'ക്യാപ്റ്റനില്‍ പ്രതിഫലം വാങ്ങിയില്ല, ചെലവിന് പണം കണ്ടെത്തിയത് ഡ്രൈവറായി ജോലി ചെയ്ത്‌'; സംവിധായകന്‍ പ്രജേഷ് പറയുന്നു

സിനിമ ഹിറ്റായി പ്രൊഡ്യൂസര്‍ക്ക് പണം തിരികെ ലഭിക്കുന്നത് വരെ തനിക്ക് പ്രതിഫലം വേണ്ടെന്നായിരുന്നു നിലപാടെന്ന് പ്രജേഷ്
'ക്യാപ്റ്റനില്‍ പ്രതിഫലം വാങ്ങിയില്ല, ചെലവിന് പണം കണ്ടെത്തിയത് ഡ്രൈവറായി ജോലി ചെയ്ത്‌'; സംവിധായകന്‍ പ്രജേഷ് പറയുന്നു

ഫുട്‌ബോള്‍ താരം വി.പി സത്യന്റെ കഥ പറയുന്ന സിനിമയായ ക്യാപ്റ്റന്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നവാഗതനായ പ്രജേഷ് സെന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പ്രതിഫലം വാങ്ങാതെയാണ് പ്രജേഷ് തന്റെ ആദ്യ സിനിമയില്‍ ജോലി ചെയ്തത്. സിനിമ ഹിറ്റായി പ്രൊഡ്യൂസര്‍ക്ക് പണം തിരികെ ലഭിക്കുന്നത് വരെ തനിക്ക് പ്രതിഫലം വേണ്ടെന്നായിരുന്നു നിലപാടെന്ന് അദ്ദേഹം ദേശാഭിമാനിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഡ്രൈവറായി ജോലി ചെയ്താണ് ആവശ്യത്തിനുള്ള പണമുണ്ടാക്കിയതെന്നും പ്രജേഷ് സെന്‍ വ്യക്തമാക്കി. ഷൂട്ടിംഗിന് മുന്‍പായി സ്‌ക്രിപ്റ്റ് തയാറാക്കുന്നതിനും യാത്ര ചെയ്യുന്നതിനും ആളുകളെ കാണുന്നതിനുമൊക്കെ പണം ആവശ്യമായിരുന്നു. ബാറുകളില്‍നിന്നും മറ്റും മദ്യപിച്ച് പുറത്ത് വരുന്ന ആളുകളെ അവരുടെ വാഹനങ്ങളില്‍ വീട്ടില്‍ കൊണ്ട് വിടുമായിരുന്നു. അവര്‍ തരുന്ന അഞ്ഞൂറും ആയിരവുമൊക്കെയായിരുന്നു ചെലവിനുള്ള പണമെന്നും പ്രജേഷ് സെന്‍ പറഞ്ഞു.

മുന്‍പ് മാധ്യമപ്രവര്‍ത്തകനായി ജോലി ചെയ്യുകയായിരുന്നു പ്രജേഷ്. ഈ സമയത്ത് വി.പി സത്യനുമായി നടത്തിയ അഭിമുഖമാണ് അദ്ദേഹത്തിന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. സത്യനെക്കുറിച്ചുള്ള പുസ്തകം തയാറാക്കാനുള്ള അവകാശമാണ് ആദ്യം സ്വന്തമാക്കിയത്. പിന്നീട് അത് സിനിമയിലേക്ക് മാറുകയായിരുന്നു. തിരക്കഥ എഴുതാനൊന്നും പ്രജേഷിന് അറിയില്ലായിരുന്നു. പലകുറി തിരുത്തി എഴുതിയാണ് സ്‌ക്രിപ്റ്റ് ഒരുക്കിയത്. സിദ്ധിഖിന്റെ സിനിമകളില്‍ അസിസ്റ്റന്റായി ജോലി ചെയ്തതും ആത്മവിശ്വാസം നല്‍കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com