രജനിയുടെ രാഷ്ട്രീയ പ്രവേശനം തിരിച്ചടിയായി; കബാലിയുടെ അടുത്തുപോലും എത്താതെ കാലയുടെ ആദ്യ ദിനത്തെ കളക്ഷന്‍

'തമിഴ്‌നാട്ടില്‍ പോലും ചിത്രത്തിന്റെ ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ല'
രജനിയുടെ രാഷ്ട്രീയ പ്രവേശനം തിരിച്ചടിയായി; കബാലിയുടെ അടുത്തുപോലും എത്താതെ കാലയുടെ ആദ്യ ദിനത്തെ കളക്ഷന്‍

സൂപ്പര്‍സ്റ്റാറുകളുടെ ചിത്രങ്ങളുടെ എല്ലാം റിലീസുകള്‍ തമിഴ്‌നാട്ടില്‍ വലിയ ആഘോഷങ്ങളാണ്. പടക്കം പൊട്ടിച്ചു ബാന്റ് മുഴക്കിയുമെല്ലാം ആരാധകര്‍ തങ്ങളുടെ പ്രിയ താരങ്ങളുടെ റിലീസ് ആഘോഷമാക്കും. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത രജനീകാന്ത് ചിത്രം കാലയ്ക്കും വലിയ വരവേല്‍പ്പായിരുന്നു. എന്നാല്‍ റിലീസ് ദിവസം ബോക്‌സ് ഓഫീസില്‍ അത്ര വലിയ ചലനം രജനീകാന്ത് ചിത്രം സൃഷ്ടിച്ചില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതിന് കാരണമായി പറയുന്നത് രജനിയുടെ രാഷ്ട്രീയ പ്രഖ്യാപനവും.

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചതിന് ശേഷമുള്ള സൂപ്പര്‍സ്റ്റാറിന്റെ ആദ്യത്തെ ചിത്രമാണിത്. എന്നാല്‍ ഈ തീരുമാനം കാലയ്ക്ക് തിരിച്ചടിയായെന്നാണ് സിനിമ രാഷ്ട്രീയ ഗവേഷകരുടെ വാദം. ഇതിന് മുന്ന് ഇറങ്ങിയ രജനീകാന്തിന്റെ കബാലിയുടെ ആദ്യ ദിവസത്തെ കളക്ഷന്റെ അടുത്തു പോലും കാല എത്തിയില്ലെന്നാണ് ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള പറയുന്നത്. മികച്ച കളക്ഷന്‍ നേടാന്‍ ചിത്രത്തിനായി. പക്ഷേ കബാലിയുടെ ആദ്യ ദിവസത്തെ കളക്ഷനുമായി താരതമ്യം ചെയ്യരുത്. ഇതൊരു വമ്പന്‍ റിലീസായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. തമിഴ്‌നാട്ടില്‍ പോലും ചിത്രത്തിന്റെ ടിക്കറ്റ് ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യത്തെ 2000 തീയെറ്ററുകളിലായാണ് കാല റിലീസിന് എത്തിയത്. 2016 ല്‍ റിലീസ് ചെയ്ത കബാലി 3000-3500 തീയെറ്ററുകളില്‍ റിലീസ് ചെയ്തിരുന്നു. ആദ്യ ദിവസം 87.5 കോടി രൂപയാണ് വാരിയത്. എന്നാല്‍ കാലയ്ക്ക് ലഭിച്ചത് 51 കോടിയോളം രൂപയാണ്. തമിഴ്‌നാട്ടില്‍ നിന്നും 17 കോടിയില്‍ അധികവും ആന്ധ്രയില്‍ നിന്ന് ഏഴ് കോടിയും കേരളത്തില്‍ നിന്ന് 3 കോടി രൂപയും കാല നേടി.

കര്‍ണാടകയില്‍ ചിത്രത്തിന് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയതും ചിത്രത്തിന് തിരിച്ചടിയായി. കര്‍ണാടകയില്‍ രജനീകാന്ത് ചിത്രങ്ങള്‍ക്ക് മികച്ച വരവേല്‍പ്പാണ് ലഭിക്കാറ്. ഇത്തവണ സുരക്ഷ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചിത്രം റിലീസ് ചെയ്യാന്‍ കര്‍ണാടകയിലെ തീയെറ്റര്‍ ഉടമകള്‍ തയാറായില്ല. കാവേരി വിഷയത്തിലെ കര്‍ണാടകയ്‌ക്കെതിരായ രജനീകാന്തിന്റെ അഭിപ്രായ പ്രകടനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു.

പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മുംബൈയിലെ അധോലോക നായകനായാണ് താരം എത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com