ഇനിയും പുരസ്‌കാരങ്ങള്‍ കാത്ത് ഈ.മ.യൗ ഇവിടെയുണ്ട്; പക്ഷേ പ്രേക്ഷകരുടെ കാത്തിരിപ്പ് നീളും

വിവിധ ചലച്ചിത്ര മേളകളില്‍ മത്സരിച്ച് കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍
ഇനിയും പുരസ്‌കാരങ്ങള്‍ കാത്ത് ഈ.മ.യൗ ഇവിടെയുണ്ട്; പക്ഷേ പ്രേക്ഷകരുടെ കാത്തിരിപ്പ് നീളും

ഇനിയും പ്രേക്ഷകരില്‍ എത്തിയിട്ടില്ലെങ്കിലും സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ തിളങ്ങി ലിജോ ജോസ് പല്ലിശ്ശേരിയുടെ ഈ.മ.യൗ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ഉള്‍പ്പടെ രണ്ട് പുരസ്‌കാരങ്ങളാണ് ചിത്രം നേടിയത്. ചിത്രത്തിലെ അഭിനയത്തിന് പോളി വത്സന്‍ സഹനടിക്കുള്ള പുരസ്‌കാരവും നേടി. 

വിവിധ ചലച്ചിത്ര മേളകളില്‍ മത്സരിച്ച് കൂടുതല്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടാനുള്ള തീരുമാനത്തിലാണ് അണിയറപ്രവര്‍ത്തകര്‍. അതിനാല്‍ അടുത്തെങ്ങും സിനിമ റിലീസ് ചെയ്യില്ലെന്നാണ് ലിജോ ജോസ് പറയുന്നത്. സിനിമ റിലീസ് ചെയ്താല്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തില്ല. ജൂണ്‍ ജൂലൈ മാസങ്ങളില്‍ റിലീസുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

വ്യത്യസ്തമായ പോസ്റ്ററിലൂടെയും ട്രെയ്‌ലറിലൂടെയും സിനിമ ശ്രദ്ധിക്കപ്പെട്ടതോടെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് റിലീസ് മാറ്റുകയായിരുന്നു. ഡിസംബര്‍ ഒന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. എന്നാല്‍ സാങ്കേതികമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇത് അടുത്ത ദിവസത്തേക്ക് മാറ്റി. പിന്നീട് ഈ തീരുമാനവും മാറ്റുകയായിരുന്നു. പ്രിവ്യൂ ഷോ നടത്തി സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പുറത്തുവന്നതിന് ശേഷമായിരുന്നു ഇത്. 

ചെമ്പന്‍ വിനോദ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രം 18 ദിവസം കൊണ്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്. കടലോര മേഖലയില്‍ താമസിക്കുന്ന ഒരു ലാറ്റിന്‍ ക്രിസ്റ്റിയന്‍ കുടുംബത്തില്‍ നടക്കുന്ന മരണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ദേശീയ പുരസ്‌കാര ജേതാവ് പി.എഫ്. മാത്യൂസ് തിരക്കഥ ഒരുക്കിയ ഈ.മ.യൗ നിര്‍മിച്ചിരിക്കുന്നത് രാജേഷ് ജോര്‍ജ് കുളങ്ങരയാണ്.

കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ലിജോ ജോസിന്റെ അങ്കമാലി ഡയറീസ് മികച്ച വിജയമാണ് സ്വന്തമാക്കിയത്. പുതുമുഖങ്ങളെ വെച്ച് വളരെ റിയലിസ്റ്റിക്കായി എടുത്ത ചിത്രമായിരുന്നു ഇത്. എന്നാല്‍ ഇതില്‍ നിന്ന് തികച്ചു വ്യത്യസ്തമാണ് ഈ.മ.യൗ എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമേയത്തിലെ വ്യത്യസ്തതയാണ് ലിജോ ജോസ് എന്ന സംവിധായകന്റെ വിജയം. ഇതുവരെ പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സാമ്പത്തിക വിജയമായില്ലെങ്കിലും മികച്ച നിരൂപക പ്രശംസയാണ് നേടിയത്. 2010 ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ലിജോ ജോസ് അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം സിറ്റി ഓഫ് ഗോഡ്, അമേന്‍, ഡബിള്‍ ബാരല്‍ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. ഇതില്‍ ആമേല്‍ മികച്ച വിജയമാണ് സ്വന്തമാക്കിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com