'മകളുടെ പ്രായമുള്ള നടിമാര്‍ക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍, ഈ പ്രായത്തില്‍ എനിക്ക് ഐറ്റം ഡാന്‍സ് ചെയ്യാം'; കസ്തൂരി

കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്നായി വിക്രം ഫാന്‍സിന്റെ ചോദ്യം
'മകളുടെ പ്രായമുള്ള നടിമാര്‍ക്കൊപ്പം വിക്രത്തിന് അഭിനയിക്കാമെങ്കില്‍, ഈ പ്രായത്തില്‍ എനിക്ക് ഐറ്റം ഡാന്‍സ് ചെയ്യാം'; കസ്തൂരി

വിക്രമിന്റെ ചിത്രത്തെ വിമര്‍ശിച്ചതിന് സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചവര്‍ക്ക് കുറിക്ക് കൊള്ളുന്ന മറുപടിയുമായി നടി കസ്തൂരി. റിലീസിന് തയാറെടുക്കുന്ന സാമി 2 എന്ന ചിത്രത്തിന്റെ ട്രെയ്‌ലറിനെ വിമര്‍ശിച്ചതിനാണ് കസ്തൂരിക്ക് വെട്ടുകിളികളുടെ അക്രമണം നേരിടേണ്ടിവന്നത്. ഹരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെയാണ് പുറത്തുവിട്ടത്. എന്നാല്‍ ടീസറിനെക്കുറിച്ച് അത്ര മികച്ച റിപ്പോര്‍ട്ടുകളല്ല പുറത്തുവരുന്നത്. 

ടീസറിനെ ട്രോളിക്കൊണ്ട് കസ്തൂരി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. റിലീസിന് ഒരുങ്ങുന്ന തമിഴ് പടം 2 ന്റെ ടീസറുമായി ഇതിന് ബന്ധമുണ്ടെന്നും വെറും ടെംപ്ലേറ്റ് ഷോട്ടുകള്‍ നിരത്തിയാണ് സാമി 2 വിന്റെ ടീസര്‍ ഒരുക്കിയിട്ടുള്ളതുമെന്നും കസ്തൂരി ട്വീറ്റ് ചെയ്തത്. എന്നാല്‍ ഇത് വിക്രമിന്റെ ആരാധകര്‍ക്ക് രസിച്ചില്ല, നടിയെ അധിക്ഷേപിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. കിളവിയായിട്ടും ഐറ്റം ഡാന്‍സ് കളിച്ചുനടക്കാന്‍ നാണമില്ലേയെന്നായി വിക്രം ഫാന്‍സിന്റെ ചോദ്യം. 

വിക്രമിനെ പരിഹസിച്ചുകൊണ്ടാണ് കസ്തൂരി ഇതിന് മറുപടി നല്‍കിയത്. മകളുടെ പ്രായം വരുന്ന നടിമാര്‍ക്കൊപ്പം അഭിനയിക്കാന്‍ വിക്രത്തിന് പറ്റുമെങ്കില്‍ ഈ പ്രായത്തില്‍ എനിക്ക് എന്തുകൊണ്ട് ഐറ്റം ഡാന്‍സ് ചെയ്തൂടായെന്നായിരുന്നു കസ്തൂരിയുടെ മറുപടി. സ്വാമി 2 ല്‍ കീര്‍ത്തി സുരേഷാണ് വിക്രമിന്റെ നായികയായി എത്തുന്നത്. എന്തായാലും താരത്തിന്റെ പ്രതികരണം തമിഴ്‌സിനിമയില്‍ ചര്‍ച്ചയായിരിക്കുകയാണ്. തമിഴ്‌സിനിമകളിലെ രംഗങ്ങള്‍ കോര്‍ത്തിണക്കി ഒരുക്കുന്ന തമിഴ് പടം എന്ന ചിത്രത്തിന്റെ ടീസര്‍ ഇതിനോടകം ശ്രദ്ധനേടിയിരുന്നു.ഈ ചിത്രത്തില്‍ കസ്തൂരി ഒരു ഐറ്റം ഡാന്‍സ് ചെയ്യുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com