ജൂഡിന്റെ സഖിയിതാ: മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്‌കാരം നേടിയ സഖി എല്‍സ പറയുന്നത് കേള്‍ക്കൂ...

വസ്ത്രാലങ്കാരം എന്നാല്‍ കാണാന്‍ ഭംഗിയുള്ളതിനെ മാത്രം അലങ്കരിച്ച് ഒരുക്കുക എന്നല്ല എന്നാണ് സഖിയുടെ അഭിപ്രായം.
സഖി എല്‍സ
സഖി എല്‍സ

രു കഥാപാത്രത്തിന് പൂര്‍ണ്ണത വരണമെങ്കില്‍ അവന്റെ/ അവളുടെ വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം കഥാപാത്രത്തിനും കഥയ്ക്കും യോജിച്ചതാകണം. അങ്ങനെ സ്‌ക്രിപ്റ്റിന് അനുസരിച്ചുള്ള കഥാപാത്രത്തെ സൃഷ്ടിക്കാന്‍ സഖി എല്‍സയോളം മിടുക്കി ഇന്ന് മലയാള ചലച്ചിത്ര വസ്ത്രാലങ്കാര മേഖലയില്‍ ഇല്ലെന്ന് വേണം പറയാന്‍. അതുകൊണ്ടാണല്ലോ ഇത്തവണത്തെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് അവരെ തേടിയെത്തിയത്. 

വളരെ സമര്‍പ്പണത്തോടെയും സന്തോഷത്തെയും ചെയ്യുന്ന ജോലിക്ക് പ്രശംസാര്‍ഹമായ അംഗീകാരം കിട്ടിയ ത്രില്ലിലാണ് സഖിയിപ്പോള്‍. ഒരുപാട് പ്രശംസകളും അംഗീകാരങ്ങളും കിട്ടിയിട്ടുണ്ടെങ്കിലും തന്റെ പതിനെട്ടാമത്തെ ചിത്രമായ 'ഹേയ് ജൂഡിനാണ്' സഖിയ്ക്ക് വിലപിടിപ്പുള്ള ഈ ഒരംഗീകാരം ലഭിക്കുന്നത്. ഇത് കാത്തിരുന്ന് കിട്ടിയ അംഗീകാരം പോലെയാണ് തോന്നുന്നതെന്നും സഖി പറയുന്നു.

ഒരുപാട് ആളുകള്‍ തന്റെ കഴിവിനെ അംഗീകരിച്ചിട്ടുണ്ട്. പക്ഷേ അവാര്‍ഡ് ലഭിക്കുമ്പോഴാണല്ലോ ആര്‍ട്ടിസ്റ്റിന്റെ കരിയറിന് യഥാര്‍ത്ഥ അംഗീകാരം ലഭിക്കുന്നത്. ഇപ്പോള്‍ ഞാന്‍ ഒരുപാട് സന്തോഷിക്കുന്നു. അവാര്‍ഡ് കിട്ടിയതറിഞ്ഞ് സുഹൃത്തുക്കള്‍ ഒരുപാട് പേര്‍ വിളിക്കുകയും സന്തോഷമറിയിക്കുകയും ചെയ്തു. ഇതെല്ലാം കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്. 

ആദ്യമായി എനിക്ക് അവാര്‍ഡ് കിട്ടിയത് 'ഇലക്ട്ര'യ്ക്കാണ്, ഫെഫ്കയുടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ്. 'കളിയച്ഛന്‍' ചെയ്ത സമയത്ത് എല്ലാവരും അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നു, പക്ഷേ അന്നു കിട്ടിയില്ല. ഇപ്പോള്‍ എനിക്കേറെ സ്‌നേഹവും ബഹുമാനവുമുള്ള സംവിധായകനൊപ്പം, വളരെ ആസ്വദിച്ചു ചെയ്ത സിനിമയ്ക്കു തന്നെ അവാര്‍ഡ് കിട്ടിയതില്‍ ഏറെ സന്തോഷമുണ്ട്.

വസ്ത്രാലങ്കാരം എന്നാല്‍ കാണാന്‍ ഭംഗിയുള്ളതിനെ മാത്രം അലങ്കരിച്ച് ഒരുക്കുക എന്നല്ല എന്നാണ് സഖിയുടെ അഭിപ്രായം. കഥാപാത്രത്തിനെ എന്ത് റിസ്‌കും എടുത്ത് അതിന്റെ പൂര്‍ണ്ണതയിലെത്തിക്കുക എന്നതാണ് ഈ കലാകാരിയുടെ രീതി. ഹേയ് ജൂഡിലെ നിവിനെ കണ്ടാല്‍ അത് മനസിലാകും. ഓട്ടിസത്തോടു സാമ്യമുള്ള അസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോമുള്ളയാളാണു ജൂഡ്.  ഇത്തരം കഥാപാത്രങ്ങള്‍ ഉപയോഗിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് ഒരുപാട് പഠിച്ച ശേഷമാണ് സഖി ഇത് ചെയ്തത്. 

കഴുത്തുവരെ മുടി, ബട്ടണ്‍ അപ് ചെയ്ത ചുളിവ് വീണ ഷര്‍ട്ട്, ലൂസ് ആയ നീളം കുറഞ്ഞ ട്രൗസര്‍, കണ്ണുകള്‍ മൂടിക്കളയുന്ന തടിയന്‍ കണ്ണട- ഇതെല്ലാമായിരുന്നു ശ്യാമപ്രസാദ് ചിത്രം ഹേയ് ജൂഡില്‍ നിവിന്റെ രൂപം. സുന്ദരനും സുമുഖനുമായ നിവിനെ ഇത്തരത്തിലാക്കിയ കോസ്റ്റിയൂം ഡിസൈനര്‍ ആരാണാവോ എന്ന ചിന്തിച്ച് പോയില്ലെങ്കിലേ അതിശയമുള്ളൂ. 

ശ്യാമപ്രസാദിന്റെ സിനിമകള്‍ക്ക് വേണ്ടിയായിരുന്നു സഖി സിനിമകള്‍ക്ക് കോസ്റ്റിയൂം ഡിസൈനിങ് ചെയ്ത് തുടങ്ങിയത്. കേരള കഫേയിലെ ഓഫ് സീസണ്‍ ആയിരുന്നു ആദ്യ ചിത്രം. ഇതുകൂടാതെ ഒരു നാള്‍ വരും, വയലിന്‍, സെക്കന്‍ഡ് ഷോ, തത്സമയം ഒരുപെണ്‍കുട്ടി, മാഡ് ഡാഡ്, കളിയച്ഛന്‍, ത്രീ ഡോട്ട്‌സ് തുടങ്ങി കുറേ സിനിമകളുണ്ട് കരിയറില്‍. എന്നിരുന്നാലും സഖി ഏറ്റവുമധികം കംഫര്‍ട്ടബിള്‍ ആയി ജോലി ചെയ്യുന്നത് ശ്യാപ്രസാദിന്റെ കൂടെയാണെന്ന് തുറന്ന് പറയുന്നു.

'ഓരോ കോസ്റ്റിയൂമുകളിലും എനിക്കെന്റേതായ പരീക്ഷണങ്ങള്‍ ചെയ്യാനുണ്ടാകും. ഓരോ സംവിധായകരും വ്യത്യസ്തരാണ്. ചിലര്‍ കാരക്ടേഴ്‌സിനെക്കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളു'. സഖിയുടെ അഭിപ്രായത്തില്‍ ശ്യാമപ്രസാദ് വളരെയേറെ സ്വാതന്ത്ര്യം നല്‍കുന്ന സംവിധായകനാണ്. സ്‌ക്രിപ്റ്റ് നല്‍കി അതിന് അനുസരിച്ച് കോസ്റ്റിയൂം ഡിസൈന്‍ ചെയാനാണ് അദ്ദേഹം പറയുക. അങ്ങനെ ചെയ്യുമ്പോള്‍ വളരെ ആസ്വദിച്ച് ജോലി ചെയ്യാന്‍ പറ്റും. ശ്യാമപ്രസാദിന്റെ കൂടെ ജോലി ചെയ്യാന്‍ കഴിയുന്നത് അനുഗ്രഹമായിട്ടാണ് കരുതുന്നതെന്നും സഖി പറയുന്നു. 

ഓരോരുത്തര്‍ക്കും കാണുമ്പോള്‍ ഇഷ്ടപ്പെടുന്ന വസ്ത്രവും ധരിക്കാനിഷ്ടപ്പെടുന്ന വസ്ത്രവുമുണ്ടാകും. എനിക്ക് ധരിക്കാനിഷ്ടം കാഷ്വല്‍ വസ്ത്രങ്ങളാണ്. മറ്റു വസ്ത്രങ്ങള്‍ മെയിന്‍ന്റൈന്‍ ചെയ്യാന്‍ ബുദ്ധിമുട്ടായിട്ടാണ്- ധാരാളം വസ്ത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ തലച്ചോറിന്റെ ഉടമ പറയുന്നതാണിത്.

സഖിയുടെ അമ്മയും സഹോദരനുമെല്ലാം ചെറിയ രീതിയില്‍ കലാവാസനകള്‍ ഉള്ളവരാണ്. ആ ഒരു പാരമ്പര്യം തന്നെയാണ് തനിക്കെന്നും സഖി പറയുന്നു. കോട്ടയമാണ് അച്ഛന്റെയും അമ്മയുടെയും സ്വദേശം. പക്ഷേ, സഖി ജനിച്ചത് തിരുവനന്തപുരത്ത്. അച്ഛന്‍ തോമസ് ട്രഷറി ഓഫിസറായിരുന്നു. അമ്മ ചേച്ചമ്മ വിഎസ്എസ്്‌സിയിലും. രണ്ടുപേരും ഇപ്പോള്‍ റിട്ടയറായി. സഹോദരന്‍ ടിറ്റൂ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറാണ്. 

കണക്കുകളുടെ ലോകത്ത് നിന്നാണ് സഖി കലാമേഖലയിലേക്ക് കാലെടുത്ത് വയ്ക്കുന്നത്. തിരുവനന്തപുരം സര്‍വോദയ വിദ്യാലയയില്‍ സ്‌കൂള്‍ പഠനവും മാര്‍ ഇവാനിയോസില്‍ പ്രീഡിഗ്രിയും എംജി കോളജില്‍ നിന്ന് ബികോമും പാസായതിന് ശേഷമാണ് നിറ്റ്‌വെയര്‍ ഡിസൈനിങ് ആന്റ് ടെക്‌നോളജി കോഴ്‌സിനു ചേരുന്നത്. കസിനാണ് നിഫ്റ്റിനെ പറ്റി പറയുന്നത്. വരയ്ക്കാന്‍ അറിയാവുന്നവര്‍ക്ക് പാസാകാന്‍ കഴിയുന്ന എന്‍ട്രന്‍സ് എന്നായിരുന്നു അവന്‍ പറഞ്ഞത്. കേട്ടപ്പോള്‍ രസം തോന്നിയാണ് അപേക്ഷിച്ചത്. എംബിഎയ്ക്ക് പോകണമെന്നു നിര്‍ബന്ധിക്കാതെ ഡെല്‍ഹിയില്‍ നിഫ്റ്റിലേക്ക് വിട്ട അച്ഛനോടും അമ്മയോടും താങ്ക്‌സ് പറയുകയാണ് സഖി.

2004ല്‍ ആണ് നിഫ്റ്റില്‍ നിന്നും കോഴ്‌സ് പൂര്‍ത്തിയാക്കിയത്. പിന്നീട് ഡല്‍ഹിയില്‍ തന്നെ കുറച്ചുകാലം ഫ്രീലാന്‍സ് ജോലികളുമായി നിന്നു. പിന്നെ അരവിന്ദ് മില്‍സില്‍ ഡിസൈനിങ് മാനേജരായി ഒന്നര വര്‍ഷം ജോലിക്ക് ചെയ്തു. ബോംബെയിലും കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് നാട്ടിലേക്ക് മടങ്ങിയത്. നാട്ടില്‍ വന്നപ്പോള്‍ ആദ്യമൊക്കെ എന്ത് ചെയ്യണമെന്ന് കണ്‍ഫ്യൂഷനായിരുന്നുവെന്ന് സഖി പറയുന്നു. 

ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി സ്‌റ്റൈലിങ് ചെയ്തായിരുന്നു തുടക്കം. സംവിധായകന്‍ ശ്യാമപ്രസാദുമായുള്ള പരിചയത്തെ തുടര്‍ന്ന് 'കേരളാ കഫേ'യിലെ 'ഓഫ് സീസണി'ലേക്ക് കോസ്റ്റ്യൂം ചെയ്തു. അതിനു ശേഷം ഇലക്ട്ര ചെയ്തു, പിന്നെ അരികെ, ആര്‍ട്ടിസ്റ്റ്. രണ്ടാമത്തെ സിനിമയില്‍ തന്നെ നയന്‍താരയ്ക്ക് വേണ്ടിയും മനീഷ കൊയ്‌രാളയ്ക്ക് വേണ്ടിയും ഡിസൈന്‍ ചെയ്തു. 

താരങ്ങള്‍ എത്ര എസ്റ്റാബ്ലിഷ്ഡ് ആണോ അവരുടെ കൂടെ ജോലി ചെയ്യാന്‍ അത്ര കംഫര്‍ട്ടബള്‍ ആയിരിക്കും. കാരണം അവര്‍ക്ക് ഈ മേഖലയെക്കുറിച്ച് നല്ല ധാരണയുണ്ടാകും. നയന്‍ താരയും സമീറ റെഡ്ഡിയുമൊക്കെ വളരെയേറെ കോഓപ്പറേറ്റീവ് ആണ്. മംമ്തയും വളരെ കോഓപ്പറേറ്റീവ് ആണ്. മംമ്തയ്ക്ക് ഏത് വേഷവും ചേരുമെന്നും സഖി പറയുന്നു.

സിനിമയ്ക്ക് പുറത്തും സഖിക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. പരസ്യങ്ങള്‍ക്കും ഫോട്ടോഷൂട്ടുകള്‍ക്കും റിയാലിറ്റി ഷോകള്‍ക്കും വേണ്ടി സ്‌റ്റൈലിങ് ചെയ്യുന്നതാണ് സിനിമയ്ക്കു പുറത്തെ തിരക്കുകള്‍. കണ്ണൂര്‍ നിഫ്റ്റില്‍ (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി) വിസിറ്റിങ് ഫാക്കല്‍റ്റിയാണ്. കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഫാഷന്‍ ഡിസൈനിങ് ഇന്‍സ്റ്റിറ്റിയൂട്ടിലും പഠിപ്പിച്ചിരുന്നു. ഐഎഫ്ടികെ കോഴ്‌സ് കോര്‍ഡിനേറ്ററും സീനിയര്‍ ഫാക്കല്‍റ്റിയുമാണ്. 

സഖി ഇപ്പോള്‍ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങളുടെ ജോലികളില്‍ തിരക്കിലാണ്. കൊച്ചി ഒബ്‌റോണ്‍ മാളില്‍ തുടങ്ങിയ സമ്പന്ന വെഡിങ് ബ്രാന്‍ഡിന്റെ പരിപാടികളിലും സജീവമാണ്. തീം വെഡിങ് പോലെയുള്ള പാക്കേജ് ഡ്രസുകളാണ് അവിടെ ചെയ്യുന്നത്. പിന്നെ സ്‌റ്റൈലിങ്ങും മറ്റുമായി ബാക്കി പരിപാടികള്‍ സൈഡായുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com