മോഹന്‍ലാല്‍ ഉള്ളതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ വിജയിക്കണമെന്നില്ല; ശ്രദ്ധിച്ചില്ലെങ്കില്‍ അതിനു മലയാളി ഹൗസിന്റെ ഗതിവരുമെന്ന് സന്തോഷ് പണ്ഡിറ്റ്

മോഹന്‍ലാല്‍ ഉള്ളതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ വിജയിക്കണമെന്നില്ല; ശ്രദ്ധിച്ചില്ലെങ്കില്‍ അതിനു മലയാളി ഹൗസിന്റെ ഗതിവരുമെന്ന് സന്തോഷ് പണ്ഡിറ്റ്
മോഹന്‍ലാല്‍ ഉള്ളതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ വിജയിക്കണമെന്നില്ല; ശ്രദ്ധിച്ചില്ലെങ്കില്‍ അതിനു മലയാളി ഹൗസിന്റെ ഗതിവരുമെന്ന് സന്തോഷ് പണ്ഡിറ്റ്

മോഹന്‍ലാല്‍ അവതാരകനായതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ മലയാളത്തില്‍ വിജയിക്കണമെന്നില്ലെന്ന് നടന്‍ സന്തോഷ് പണ്ഡിറ്റ്. മോഹന്‍ലാല്‍ ഷോയുടെ ഒരു ഘടകം മാത്രമാണെന്നും ബിഗ് ബോസ് വിജയിക്കുന്നതില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെന്നത് പ്രധാനമാണെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസുമായുള്ള  അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാമര്‍ശം.

മോഹന്‍ലാല്‍ സ്‌മോള്‍ സ്‌ക്രീന്‍ അവതാരകനായി എത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. അത് ഷോയ്ക്ക് വലിയ മൈലേജ് നല്‍കും. എന്നാല്‍ മോഹന്‍ലാല്‍ എന്നത് ഒരു ഘടകം മാത്രമാണ്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡുകള്‍ കാണാന്‍ ആരാധകര്‍ എത്തും. എങ്കിലും ഷോ വിജയമാവാന്‍ പങ്കെടുക്കുന്നവരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ബിഗ് ബോസിന്റെ വിജയത്തില്‍ നിര്‍ണായകം അതാണെന്നാണ് താന്‍ കരുതുന്നത്. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതിയാവും ബിഗ് ബോസിനെ കാത്തിരിക്കുന്നത്. ഒരൊറ്റ സീസന്‍ കൊണ്ട് അതു നിര്‍ത്തേണ്ടി വരും- സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.

നമ്മുടെ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ ഇത്തരം ഷോകള്‍ക്കു വലിയ പങ്കുണ്ട്. എന്നാല്‍ ചാനലുകള്‍ സെലിബ്രിറ്റികളെ മാത്രം അതില്‍ പങ്കെടുപ്പിച്ചാല്‍ ഈ ലക്ഷ്യം നടക്കില്ല. സമൂഹത്തിന്റെ ഒരു പരിച്ഛേദത്തെ ഷോയില്‍ പങ്കെടുപ്പിക്കാനാവും താനാണെങ്കില്‍ ശ്രമിക്കുക. റേറ്റിങ്ങിനു വേണ്ടി അഞ്ചോ ആറോ സെലിബ്രിറ്റികളെ ഉള്‍പ്പെടുത്തും. എന്നാല്‍ ശേഷിച്ച എട്ടു പേരുടെ കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തും. ഒരു വിമിച്ച സൈനികനെയും പൊലീസ് ഉദ്യോഗസ്ഥനെയും പങ്കെടുപ്പിക്കും. ഒരു കര്‍ഷകന്‍, വക്കീല്‍, ടീച്ചര്‍, ഡോക്ടര്‍ ഇവരും ഷോയിലുണ്ടാവും. 

ഷോയില്‍ സര്‍ഗാത്മക ചര്‍ച്ചയ്ക്കായിരിക്കണം പ്രാധാന്യം. വെറും ഗോസിപ്പും ബോഡി ഷെയ്മിങ്ങും മാത്രം പോര. മലയാളി ഹൗസില്‍ പങ്കെടുക്കുന്ന സമയത്ത് കുടുതല്‍ കളിയാക്കലിന് ഇരയായ ആളാണ് താനെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. ''ഞാന്‍ പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനിയര്‍ ആയിരുന്നു എന്നു പോലും അറിയാതെ വിദ്യാഭ്യാസ യോഗ്യത ചോദ്യം ചെയ്തവരുണ്ട്''- സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മലയാളി ഹൗസില്‍ തനിക്ക് ആഴ്ചയില്‍ നാലു ലക്ഷം രൂപ പ്രതിഫലം കിട്ടിയപ്പോള്‍ മറ്റു പലര്‍ക്കും അയ്യായിരവും ഇരുപത്തി അയ്യായിരവുമായിരുന്നു പ്രതിഫലമെന്നും സന്തോഷ് പണ്ഡിറ്റ് ചൂണ്ടിക്കാട്ടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com