ഗാനമേളയല്ല സാര്‍ സിനിമ; നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു; നവതി ആഘോച്ചടങ്ങിനെതിരെ വിനായകന്‍

.90 വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപഹാസ്യമാക്കരുതായിരുന്നു. ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി ലോക നിലവാരത്തിലുള്ള നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട നാടാണിത്
ഗാനമേളയല്ല സാര്‍ സിനിമ; നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു; നവതി ആഘോച്ചടങ്ങിനെതിരെ വിനായകന്‍

കൊച്ചി: മലയാള സിനിമയുടെ നവതി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനെതിരെ നടന്‍ വിനായകന്‍. പരിപാടി നടന്നതായി ചടങ്ങിന്റെ ബ്രോഷര്‍ കണ്ട് മാത്രമാണ് അറിഞ്ഞതെന്നും മലയാള സിനിമ ചടങ്ങില്‍ അപമാനിക്കപ്പെടുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു.ആ ചടങ്ങില്‍ അവിടെ എന്താണ് നടന്നത് എന്ന് തനിക്കറിയില്ല. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നു എന്ന് നോട്ടീസില്‍ കണ്ടു. അധ്യക്ഷന്‍ സാംസ്‌കാരികമന്ത്രി എകെ ബാലനും മുഖ്യാതിഥി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും ആയിരുന്നു എന്നറിഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ള ജനപ്രതിനിധികളുടേയും വേറെ പല പൗരപ്രമുഖരുടേയും പേരുമുണ്ട് നോട്ടീസില്‍. സമ്മേളനത്തിന് ശേഷം വമ്പിച്ച ഗാനമേള ഉണ്ടായിരുന്നു എന്നാണറിഞ്ഞത്. ഇങ്ങനെ ആയിരുന്നോ ഈ ചടങ്ങ് നടത്തേണ്ടത്. വിനായകന്‍ പറഞ്ഞു.


ഫെബ്രുവരി 27ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു നവതി ആഘോഷത്തിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്. ചലച്ചിത്ര അക്കാദമിയുടെ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.90 വര്‍ഷത്തെ മലയാള സിനിമാ ചരിത്രത്തെ ഇത്ര ചെറുതാക്കി അപഹാസ്യമാക്കരുതായിരുന്നു. ഇന്ത്യന്‍ സിനിമക്ക് അഭിമാനമായി ലോക നിലവാരത്തിലുള്ള നല്ല സിനിമകള്‍ നിര്‍മ്മിക്കപ്പെട്ട നാടാണിത്. പക്ഷേ ഈ ചടങ്ങിന്റെ സംഘാടകര്‍ എത്ര നിസ്സാരമായാണ്, എത്ര ഗൗരവക്കുറവോടെയാണ്, എത്ര മോശമായാണ് സിനിമയെ കാണുന്നത്? അതും സര്‍ക്കാര്‍ തലത്തില്‍ നടന്ന ഒരു പരിപാടി? വിനായകന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അക്കാദമി ചെയര്‍മാന്‍ കമലിന്റേയും മധു സാറിനേയും ശ്രീകുമാരന്‍ തമ്പിയുടെയും ഒഴിച്ച് ആരുടേയും പേരുകള്‍ നോട്ടീസില്‍ കണ്ടില്ല. തനിക്ക് മികച്ച നടനുള്ള പുരസ്‌കാരം കിട്ടിയതുകൊണ്ട് ചടങ്ങിലേക്ക് ക്ഷണിക്കണം എന്നല്ല പറയുന്നത്. നല്ല സിനിമയില്‍ പ്രവര്‍ത്തിച്ച, നല്ല സിനിമക്കുവേണ്ടി ജീവിച്ച ഒരുപാട് പേരെ അറിയിക്കുകയെങ്കിലും ചെയ്യണമായിരുന്നു. വിളിച്ചിരുന്നെങ്കില്‍ സദസിലെങ്കിലും അവര്‍ക്ക് ചെന്നിരിക്കാമായിരുന്നല്ലോ.

'ബ്രോഷറില്‍ നിറയെ ചില പാട്ടുകാരുടെ ചിത്രങ്ങള്‍ മാത്രമാണ് കണ്ടത്. ആഘോഷമെന്ന പേരില്‍ സംഘാടകര്‍ നടത്തിയത് ഗാനമേളയാണ്. ഗാനമേളയല്ല സര്‍ സിനിമ. നിങ്ങള്‍ മലയാള സിനിമയെ അപമാനിക്കുകയായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തെയും സാംസ്‌കാരിക പാരന്പര്യത്തേയും സിനിമയെ സിനിമയാക്കിയ കടന്നുപോയ കലാകാരന്‍മാരെയും അപമാനിക്കുകയായിരുന്നു' വിനായകന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com