ഇതാണ് ഞാന്‍, ഇങ്ങനെയേ എനിക്ക് ഞാനാകാന്‍ കഴിയു: അലന്‍സിയര്‍

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലെ എഎസ്‌ഐ ചന്ദ്രന്‍ എന്ന കഥാപാത്രമാണ് അലന്‍സിയര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.
ഇതാണ് ഞാന്‍, ഇങ്ങനെയേ എനിക്ക് ഞാനാകാന്‍ കഴിയു: അലന്‍സിയര്‍

രു നടനെന്ന നിലയിലും അല്ലാതെയും തന്റെ നിലപാടുകള്‍ കൊണ്ട് വ്യത്യസ്തനായ ആളാണ് അലന്‍സിയര്‍. മലയാളി ആദരിക്കാന്‍ വൈകിപ്പോയ സ്വഭാവ നടനാണ് ഇദ്ദേഹം. ആദ്യ ചിത്രം പുറത്തിറങ്ങി പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ സജീവമായ അദ്ദേഹത്തിനെ തേടി ഇപ്പോള്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വന്നപ്പോഴും ഈ നടന് തന്റെ നിലപാടുകളെയും രാഷ്ട്രീയത്തെയും കുറിച്ചാണ് പറയാനുള്ളത്.

'എന്റെ നിലപാടുകളില്‍ പേടിക്കുന്നവര്‍ പ്രശ്‌നങ്ങളുണ്ടാക്കും. ഇന്‍ഡസ്ട്രിയിലുള്ളവരും എന്റെ വീട്ടുകാരും ജോലിയില്‍ മാത്രം ഫോക്കസ് ചെയ്യാനാണ് പറയുന്നത്. ഞാനത് കേള്‍ക്കും, പക്ഷേ എനിക്ക് ശരിയാണെന്ന് തോന്നിയത് മാത്രമേ ചെയ്യൂ. ഇതാണ് ഞാന്‍, ഇങ്ങനെയെ എനിക്ക് ഞാനാകാന്‍ കഴിയു'- അലന്‍സിയര്‍ വ്യക്തമാക്കി.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലെ എഎസ്‌ഐ ചന്ദ്രന്‍ എന്ന കഥാപാത്രമാണ് അലന്‍സിയര്‍ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ഇത് തികച്ചും അപ്രതീക്ഷിതമായ ഒരു പുരസ്‌കാരമല്ല എന്നാണ് ഇദ്ദേഹം പറയുന്നത്. 'ചിത്രം റിലീസ് ആയതിന് ശേഷം ആ കഥാപാത്രത്തിന് അവാര്‍ഡ് ലഭിക്കുമെന്ന് എനിക്ക് എപ്പോഴോ തോന്നിയിരുന്നു. അതുകൊണ്ട് എന്റെ മനസില്‍ എവിടെയോ ഇങ്ങനെ സംഭവിക്കുമെന്ന തോന്നലുണ്ടായിരുന്നു'- അദ്ദേഹം പറഞ്ഞു. 

'ഞാന്‍ സ്റ്റീവ് ലോപ്പസിലെ' പൊലീസുകാരന്റെ വേഷത്തിലൂടെയായിരുന്നു അലന്‍സിയറുടെ തിരിച്ച് വരവ്. തൊണ്ടിമുതലിലെ പൊലീസുകാരന്‍ അതില്‍ നിന്നും ഏറെ വ്യത്യസ്തനായിരുന്നു. ഒറ്റവാക്കിലും ചിരിയിലും ചോദ്യം ചെയ്യലിലും ഓട്ടത്തിലും കഞ്ഞികുടിക്കലിലുമെല്ലാം അഭിനയത്തിന്റെ തീക്ഷ്ണത വ്യക്തമായിരുന്നു. പൊലീസും ഭര്‍ത്താവും അച്ഛനും ബിപി പേഷ്യന്റും ഭീരുവും സ്വാര്‍ത്ഥനും നല്ലവനും എല്ലാത്തിനുമിടയിലൂടെ അലയുന്ന മനുഷ്യനായി അയാള്‍.

'ഈ കഥാപാത്രത്തിന് അനവധി ഭാവങ്ങളുണ്ടായിരുന്നു. എനിക്ക് കഥാപാത്രവുമായി സ്വയം ബന്ധപ്പെടുത്താന്‍ കഴിഞ്ഞു. എനിക്ക് എഎസ്‌ഐ ചന്ദ്രന്‍ ആയി മാറാനായതിന്റെ കാരണം ഞങ്ങള്‍ ഏറെക്കുറേ ഒരേ വഴിയിലൂടെ യാത്ര ചെയ്യുന്നവരും കൂടിയായിരുന്നു. മാത്രമല്ല, പൊലീസ് സ്റ്റേഷനുകളില്‍ ഞാന്‍ ഒരുപാട് എഎസ്‌ഐ ചന്ദ്രന്‍മാരെ കണ്ടിട്ടുമുണ്ട്. യഥാര്‍ത്ഥ ജീവിതാനുഭവം കഥാപാത്രത്തിനോട് കൂടുതല്‍ കൂറ് പുലര്‍ത്താന്‍ എന്നെ സഹായിച്ചു'- എഎസ്‌ഐ ചന്ദ്രനെക്കുറിച്ച് അലന്‍സിയര്‍ വ്യക്തമാക്കി.

1998ല്‍ 'ദയ' എന്ന ചിത്രത്തിലെ ചെറിയ റോളിലൂടെയാണ് അലന്‍സിയര്‍ മലയാള ചലച്ചിത്ര രംഗത്തേക്ക് കടന്നു വരുന്നത്. പിന്നീട് ശയനത്തിലും മാര്‍ഗ്ഗത്തിലും പകല്‍നക്ഷത്രങ്ങളിലും രാമാനത്തിലും അലന്‍ മിന്നല്‍ പോലെ വന്നുപോയി. 2013ല്‍ രാജീവ് രവി മലയാളത്തില്‍ ആദ്യമായി ചെയ്ത സിനിമയിലൂടെയാണ് അലന്‍സിയര്‍ ലേ ലോപസ് എന്ന ആക്ടര്‍ മുഖ്യധാര സിനിമയുടെ ഭാഗമായത്. 

അവാര്‍ഡ് കൊണ്ട് എല്ലാം ആയെന്ന് അഭിനയമല്ലാതെ വേറൊരു തോഴിനെക്കുറിച്ചും ചിന്തിച്ചിട്ടില്ലാത്ത ഈ അതുല്യ പ്രതിഭ കരുതുന്നില്ല. പക്ഷേ, അത് പിന്തുടരാനായി തന്റെ ജീവിതത്തിലെ സര്‍വ്വവും ത്വജിക്കുന്ന ആളുമല്ല ഇദ്ദേഹം. 'ആസൂത്രണങ്ങളില്ലാതെ ഒരുതരം അരക്ഷിത ജീവിതം നയിക്കുന്ന ആളാണ് ഞാന്‍. ഇവിടുത്തെ ചില ബന്ധങ്ങളാണ് എന്നെ ചലച്ചിത്ര മേഖലയില്‍ പിടിച്ചു നിര്‍ത്തുന്നത്'- അദ്ദേഹം പറഞ്ഞു. 

രാജീവ് രവി, ദിലീഷ് പോത്തന്‍, ശ്യാംപുഷ്‌കരന്‍ എന്നീ സംവിധായകരിലൂടെയാണ് അലന്‍സിയര്‍ എന്ന മഹാനടനെ മലയാളികള്‍ക്ക് അറിയാനായത്. ബാബ്രിപള്ളി പൊളിച്ചപ്പോള്‍ സെക്രട്ടറിയേറ്റിന് മുന്നിലൂടെ അലറി വിളിച്ചോടിയ, ആര്‍എസ്എസ് ഭീകരതയോട് പ്രതിഷേധിക്കാന്‍ ഏകാംഗ നാടകവുമായി ബസ്റ്റാന്‍ഡില്‍ ഇറങ്ങിയ, തീഷ്ണമായ രാഷ്ട്രീയ വ്യക്തതയുള്ള, സ്‌റ്റേജില്‍ ഉഗ്രന്‍ അഭിനേതാവായ അലന്‍സിയറെ നമ്മളറിയാന്‍ വൈകി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com