കഴിവുണ്ടെന്ന് തെളിയിക്കൂ, എന്റെ സിനിമയില്‍ അവസരം തരാം: ശ്രീ റെഡ്ഡിയോട് ലോറന്‍സ്

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയെ കുറച്ചുനാളുകളായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ശ്രീ റെഡ്ഡി എന്ന തെലുങ്ക് നടി.
കഴിവുണ്ടെന്ന് തെളിയിക്കൂ, എന്റെ സിനിമയില്‍ അവസരം തരാം: ശ്രീ റെഡ്ഡിയോട് ലോറന്‍സ്

തെന്നിന്ത്യന്‍ ചലച്ചിത്ര മേഖലയെ കുറച്ചുനാളുകളായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുകയാണ് ശ്രീ റെഡ്ഡി എന്ന തെലുങ്ക് നടി. ചലച്ചിത്ര മേഖലയിലെ പലരും തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് ശ്രീ റെഡ്ഡി ആരോപിക്കുന്നത്. അതിനുള്ള തെളിവുകളും അവരുടെ കയ്യില്‍ ഉണ്ടെന്ന് പറയുന്നു. നടന്‍ ലോറന്‍സിനെതിരെയും ഇവര്‍ ലൈംഗികാരോപണം നടത്തിയിരുന്നു. ഇപ്പോള്‍ അതിനെതിരെ പ്രതികരണവുമായി ലോറന്‍സ് രംഗത്തെത്തിയിരിക്കുകയാണ്.

ശ്രീറെഡ്ഡിയോട് യാതൊരു തെറ്റും ചെയ്തിട്ടില്ല എന്ന് ആണയിട്ട് പറയുന്ന ലോറന്‍സ് കഴിവുണ്ടെന്ന് തെളിയിച്ചാല്‍ തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്നും പറഞ്ഞു. പക്ഷേ മാധ്യമപ്രവര്‍ത്തകരുടെയും മറ്റും മുന്‍പില്‍ വെച്ച് താന്‍ പറയുന്ന ചില സീനുകളും നൃത്തരംഗങ്ങളും അഭിനയിച്ച് കഴിവ് തെളിയിച്ചാല്‍ മാത്രമേ അവസരം തരൂവെന്നാണ് ലോറന്‍സ് പറയുന്നത്.

ലോറന്‍സിന്റെ ഈ മറുപടി ചലച്ചിത്രരംഗത്ത് ചര്‍ച്ചയാവുകയാണ്. അഭിറാം ദഗ്ഗുബാട്ടി, നാനി, കൊരട്ടാല ശിവ, മുരുഗദോസ്, ശ്രീകാന്ത്, സുന്ദര്‍. സി തുടങ്ങി പലര്‍ക്കെതിരെയും ശ്രീറെഡ്ഡി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ലോറന്‍സിന്റെ കുറിപ്പ് വായിക്കാം

എന്നെ സംബന്ധിച്ചടത്തോളം ഇത് വലിയൊരു കാര്യമല്ല. ഇതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നുമില്ല. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങള്‍ക്കുള്ള എന്റെ മറുപടി എന്താണെന്ന് ആരാഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍ വിളിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെയൊരു വിശദീകരണവുമായി രംഗത്തെത്തിയത്. 

തെലുഗ് ചിത്രം റിബലിന്റെ സമയത്താണ് ശ്രീ റെഡ്ഡി എന്നെ കാണുന്നതെന്ന് അവര്‍ പറയുന്നു. അതും ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അപ്പോള്‍ തന്നെ പറയേണ്ടിരുന്ന കാര്യം ഏഴ് വര്‍ഷത്തിന് ശേഷം പറയുന്നതില്‍ എന്ത് അര്‍ഥം. അതവിടെ നില്‍ക്കട്ടെ. 

ശ്രീ റെഡ്ഡി എന്റെ ഹോട്ടല്‍ റൂമില്‍ വരുകയും ഞാന്‍ അവരെ ലൈംഗികമായി ഉപയോഗിച്ചെന്നുമാണ് ആരോപിക്കുന്നത്. കൂടാതെ ദൈവത്തിന്റെ ചിത്രവും രുദ്രാക്ഷ മാലയും എന്റെ റൂമില്‍ കണ്ടത്രേ. രുദ്രാക്ഷ മാലയും ദൈവത്തിന്റെ ചിത്രവും ഉപയോഗിച്ച് റൂമില്‍ പൂജ നടത്താന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.

നിങ്ങളോട്‌ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്നെ എനിക്ക് വ്യക്തമായി അറിയാം. ദൈവം എല്ലാം കാണുന്നുണ്ട്. മാത്രമല്ല എനിക്ക് അവരോട് യാതൊരു ദേഷ്യവുമില്ല. ഞാന്‍ നിങ്ങളുടെ എല്ലാ അഭിമുഖങ്ങളും കണ്ടു. എനിക്ക് സഹതാപം മാത്രമാണ് തോന്നുന്നത്‌. സത്യത്തില്‍ എന്താണ് നിങ്ങളുടെ പ്രശ്‌നം. അവസരം തരാമെന്ന് പറഞ്ഞ് എല്ലാവരും നിങ്ങളെ ചതിച്ചതാണോ ഇവിടുത്തെ വിഷയം. 

നിങ്ങള്‍ നല്ലൊരു നടിയാണെന്ന് പറയുന്നു. നമുക്കൊരു വാര്‍ത്താസമ്മേളനം സംഘടിപ്പിക്കാം, നിങ്ങളും വരൂ. മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍വെച്ച് തന്നെ ഞാന്‍ രണ്ട് രംഗങ്ങള്‍ നിങ്ങള്‍ക്ക് അഭിനയിക്കാനായി നല്‍കാം, കൂടെ ഒരു ഡാന്‍സ് സ്റ്റെപ്പും. അത് ഞാന്‍ സാധാരണ നല്‍കാറുള്ളതുപോലെ ബുദ്ധിമുട്ടുള്ള സ്റ്റെപ്പ് ആയിരിക്കുകയില്ല. സാധാരണ അഭിനേതാവിന് ചെയ്യാന്‍ കഴിയുന്ന ഒന്ന്.  നിങ്ങള്‍ക്ക് കഴിവ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അത് ചെയ്യാന്‍ സാധിക്കും. കഴിവുണ്ടെന്ന് തെളിയിക്കൂ. എന്നിട്ട് എന്റെ സിനിമയില്‍ അവസരം തരാം. മുന്‍കൂറായി പണവും തരാം- ലോറന്‍സ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com