'സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ ബഫൂണ്‍സാണ്, നമ്മുടെ സ്ത്രീകളാണ് ഉഗ്രന്‍, അവര്‍ എന്ത് ബോള്‍ഡാണ്';  അമ്മ വിവാദത്തില്‍ രാജീവ് രവി

'സിനിമകളിലൂടെയും സമൂഹമധ്യത്തിലും അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്ക് കഴിയണം'
'സൂപ്പര്‍താരങ്ങള്‍ ജീവിതത്തില്‍ ബഫൂണ്‍സാണ്, നമ്മുടെ സ്ത്രീകളാണ് ഉഗ്രന്‍, അവര്‍ എന്ത് ബോള്‍ഡാണ്';  അമ്മ വിവാദത്തില്‍ രാജീവ് രവി

മ്മ വിവാദത്തില്‍ സൂപ്പര്‍ താരങ്ങളേയും യുവാക്കളേയും രൂക്ഷമായി വിമര്‍ശിച്ച് സംവിധായകന്‍ രാജീവ് രവി. ദുരന്തത്തെ അതിജീവിച്ച നടിയുടെ സഹപ്രവര്‍ത്തകരില്‍ നിന്നുള്ള പ്രതികരണങ്ങള്‍ നിരാശാജനകമാണെന്നും ചെറുപ്പക്കാര്‍ പുറത്തുവന്ന് സംസാരിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് രവി അമ്മയ്‌ക്കെതിരേയും സിനിമ മേഖലയിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേയും തുറന്നടിച്ചത്.

സിനിമകളിലൂടെയും സമൂഹമധ്യത്തിലും അവരുടെ വിശ്വാസങ്ങളും അഭിപ്രായങ്ങളും തുറന്നു പറയാന്‍ മലയാള സിനിമയിലെ ചെറുപ്പക്കാര്‍ക്ക് കഴിയണം. അത് കാലത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരേ അക്രമിക്കപ്പെട്ട  നടിയോടൊപ്പം മൂന്ന് നടിമാരും സംഘടനയില്‍ നിന്ന് രാജിവെച്ച നടപടിയേയും രാജീവ് പുകഴ്ത്തി. നമ്മുടെ സ്ത്രീകള്‍ ഉഗ്രനാണെന്നും ബോള്‍ഡാണെന്നും എന്തുമാത്രം റിസ്‌ക് എടുക്കാനും തയാറാണെന്നും അദ്ദേഹം പറഞ്ഞു. 

എന്നാല്‍ ചെറുപ്പക്കാരാണെങ്കിലും സൂപ്പര്‍താരങ്ങളാണെങ്കിലും പൊതുവേ നായകന്മാര്‍ സിനിമയില്‍ മാത്രമാണെന്നും ജീവിതത്തില്‍ അവര്‍ ബഫൂണ്‍സാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അവര്‍ക്ക് എല്ലാവരേയും പേടിയാണെന്നും ടിവി ചാനലുകള്‍ക്കു വേണ്ടി ഷോ കളിക്കാന്‍ മാത്രമുള്ളതാണ് അവരുടെ സംഘടനയെന്നും രാജീവ് കുറ്റപ്പെടുത്തി. സ്ത്രീകളെ കാണുന്ന രീതി എന്ത് മോശമാണെന്ന് അവരെ പരിചയപ്പെട്ടാല്‍ മതിയാകുമെന്നാണ് രാജീവ് രവി പറയുന്നത്. 

അമ്മ വിവാദത്തിലെ ഇടതുപക്ഷത്തിന്റെ നിലപാടിനേയും അദ്ദേഹം വിമര്‍ശിച്ചു. അമ്മയുടെ അധികാര സ്ഥാനത്തിരിക്കുന്ന ജനപ്രതിനിധികളോട് യാതൊരു വിശദീകരണവും തേടേണ്ടതില്ലെന്ന സിപിഎമ്മിന്റെ നിലപാട് നിരുത്തരവാദിത്തപരമാണ്. ഇടതുപക്ഷത്തിന് കൃത്യമായ ഉത്തരവാദിത്തമുണ്ടെന്നും ഇത് നിറവേറ്റിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് എതിരാണെന്നാണ് അര്‍ത്ഥമെന്നും രാജീവ് രവി വ്യക്തമാക്കി. എന്നാല്‍ അമ്മയിലെ ജനപ്രതിനിധികളെ പൊതുജനം ചോദ്യം ചെയ്യുന്ന ദിവസം വരുമെന്നും അന്ന് സിപിഎമ്മിന് ഉത്തരമുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രതിനിധികളെയൊക്കെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സിപിഎമ്മിനെന്താണെന്ന് മനസിലാകുന്നില്ലെന്നാണ് രാജീവ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com