന്ത്രത്തിലെ ശ്രീനിവാസന്റെ നായക കഥാപാത്രമാണ് ദിനേശൻ. എന്നാൽ മലയാള സിനിമയിൽ വീണ്ടും തളത്തിൽ ദിനേശനും ശോഭയും എത്തുകയാണ്. നിവിൻ പോളിയും നയൻതാരയുമാണ് പുതിയ ദിനേശനും ശോഭയും. നടൻ ശ്രീനിവാസന്റെ മകൻ ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലൗ ആക്ഷന്‍ ഡ്രാമയിലാണ്, ഇവരെത്തുന്നത്.
എന്നാൽ പേരുകൾ മാത്രമാണ് വടക്കുനോക്കിയന്ത്രവുമായി സാമ്യമുള്ളത്. കഥയും കഥാപാത്രങ്ങളുടെ സ്വഭാവവുമൊക്കെ വേറെയാണ്. ധ്യാനിന്റെ ആദ്യ സംവിധാന സംരംഭമാണ് ലൗ ആക്ഷന്‍ ഡ്രാമ. ചിത്രത്തിന്റെ കേരളത്തിലെ ചിത്രീകരണ ഷെഡ്യൂൾ പൂർത്തിയായി. നടൻ നിവിൻ പോളിയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
നടൻ അജു വര്‍ഗീസും വിശാഖ് പി. സുബ്രഹ്മണ്യവുമാണ് ചിത്രത്തിന്റെ നിര്‍മാണം. ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, അജു വര്‍ഗീസ്, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി എന്നിവര്‍ക്കൊപ്പം തമിഴില്‍ നിന്നും കന്നടയില്‍ നിന്നുമുള്ള അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഷാന്‍ റഹ്മാനാണ് സംഗീതം. പ്രതീഷ് വര്‍മ്മ ഛായാഗ്രഹണവും വിവേക് എഡിറ്റിങും നിര്‍വഹിക്കുന്നു.