സത്യമായും ഞാന്‍ വിചാരിച്ചത് രജനി സാറിന്റെ അമ്മയായി അഭിനയിക്കാനാണ് വിളിയെന്നാണ്; തുറന്നുപറഞ്ഞ് ഈശ്വരി റാവു 

കാലായിലേക്ക് ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മവേഷമായിരിക്കും താന്‍ അഭിനയിക്കേണ്ടതെന്നാണ് കരുതിയിരുന്നതെന്നും നായികാവേഷമാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും നടി ഈശ്വരി റാവു
സത്യമായും ഞാന്‍ വിചാരിച്ചത് രജനി സാറിന്റെ അമ്മയായി അഭിനയിക്കാനാണ് വിളിയെന്നാണ്; തുറന്നുപറഞ്ഞ് ഈശ്വരി റാവു 

കാലായിലേക്ക് ക്ഷണം വന്നപ്പോള്‍ രജനികാന്തിന്റെ അമ്മവേഷമായിരിക്കും താന്‍ അഭിനയിക്കേണ്ടതെന്നാണ് കരുതിയിരുന്നതെന്നും നായികാവേഷമാണെന്നറിഞ്ഞപ്പോള്‍ വിശ്വസിക്കാനായില്ലെന്നും നടി ഈശ്വരി റാവു. ഷൂട്ടിന് മുമ്പ് നായികയാണെന്നറിഞ്ഞെങ്കിലും വീട്ടിലുള്ളവരോടൊ കുട്ടികളോടോ പോലും തന്റെ കഥാപാത്രത്തെകുറിച്ച് പറഞ്ഞിരുന്നില്ലെന്ന് താരം പറയുന്നു. ചില തെലുങ്ക് ചിത്രങ്ങളില്‍ അമ്മവേഷത്തില്‍ അഭിനയിച്ചിരുന്നതുകൊണ്ടുതന്നെ കാലായില്‍ അഭിനയിക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ രജനിസാറിന്റെ അമ്മവേഷമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്, ഈശ്വരി പറയുന്നു. 

'ടെസ്റ്റ് ഷൂട്ടിനായി വന്നപ്പോള്‍ കഥാപാത്രത്തെ കുറിച്ചൊന്നും എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. ടെസ്റ്റ ഷൂട്ട് വീഡിയോ രജനി സാറിനെ കാണിച്ചപ്പോള്‍ അദ്ദേഹം സമ്മതം മൂളുകയായിരുന്നു. പിന്നീട് മൂന്ന് മാസത്തോളം ചിട്ടയായ തയ്യാറെടുപ്പുകള്‍ നടത്തികൊണ്ടിരുന്നു. അപ്പോഴും എന്തിനാണ് ഇത്രയധികം തയ്യാറെടുപ്പുകള്‍ എന്ന് സംശയം തോന്നിയിരുന്നു. സത്യം പറഞ്ഞാന്‍ ഞാന്‍ കരുതിയിരുന്നത് രജനി സാറിന്റെ അമ്മവേഷം ചെയ്യാനാണെന്നാണ്. ഇത് കേട്ടതും രജനി സാര്‍ ഒരുപാട് ചിരിച്ചു. പക്ഷെ അപ്പോഴും എന്റെ വേഷമെന്താണെന്ന് എന്നോട് പറഞ്ഞില്ല. പിന്നീടാണ് നായികയായാണ് ഞാന്‍ കാലായില്‍ അഭിനയിക്കുന്നതെന്ന് പറയുന്നത്', ഈശ്വരി പറയുന്നു. 

കേട്ടപ്പോള്‍ വിശ്വസിക്കാനായില്ലെന്നും ആരോടെങ്കിലും പറയാമോ എന്നോ ഇത് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്നൊക്കെയായിരുന്നു താന്‍ ചിന്തിച്ചിരുന്നതെന്നും ഈശ്വരി പറയുന്നു. ഷൂട്ട് തുടങ്ങുന്നതുവരെ താന്‍ ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നും വീട്ടിലുള്ളവരോ മക്കളോ പോലും നായികയാണെന്നറിയുന്നത് പിന്നീടാണെന്നും നടി പറഞ്ഞു. ' സിനിമയില്‍ എന്തും സംഭവിക്കാം. ഷൂട്ടിംഗ് ഇന്‍വിറ്റേഷനില്‍ രജനി സാറിന്റെ പേരിനടിയില്‍ എന്റെ പേര് കണ്ടപ്പോഴാണ് സത്യത്തില്‍ എനിക്ക് സമാധാനമായത്. പിന്നീടാണ് ഇതേകുറിച്ച് വീട്ടിലൊക്കെ പറയുന്നത്. എന്നേക്കാള്‍ സന്തോഷമായിരുന്നു അവര്‍ക്കൊക്കെ. 

2006ല്‍ സിമ്പു-ജ്യോതിക ചിത്രത്തിലാണ് ഈശ്വരി റാവു അവസാനമായി അഭിനയിച്ചിരുന്നത്. പിന്നീട് ഒരു ദശാബ്ദത്തിലധികം ഈശ്വരിയെ തമിഴ് സിനിമകളില്‍ കണ്ടിരുന്നില്ല. ഇടയ്ക്ക് ചില തെലുങ്ക് ചിത്രങ്ങളിലും തമിഴ് സീരിയലുകളിലും കാണാന്‍ കഴിഞ്ഞെങ്കിലും കരിയറിലെ ഒരു വലിയ ഇടവേള തന്നെയായിരുന്നു താരത്തിന് ഈ നാളുകള്‍. ഇത്രയധികം നാള്‍ സിനിമകളില്‍ നിന്ന് വിട്ടു നിന്നത് തന്നെതേടി നല്ല കഥാപാത്രങ്ങള്‍ വരാതിരുന്നതിനാലാണെന്നും ഈ കാലയളവിനിടയില്‍ സിനിമ വലരെയധികം ഗ്ലാമറസ്സായി മാറിയതിനാലാണെന്നും താരം പറഞ്ഞു. ഇപ്പോള്‍ കഥാപാത്രങ്ങള്‍ക്കായി വലിയ മത്സരം തന്നെ അഭിനേതാക്കള്‍ക്കിടയില്‍ നടക്കുന്നുണ്ട് അത്തരം കാര്യങ്ങളില്‍ ഭാഗമാകാന്‍ എനിക്കൊട്ടും താത്പര്യമില്ല, ഈശ്വരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com