അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതലയേല്‍ക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th June 2018 07:57 AM |
Last Updated: 24th June 2018 07:57 AM | A+A A- |

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ ഇന്ന് ചുമതല ഏല്‍ക്കും. മാധ്യമങ്ങളെ ഒഴിവാക്കിയാണ് യോഗം നടക്കുക. നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതലയേല്‍ക്കും.
സംഘടനയുടെ മറ്റ് ഭാരവാഹികളായി എത്തുന്നത് ചെറുപ്പക്കാരും സ്ത്രീകളുമാണ് എന്നതും പ്രത്യേകതയാണ്. സംഘടനയെ ചോദ്യം ചെയ്തവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കിയാണ് പുതിയ രൂപീകരണം. ഇത് പ്രതിഷേധത്തിന് വഴിവെക്കാന്‍ സാധ്യതയുണ്ട്.
കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച സംഭവും നടന്‍ ദിലീപിന്റെ അറസ്റ്റുമെല്ലാം സംഘടനയില്‍ ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. താരങ്ങള്‍ക്കിടയില്‍ വനിതാ കൂട്ടായ്മ രൂപീകരിച്ചത് വിഭാഗീയത രൂക്ഷമാക്കുകയും ചെയ്തിരുന്നു.