ദിലീപിനെ 'അമ്മ'യിലേയ്ക്ക് തിരിച്ചു കൊണ്ടുവരണമെന്ന് താരങ്ങള്‍; ഇനി തീരുമാനം ദിലീപിന്റേത്‌ 

ആരോപണ വിധേയനായ നടന്‍ ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ലെന്ന് ചൂണ്ടികാട്ടിയാണ് താരത്തെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്
ദിലീപിനെ 'അമ്മ'യിലേയ്ക്ക് തിരിച്ചു കൊണ്ടുവരണമെന്ന് താരങ്ങള്‍; ഇനി തീരുമാനം ദിലീപിന്റേത്‌ 

ലയാള ചലചിത്ര താരസംഘടനയായ അമ്മയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍ സംഘടനയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യമുയര്‍ത്തി മുതിര്‍ന്ന താരങ്ങള്‍  രംഗത്തെത്തി. ആരോപണ വിധേയനായ നടന്‍ ദിലീപിനെ പുറത്താക്കിയത് നിയമപരമായല്ലെന്ന് ചൂണ്ടികാട്ടിയാണ് താരത്തെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത്. വിശദീകരണം തേടാതെ സംഘടനയില്‍ നിന്ന് പുറത്താക്കിയതിന് ദിലീപ് കോടതിയില്‍ പോകാത്തത് ഭാഗ്യമെന്നും അമ്മ യോഗത്തില്‍ താരങ്ങള്‍ അഭിപ്രായപ്പെട്ടു. 

അമ്മയുടെ എക്‌സിക്യൂട്ടീവ് പതവികളില്‍ പുതിയ  ആളുകള്‍ ചുമതലയേറ്റതിന് പിന്നാലെയാണ് ജനറല്‍ ബോഡിയില്‍ ദിലീപ് വിഷയം ചര്‍ച്ചയായത്. നടി ഊര്‍മിള ഉണ്ണിയാണ് വിഷയം ആദ്യം ശ്രദ്ധയില്‍ കൊണ്ടുവന്നത്. സംഘടനയുടെ നിയമാവലി അനുസരിച്ചുള്ള  നടപടിക്രമങ്ങള്‍ പിന്തുടരാതെ താരത്തെ പുറത്താക്കിയത് ശരിയായരീതി അല്ലെന്നായിരുന്നു ഊര്‍മിള ഉണ്ണി അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് നടന്‍ സിദ്ദിഖ് അടക്കമുള്ളവര്‍ ദിലീപിനായി രംഗത്തെത്തി. കോടതിയില്‍ പോലും സ്വന്തം ഭാഗം ന്യായീകരിക്കാന്‍ അവകാശമുള്ള സാഹചര്യത്തില്‍ സംഘടനയില്‍ ദിലീപിന് ഇത് നിഷേധിക്കപ്പെടുകയായിരുന്നെന്ന് താരങ്ങള്‍ ആരോപിച്ചു. ഈ വിഷയത്തിന്മേലുള്ള നടപടികള്‍ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ചചെയ്യാമെന്ന ധാരണയില്‍് വിഷയം അവസാനിപ്പിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗത്തിലും താരങ്ങള്‍ ദിലീപിനെ അനുകൂലിച്ച് നിലപാടെടുത്തതിനെതുടര്‍ന്ന് ദിലീപിന്റെ അഭിപ്രായം അറിയാന്‍ തീരുമാനിക്കുകയായിരുന്നു. തിരിച്ചെടുക്കാന്‍ ഏകദേശ ധാരണയായെന്നും ഇത് ദിലീപിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ കൂടി തീരുമാനം അറിഞ്ഞശേഷം മതി ഇതുസംബന്ധിച്ച അവസാനവാക്കെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. 

നിലവിലെ പ്രസിഡന്റ് ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതിനെ തുടര്‍ന്നാണ് മോഹന്‍ലാല്‍ സംഘടനയുടെ അധ്യക്ഷ പദവിയില്‍ എത്തിയിരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയുന്ന മമ്മൂട്ടിക്ക് പകരം ഇടവേള ബാബു ചുമതലയേറ്റു. സിനിമയിലെ വനിതാസംഘടനയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ യോഗത്തില്‍ നിന്ന് വിട്ടുനിന്നതും പ്രമുഖ യുവതാരങ്ങള്‍ പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായി. മഞ്ജു വാര്യര്‍, പൃഥ്വിരാജ്, രമ്യ നമ്പീശന്‍, റിമ കല്ലിങ്കല്‍,നിവിന്‍ പോളി, പാര്‍വ്വതി, ടൊവിനോ തുടങ്ങിയവര്‍ യോഗത്തില്‍നിന്ന് വിട്ടുനിന്നുവെന്നാണ് റിപ്പോര്‍ട്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com