'നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു, നേതൃത്വത്തില്‍ എത്തിയത് നോമിനികള്‍' ; 'അമ്മ'യ്‌ക്കെതിരെ പാര്‍വതിയും പത്മപ്രിയയും 

അമ്മയുടെ നിലപാടുകള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്ന് പാര്‍വതി
'നോമിനേഷന്‍ നല്‍കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു, നേതൃത്വത്തില്‍ എത്തിയത് നോമിനികള്‍' ; 'അമ്മ'യ്‌ക്കെതിരെ പാര്‍വതിയും പത്മപ്രിയയും 

കൊച്ചി : താരസംഘടനയായ അമ്മ നേതൃത്വത്തിനെതിരെ നടി പാര്‍വതിയും പത്മപ്രിയയും. അമ്മ സംഘടനയിലേക്ക് മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും തങ്ങളെ പിന്തിരിപ്പിച്ചതായി
പാര്‍വതിയും പത്മപ്രിയയും ആരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് വിദേശത്തായിരിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നോമിനേഷന്‍ നല്‍കുന്നതില്‍ നിന്നും തങ്ങളെ തടഞ്ഞതെന്നും ഇരുവരും വ്യക്തമാക്കി.

അമ്മയിലെ തെരഞ്ഞെടുപ്പ് സുതാര്യമല്ല. അമ്മ നേതൃത്വത്തില്‍ ഇപ്പോള്‍ എത്തിയവര്‍ സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരഞ്ഞെടുപ്പിലൂടെയല്ല. ഇപ്പോഴത്തെ നേതൃത്വത്തില്‍ പലരും ആരുടെയൊക്കെയോ നോമിനികളാണെന്നും നടി പാര്‍വതി ആരോപിച്ചു. അമ്മയുടെ നിലപാടുകള്‍ ധാര്‍മ്മികതയ്ക്ക് നിരക്കുന്നതല്ലെന്നും പാര്‍വതി പറയുന്നു. 

സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തിനനുസരിച്ച് ജനറല്‍ബോഡിയില്‍ ശബ്ദ വോട്ടോടെയോ, തെരഞ്ഞെടുപ്പിലൂടെയോ ഭാരവാഹികളെ തെരഞ്ഞെടുക്കും എന്നാണ് അമ്മയുടെ വെബ്‌സൈറ്റില്‍ കൊടുത്തിട്ടുള്ള ബൈലോയില്‍ പറയുന്നത്. എന്നാല്‍ ഈ രണ്ടു രീതിയിലുമല്ല ഇത്തവണ ഭാരവാഹി തെരഞ്ഞെടുപ്പ് നടന്നത്. ഒരുകൂട്ടം നോമിനികളെ ആരോ മുന്‍കൂട്ടി തെരഞ്ഞെടുത്തു. എന്ത് അടിസ്ഥാനത്തിലാണ് ആ തെരഞ്ഞെടുപ്പ് എന്ന് ഇപ്പോഴും അറിയില്ല. 

തങ്ങളെ കൂടാതെ രണ്ട് അംഗങ്ങള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ആഗ്രഹിച്ചിരുന്നു. അവര്‍ വോട്ടും പിന്തുണയും തേടി അമ്മ അംഗങ്ങള്‍ക്ക് ഇ-മെയില്‍ അയച്ചിരുന്നു. എന്നാല്‍ ഈ അംഗങ്ങള്‍ക്ക് പിന്നീട്് എന്തുസംഭവിച്ചു എന്ന് അറിയില്ല.
 

പല വിഷയങ്ങളിലും ഗൗരവമായ നിലപാട് പ്രകടിപ്പിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. നടി ആക്രമിക്കപ്പെട്ട വിഷയത്തിലടക്കം അമ്മയുടെ നിലപാട് പക്വതയോടെയുള്ള തീരുമാനമാണോ എന്ന് സംശയമുണ്ട്. ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അതിന് അമ്മയില്‍ നിന്ന് മറുപടി ലഭിച്ചിട്ടില്ല. ഈ വിഷയത്തില്‍ അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചോദ്യങ്ങള്‍ക്ക് വളരെ കൃത്യമായ ഉത്തരം കിട്ടിയാല്‍ മാത്രമേ നിലവിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുകയുള്ളൂവെന്നും ഇരുവരും വ്യക്തമാക്കുന്നു.
 

നേരത്തെ ലൊക്കേഷനുകളില്‍ നടിമാര്‍ക്ക് ശുചി മുറി ഉറപ്പാക്കണമെന്ന കാര്യം താന്‍ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ വോട്ടിനിട്ട് ഇക്കാര്യം തീരുമാനമെടുക്കാമെന്നാണ് അന്നത്തെ സെക്രട്ടറി പറഞ്ഞത്. ഇതിനായി അംഗങ്ങളുടെ അഭിപ്രായം സ്വരൂപിക്കാനും ആവശ്യപ്പെട്ടു. താന്‍ ഒറ്റയ്ക്കാണ് ഓരോ അംഗങ്ങളുടെ അടുത്ത് ഇക്കാര്യം ചോദിച്ച് ചെന്നത്. പൊതുവായ ഒരു കാര്യത്തിന് പോലും അമ്മ നേതൃത്വം യാതൊരു പിന്തുണയും നല്‍കിയില്ലെന്നും പാര്‍വതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com