ദിലീപിനെ തിരിച്ചെടുത്തത് ഏകകണ്ഠം; എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറെന്ന് മോഹന്‍ലാല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th June 2018 06:05 PM |
Last Updated: 30th June 2018 07:37 PM | A+A A- |

കൊച്ചി: താരസംഘടനയായ അമ്മയിലേക്ക് നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ വിശദീകരണവുമായി അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ദിലീപിനെ വീണ്ടും സംഘടനയിലേക്ക് എടുക്കാനുള്ള തീരുമാനം യോഗം ഏകകണ്ഠമായി തീരുമാനിച്ചതാണ്. എതിര്‍പ്പുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പരിശോധനയ്ക്ക് സംഘടന തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.ലണ്ടനില്‍ നിന്നം മാധ്യമങ്ങള്‍ക്ക് അയച്ച വിശദീകരണകത്തിലാണ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്.
അമ്മയ്‌ക്കെതിരെയുള്ള പ്രസ്്താവനകള്‍ വേദനയുണ്ടാക്കി. അമ്മ എന്ന വാക്കിന്റെ പൊരുളറിഞ്ഞാണ് ഇത്രകാലം സംഘടയില്‍ നിലകൊണ്ടത്. അമ്മ എപ്പോഴും ഇരയായ പെണ്‍കുട്ടിക്കൊപ്പമായിരുന്നു. അമ്മയാണ് ഇരയായ പെണ്‍കുട്ടിയടെ വേദന ആദ്യം ഏറ്റുവാങ്ങിയത് അമ്മ് എന്ന സംഘടനയാണ്. സംഘടനയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു
വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണരൂപം
പ്രിയപ്പെട്ടവരേ, 'AMMA' എന്ന വാക്കിന്റെ പൊരുള്‍ അറിഞ്ഞുകൊണ്ടുതന്നെയാണ് ഇക്കാലമത്രയും ആ സംഘടന നിലനിന്നതും നിലനില്‍ക്കുന്നതും എന്ന ഉത്തമ ബോദ്ധ്യം ഞങ്ങള്‍ക്കുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളിലൂടെ അര്‍ഹിക്കുന്നതിലേറെ കേള്‍ക്കണ്ടിവന്നതിനാലാണ് വേദനയോടെ ഈ കുറിപ്പെഴുതുന്നത്.
2018 ജൂണ്‍ 24 ന് ചേര്‍ന്ന AMMAയുടെ പൊതുയോഗത്തില്‍ എതിര്‍ശബ്ദങ്ങളില്ലാതെ ഉയര്‍ന്നു വന്ന പൊതുവികാരമാണ് ദിലീപിനെതിരേ ഉണ്ടായ പുറത്താക്കല്‍ നടപടി മരവിപ്പിക്കുക എന്നത്. പൊതുയോഗത്തിന്‍ ഏകകണ്ഠമായ അഭിപ്രായത്തോടൊപ്പം നില്‍ക്കുക എന്ന പ്രാഥമികമായ ജനാധിപത്യ മര്യാദയാണ് 'AMMA' നേത്യത്വം കൊണ്ടത്. അതിനപ്പുറമുള്ള എന്തെങ്കിലും നിക്ഷിപ്ത താല്പര്യങ്ങളോ നിലപാടാ ഈ വിഷയത്തില്‍ 'അമ്മ നേതൃത്തത്തിനില്ല. ഞങ്ങളുടെ ഒരു സഹപ്രവര്‍ത്തകയ്ക്കു നേരെയുണ്ടായ കിരാതമായ ആക്രമണത്തെക്കുറിച്ചറിഞ്ഞപ്പോള്‍ ഞങ്ങള്‍ . ചലച്ചിത്രപ്രവര്‍ത്തകര്‍ തന്നെയാണ് ആ വേദന ആദ്യം ഏറ്റുവാങ്ങിയത്. അന്നുമുതല്‍ ഇന്നുവരെ ആ സഹോദരിക്കൊപ്പം തന്നെയാണ് ഞങ്ങള്‍. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള ഒരു സംഘടനയാണ് അമ്മ. അതില്‍ പകുതിയിലേറെപ്പേരും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവരാണ്. സ്വന്തമായി വീടില്ലാത്തവര്‍, നിത്യച്ചിലവുകള്‍ക്കു വഴിയില്ലാത്തവര്‍, രോഗ ചികിത്സക്ക് പണമില്ലാത്തവര്‍ . അങ്ങനെ ഒട്ടേറെ അംഗങ്ങളുണ്ട് അമ്മയില്‍. അതിലേറെയും സ്ത്രീകള്‍. അങ്ങനെ ഉള്ള 137 മക്കള്‍ക്കാണ് ഈ സംഘടന മുടങ്ങാതെ മാസം തോറും കൈനീട്ടമെത്തിക്കുന്നത്. മറ്റു ധനസഹായങ്ങള്‍, ഇന്‍ഷുറന്‍സ് പരിരക്ഷ എന്നിവ വേറെയും. 24 . തീയതിയിലെ യോഗത്തില്‍ തന്നെയെടുത്ത മറ്റൊരു തീരുമാനം അകാലത്തില്‍ അന്തരിച്ചുപോയ കൊല്ലം അജിത് എന്ന നടന്‍ നിരാലംബരായ കുടുംബത്തിന് സ്വന്തമായി ഒരു വീട് നിര്‍മ്മിച്ച് നല്‍കുക എന്നതായിരുന്നു. ഇതൊക്കെ എണ്ണിയെണ്ണി ബോധ്യപ്പെടുത്തി കയ്യടിനേടാന്‍ ഒരിക്കലും 'അമ്മ ശ്രദ്ധിച്ചിട്ടില്ല. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീവിരുദ്ധ സംഘമെന്ന് മുദ്രകുത്തുന്നത് മനുഷ്യത്വരഹിതമാണ്. ദിലീപിന്റെ അംഗത്വം സംബന്ധിച്ച് പൊതുയോഗം കൈക്കൊണ്ട് തീരുമാനം ഔദ്യോഗികമായി ആ നടനെ അറിയിക്കപോലും ചെയ്തിട്ടില്ല. അതിനു മുമ്പേതന്നെ അമ്മക്കെതിരെ മാധ്യമങ്ങള്‍ അതൊരായുധമായി പ്രയോഗിച്ചുതുടങ്ങി. സത്യമെന്തെന്നു അറിയും മുമ്പ് നമ്മള്‍ ബഹുമാനിക്കുന്ന ഒട്ടേറെ വ്യക്തികള്‍ എതിര്‍പ്പുമായി രംഗത്തുവന്നു.
ഇങ്ങനെയൊക്കെയാണെങ്കിലും സമൂഹ മധ്യത്തില്‍ ഉയര്‍ന്നുവന്ന എല്ലാ വിമര്‍ശനങ്ങളെയും പൂര്‍ണ്ണമനസ്സോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു ആ വാര്‍ഷിക ജനറല്‍ ബോഡിയില്‍ പങ്കെടുക്കാത്ത ചിലര്‍ പിന്നീട് എതിര്‍ ശബ്ദമുയര്‍ത്തി സംഘടനയില്‍ നിന്ന് പുറത്തുപോകുന്നു എന്ന് പ്രഖ്യാപിക്കുകയുണ്ടായി, ആ തീരുമാനത്തിന് പുറകിലെ വികാരങ്ങള്‍ എന്തായാലും അത് പരിശോധിക്കാന്‍ പുതിയ നേതൃത്വം തയ്യാറാണ്. തിരുത്തലുകള്‍ ആരുടെ പക്ഷത്തുനിന്നായാലും നടപ്പാക്കാം. വിയോജിപ്പുകള്‍ യോജിപ്പുകളാക്കി മാറ്റാം. പുറത്തുനിന്നു അഴുക്കുവാരിയെറിയുന്നവര്‍ അതു ചെയ്യട്ടെ ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഢ ലക്ഷ്യത്തോടെ പെരുമാറുന്നവരെ തല്‍ക്കാലം നമ്മുക്ക് അവഗണിക്കാം. സംഘടനയിലെ അംഗങ്ങള്‍ ഒരുമയോടെ നില്‍ക്കേണ്ടത് നമ്മുടെ മാത്രം കാര്യമാണ് അതുമാത്രം ഓര്‍ക്കുക..