'അച്ചടക്ക നടപടിയുടെ പേരില്‍ അച്ഛനെ വിളിച്ചുവരുത്തി, ഇറങ്ങിപ്പോടോ എന്നു പറഞ്ഞു'; അമ്മയെ ഈ പതനത്തിലെത്തിച്ചത് തിലകനോടു ചെയ്തതിന്റെ പാപഭാരമെന്ന് മകള്‍

'അച്ചടക്ക നടപടിയുടെ പേരില്‍ അച്ഛനെ വിളിച്ചുവരുത്തി, ഇറങ്ങിപ്പോടോ എന്നു പറഞ്ഞു'; അമ്മയെ ഈ പതനത്തിലെത്തിച്ചത് തിലകനോടു ചെയ്തതിന്റെ പാപഭാരമെന്ന് മകള്‍
'അച്ചടക്ക നടപടിയുടെ പേരില്‍ അച്ഛനെ വിളിച്ചുവരുത്തി, ഇറങ്ങിപ്പോടോ എന്നു പറഞ്ഞു'; അമ്മയെ ഈ പതനത്തിലെത്തിച്ചത് തിലകനോടു ചെയ്തതിന്റെ പാപഭാരമെന്ന് മകള്‍

തിരുവനന്തപുരം: തിലകനെ അച്ചടക്കനടപടിയുടെ പേരില്‍ വിളിച്ചുവരുത്തി 'ഇറങ്ങിപ്പോടോ' എന്നുപറഞ്ഞവരാണ് താരസംഘടനയായ 'അമ്മ'യില്‍ ഉള്ളതെന്ന് തിലകന്റെ മകള്‍ ഡോ. സോണിയ തിലകന്‍. അന്നു തിലകന്‍ അനുഭവിച്ച ആത്മസംഘര്‍ഷത്തിന്റെ പാപഭാരമാണ് ആ സംഘടനയെ വിടാതെ പിന്തുടര്‍ന്ന് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നതെന്ന് ഡോ. സോണിയ പറഞ്ഞു. 

2010ല്‍ അച്ഛനെ പുറത്താക്കുമ്പോള്‍ അച്ഛന്‍ വിശദീകരണം കൊടുത്തില്ല എന്നാണ് താരസംഘടനയുടെ ഭാരവാഹികള്‍ പറഞ്ഞത്. താനാണ് അച്ഛന്റെ വിശദീകരണക്കത്ത് അന്നും ഭാരവാഹിയിരുന്ന ഇടവേള ബാബുവിന്റെ കൈയില്‍ കൊടുത്തത്- സോണിയ പറയുന്നു.

താരസംഘടനയുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ നേരത്തേ കരാറായ ഏഴുസിനിമകളില്‍ നിന്ന് അച്ഛനെ ഒഴിവാക്കി. അഭിനയിക്കാന്‍ എത്തിയ സിനിമയുടെ ലൊക്കേഷനില്‍നിന്നു മടങ്ങേണ്ട അനുഭവം ഉണ്ടായിട്ടുണ്ട്, അച്ഛന്. ഫെഫ്ക'യും എതിരായി നിന്നു. സംവിധായകന്‍ രഞ്ജിത് ഇന്ത്യന്‍ റൂപ്പി എന്ന ചിത്രത്തില്‍ അച്ഛനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ എതിര്‍പ്പാണുണ്ടായത്. എന്നാല്‍ വിഷമമൊന്നും അച്ഛന്‍ പുറത്തു പറഞ്ഞില്ല. 

ഇന്ത്യന്‍ റുപ്പികാണാന്‍ അച്ഛനൊപ്പം ഞാനും പോയിരുന്നു. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹത്തിന്റെ അന്നത്തെ സന്തോഷം കണ്ടപ്പോള്‍ ആദ്യ ചിത്രം കാണാന്‍ പോവുകയാണോ എന്നു തോന്നി. സിനിമ തുടങ്ങിക്കഴിഞ്ഞിട്ട് പോകാമെന്നാണ് അച്ഛന്‍ പറഞ്ഞത്. ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ ടൗവ്വല്‍ തലയിലിട്ടാണ് തിയേറ്ററിലേക്ക് കടന്നത്. സിനിമയിലെ ഒരു രംഗത്തില്‍ പൃഥ്വിരാജിന്റെ കഥാപാത്രം അച്ഛന്റെ കഥാപാത്രത്തോടു ചോദിക്കുന്നുണ്ട്, 'ഇത്രയും നാള്‍ എവിടെയായിരുന്നു?' ഒരു പൊട്ടിച്ചിരിയായിരുന്നു മറുപടി.

അപ്പോഴേക്കും തിയേറ്ററില്‍ പ്രേക്ഷകര്‍ എണീറ്റുനിന്നു കൈയടിച്ചു.  ഒരു നടന് പ്രേക്ഷകര്‍ കൊടുത്ത അംഗീകാരമായിരുന്നു അത്. ഞാന്‍ നോക്കിയപ്പോള്‍ അച്ഛന്‍ തേങ്ങിക്കരയുന്നു- സോണിയ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com