'എന്റെ കഥ പറഞ്ഞ് പുരസ്‌കാരം നേടി, എന്നിട്ട് വഞ്ചിച്ചു'; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ മെറീന

'എന്റെ കഥ പറഞ്ഞ് പുരസ്‌കാരം നേടി, എന്നിട്ട് വഞ്ചിച്ചു'; ടേക്ക് ഓഫിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരേ മെറീന

സിനിമ റിലീസിന് മുന്‍പുവരെ അണിയറ പ്രവര്‍ത്തകര്‍ക്ക് താന്‍ നിരവധി സഹായങ്ങള്‍ ചെയ്‌തെന്നും എന്നാല്‍ സിനിമ വിജയമായതോടെ അവര്‍ കൈ ഒഴിഞ്ഞെന്നും മെറീന ആരോപിച്ചു

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ടേക്ക് ഓഫിനെതിരേ ആരോപണവുമായി മെറീന. ഇറാഖില്‍ ഇകപ്പെട്ടുപോയ നഴ്‌സുമാരുടെ കഥ പറഞ്ഞ ചിത്രത്തില്‍ മെറീനയുടെ അനുഭവങ്ങളാണ് ആധാരമാക്കിയെടുത്തത്. സിനിമ തുടങ്ങുന്നതിന് മുന്‍പും ചിത്രീകരണ സമയത്തും സാമ്പത്തിക സഹായം വാഗ്ദാനം ചെയ്‌തെങ്കിലും സിനിമ വിജയിച്ചതിന് പിന്നാലെ തന്നെ അവര്‍ മറന്നുവെന്ന് ജനയുഗം പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മെറീന പറഞ്ഞു.

സിനിമ റിലീസിന് മുന്‍പുവരെ അണിയറ പ്രവര്‍ത്തകര്‍ക്ക് താന്‍ നിരവധി സഹായങ്ങള്‍ ചെയ്‌തെന്നും എന്നാല്‍ സിനിമ വിജയമായതോടെ അവര്‍ കൈ ഒഴിഞ്ഞെന്നും മെറീന ആരോപിച്ചു. ഇറാഖില്‍ നിന്ന് നാട്ടില്‍ എത്തിയ മെറീന ജോലി ഇല്ലാതെ ബുദ്ധിയ മുട്ടുകയായിരുന്നു. ഇപ്പോള്‍ കോട്ടയം പള്ളക്കത്തോടുള്ള ഒരു ബേക്കറിയില്‍ താത്കാലിക ജൂവനക്കാരിയാണ് ഇവര്‍. 

ചിത്രത്തിന്റെ പ്രൊമോഷനുവേണ്ടി സിനിമ പ്രവര്‍ത്തകര്‍ക്കൊപ്പം മെറീന പല ചാനലുകളും കയറിയിറങ്ങിയിരുന്നു. ജോലി മുടക്കിയുള്ള ഈ യാത്രകളില്‍ യാത്രാചെലവ് മാത്രമാണ് തനിക്ക് ലഭിച്ചിരുന്നത്. ആദ്യമൊക്കെ സാമ്പത്തിക സഹായമെന്ന പ്രതീക്ഷ നല്‍കിയെങ്കിലും പിന്നിട് വിളിച്ചപ്പോള്‍ മറുപടിയില്‍ ഭീഷണിയുടെ സ്വരമായിരുന്നെന്ന് മെറീന പറയുന്നു.

ഡോക്യമെന്റെറിക്ക് വേണ്ടിയാണെന്ന് പറഞ്ഞാണ് സംവിധായകന്‍ മഹേഷ് നാരായണന്‍ മെറീനയെ സമീപിച്ചത്. പിന്നീടത് സിനിമയിലേക്ക് നീണ്ടു. ചിത്രത്തിന്റെ എല്ലാ ഘട്ടത്തിലും മെറീനയുടെ സഹായം അണിയറ പ്രവര്‍ത്തകര്‍ തേടിയിരുന്നു. ഇറാഖ് ആശുപത്രിയില്‍ വെച്ച് മെറീനയുടെ ഫോണില്‍ പതിഞ്ഞ ചിത്രങ്ങളെല്ലാം സിനിമയ്ക്കു വേണ്ടി നല്‍കിയിരുന്നു. കൂടാതെ പാര്‍വതിക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. 

സംവിധായകന്റെയും അണിയറപ്രവര്‍ത്തകരുടേയും വഞ്ചനയക്കെതിരെ വാര്‍ത്താസമ്മേളനം വിളിക്കാനും മുഖ്യമന്ത്രിക്ക് പരാതി നല്‍കാനും ഒരുങ്ങുകയാണ് മെറീന. സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുകയും സിനിമയില്‍ ഉള്‍പ്പെടെ സ്ത്രീയ്ക്കും പുരുഷനും തുല്യത ഉണ്ടാവണമെന്നും വാദിക്കുന്ന നടി പാര്‍വ്വതി പോലും താന്‍ നേരിട്ട വഞ്ചനയില്‍ മൗനം പാലിക്കുകയാണെന്നും മെറീന കുറ്റപ്പെടുത്തി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com