'മലയാളത്തിലേക്ക് എത്തിയതിന് ഒരു കാരണം മാത്രം, മോഹന്‍ലാല്‍'; നീരാളിയുടെ സംവിധായകന്‍ പറയുന്നു

മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം എടുക്കുന്നതുകൊണ്ട് അര്‍ത്ഥം ഇല്ലായിരുന്നുവെന്നാണ് അജോയ് പറയുന്നത്
'മലയാളത്തിലേക്ക് എത്തിയതിന് ഒരു കാരണം മാത്രം, മോഹന്‍ലാല്‍'; നീരാളിയുടെ സംവിധായകന്‍ പറയുന്നു

താന്‍ മലയാളത്തിലേക്ക് എത്തിയതിന് കാരണം മോഹന്‍ലാലാണെന്ന് നീരാളിയുടെ സംവിധായകന്‍ അജോയ് വര്‍മ. മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും അതിനാല്‍ ലാലേട്ടനൊപ്പം ഒരു സിനിമ ചെയ്യാന്‍ ദീര്‍ഘനാളായി ആഗ്രഹിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ബോളിവുഡ് സംവിധായകന്റെ ആദ്യത്തെ ചിത്രമാണ് നീരാളി. 15- 20 വര്‍ഷമായി അജോയ് വര്‍മ എഡിറ്ററായിരുന്നു. രണ്ട് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്.

മോഹന്‍ലാല്‍ ഇല്ലായിരുന്നെങ്കില്‍ ഈ ചിത്രം എടുക്കുന്നതുകൊണ്ട് അര്‍ത്ഥം ഇല്ലായിരുന്നുവെന്നാണ് അജോയ് പറയുന്നത്. മലയാളം ചിത്രം ചെയ്യണമെന്ന് കരുതിയിരിക്കുമ്പോഴാണ് എഴുത്തുകാരനും സുഹൃത്തുമായ സാജു തോമസ് മികച്ച ഒരു കഥയുമായി അജോയ് വര്‍മയെ സമീപിക്കുന്നത്. ഇരുവരും ചേര്‍ന്ന് ഇതിനെ വികസിപ്പിച്ചെടുത്തു. അപ്പോഴാണ് മോഹന്‍ലാല്‍ അല്ലാതെ ആരു ചെയ്താലും ഇത് ശരിയാവില്ലെന്ന് മനസിലാക്കുന്നത്. ചിത്രം കാണുമ്പോള്‍ അത് മനസിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ചിത്രം ഒരു റോഡ് മൂവി അല്ലെന്നും ത്രില്ലര്‍ ഡ്രാമയാണെന്നും അജോയ് പറഞ്ഞു. ഒരു യാത്രയ്ക്കിടെയുണ്ടാകുന്ന ചില കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. സാജു തോമസ് മലയാളത്തിന്റെ തിരക്കഥ ഒരുക്കിയിരുന്നത്. അതിനാല്‍ ചിത്രം മലയാളത്തില്‍ എടുക്കാന്‍ തന്നെയായിരുന്നു തീരുമാനം. ഇത് ചെയ്യാന്‍ അത്ര എളുപ്പമല്ലാത്തതിനാല്‍ ഏറ്റവും മികച്ച നടനെയാണ് വേണ്ടിയിരുന്നത്. മോഹന്‍ലാലാണ് ഇതിന് ചേരുന്നതെന്ന് തനിക്ക് തോന്നി. സ്‌ക്രിപ്റ്റ് കാണിച്ചപ്പോള്‍ തന്നെ അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെന്നും അജോയ് കൂട്ടിച്ചേര്‍ത്തു.

മലയാളത്തിലായാലും ഹിന്ദിയിലായാലും സിനിമ സംവിധാനം ചെയ്യുന്നതില്‍ വ്യത്യാസമൊന്നുമില്ലെന്നാണ് അദ്ദേഹം പറയുന്നത്. നീരാളിയിലെ ഏറ്റവും വലിയ ഘടകം ഒരു ഇതിഹാസത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞൂ എന്നതാണ്. സിനിമയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നാണ് അജോയ് പറയുന്നത്. മലയാളം ഇതുവരെ കാണാത്ത ഏറ്റവും മികച്ച വിഷ്വല്‍ ഇഫക്റ്റായിരിക്കുമെന്നെല്ലാം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഷ്വല്‍ ഇഫക്റ്റ് ചിത്രത്തിലുണ്ടെങ്കിലും അത് പരമാവധി അല്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിഷ്വല്‍ ഇഫക്റ്റിന്റെ കാര്യത്തിലായാലും പുലിമുരുകനുമായി നീരാളിയെ താരതമ്യം ചെയ്യരുതെന്നും രണ്ടും വ്യത്യസ്ത ചിത്രങ്ങളാണെന്നും അജോയ് കൂട്ടിച്ചേര്‍ത്തു. ഇത്തരം വാര്‍ത്തകള്‍ താനല്ല പുറത്തുവിട്ടതെന്നും മറ്റാരോ നിര്‍മിച്ചെടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com