'അവിടെ എന്താ ഫാഷന്‍ പരേഡാണോ നടന്നത്?' ശ്രീദേവിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സൂപ്പര്‍ താരങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം 

'മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ തരംതാണത് എനിക്ക് അവരോടുള്ള ദേഷ്യത്തിനുള്ള കാരണമായി'
'അവിടെ എന്താ ഫാഷന്‍ പരേഡാണോ നടന്നത്?' ശ്രീദേവിയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത സൂപ്പര്‍ താരങ്ങള്‍ക്ക് നേരെ രൂക്ഷ വിമര്‍ശനം 

ബോളിവുഡ് താരം ശ്രീദേവിയെ അവസാനമായി ഒന്ന് കാണാന്‍ ആയിരങ്ങളാണ് മുംബൈയിലേക്ക് എത്തിയത്. പ്രമുഖ താരങ്ങളടക്കം സിനിമ മേഖലയുമായി ബന്ധപ്പെട്ട നിരവധി പേര്‍ താരറാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയിരുന്നു. ലോഖണ്ഡവാലയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബിലെ പൊതുദര്‍ശനത്തിനും തുടര്‍ന്ന് പാര്‍ലെ സേവാ സമാജ് ശ്മശാനത്തില്‍ നടന്ന സംസ്‌കാര ചടങ്ങുകളിലും ശ്രീദേവിയെ കാണാന്‍ നിരവധി താരങ്ങളാണ് എത്തിയത്. 

വെളുത്ത വസ്ത്രങ്ങളിലാണ് ഭൂരിഭാഗം പേരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഫാഷന്‍ പ്രദര്‍ശനത്തിലായിരുന്നു ശ്രദ്ധ എന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. സിനിമ താരങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് പ്രമുഖ ഫാഷന്‍ ഡിസൈനറായ ഗൗരങ്ക് ഷായുടെ അസിസ്റ്റന്റ് ഡിസൈനര്‍ നികിത ഷായാണ് രംഗത്തെത്തിയത്. ശ്രീദേവിയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തു തരണമെന്ന ആവശ്യവുമായി നിരവധി താരങ്ങളുടെ സ്റ്റൈലിസ്റ്റുകള്‍ ഞങ്ങളെ സമീപിച്ചെന്ന് അവര്‍ വ്യക്തമാക്കി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നികിത താരങ്ങള്‍ക്കു നേരെ വിമര്‍ശനം അഴിച്ചുവിട്ടത്. 

'എനിക്ക് ഭയങ്കര ദേഷ്യവും വേദനയും വെറുപ്പും തോന്നി. ശ്രീദേവിയുടെ പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഞങ്ങളുടെ പക്കലുള്ള ശേഖരത്തില്‍ നിന്ന് ഡിസൈനര്‍ വസ്ത്രങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി സ്‌റ്റൈലിസ്റ്റുകളാണ് തങ്ങളുടെ താരങ്ങള്‍ക്ക് വേണ്ടി ഗൗരങ്കുമായി ബന്ധപ്പെട്ടത്. ദൈവത്തെ ഓര്‍ത്ത് ഒന്ന് പറയൂ സൂപ്പര്‍ താരങ്ങളെ നിങ്ങള്‍ ശ്രീദേവിയുടെ സംസ്‌കാരത്തിലും പ്രാര്‍ഥനാ സമ്മേളനത്തിനും പോകുന്നത് അവര്‍ നിങ്ങള്‍ക്ക് ആരെങ്കിലും ആയിരുന്നത് കൊണ്ടാണോ? അതോ അവിടെ നടക്കുന്നത് ഒരു ഫാഷന്‍ പരേഡ് ആണോ? മാധ്യമങ്ങള്‍ പരിഹാസ്യമായി പലതും ചെയ്യുന്നുണ്ട് എന്നാല്‍ സിനിമാ പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ തരംതാണത് എനിക്ക് അവരോടുള്ള ദേഷ്യത്തിനുള്ള കാരണമായി.

മേക്കപ്പ് ചെയ്ത് ഒരു കപട ജീവിതം നയിക്കുന്നത് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിട്ടുണ്ടാകാം. എന്നാല്‍ ഒരാളുടെ മരണത്തിലെങ്കിലും അല്പം മനുഷ്യത്വം കാണിക്കൂ.ഒരേ ഒരാള്‍ ഇന്ന് അത്യധികം ദുഃഖം അനുഭവിക്കുന്നുണ്ടെങ്കില്‍ അത് ശ്രീദേവിയായിരിക്കും. മുകളില്‍ നിന്ന് ഇവിടെ കാര്യങ്ങളെല്ലാം ചുരുളഴിയുന്നത് കാണുമ്പോള്‍ അവര്‍ വേദനിക്കുന്നുണ്ടാവും'നികിത കുറിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com