'എന്റെ ഫോട്ടോ കണ്ട് ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരു മണിക്കൂറിനെന്ന്'; നിറഞ്ഞ കണ്ണുകളോടെ സാനിയ ഫേയ്‌സ്ബുക് ലൈവില്‍

കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് പീഡിപ്പിക്കുന്നവരെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നും എന്നാലെ നാടു നന്നാവുകയൊള്ളൂവെന്നും സാനിയ
'എന്റെ ഫോട്ടോ കണ്ട് ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരു മണിക്കൂറിനെന്ന്'; നിറഞ്ഞ കണ്ണുകളോടെ സാനിയ ഫേയ്‌സ്ബുക് ലൈവില്‍

സോഷ്യല്‍ മീഡിയയിലെ അശ്ലീല കമന്റുകള്‍ക്കള്‍ക്കെതിരേ ക്വീന്‍ ചിത്രത്തിലെ നായിക സാനിയയുടെ ഫേയ്‌സ്ബുക്ക് ലൈവ്. ഇന്‍സ്റ്റഗ്രാമില്‍ സാനിയ പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെ വന്ന മോശം കമന്റുകള്‍ കണ്ട് വളരെ വിഷമത്തിലാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ സാനിയ ലൈവില്‍ വന്നത്. തന്റെ ചിത്രം കണ്ട് ഒരുത്തന്‍ മണിക്കൂറിന് എത്രയാണെന്ന് ചോദിച്ചത്. ഇത്തരത്തിലുള്ളവര്‍ക്കെതിരേ ശക്തമായി പ്രതികരിക്കണമെന്നും സാനിയ പറഞ്ഞു. കുട്ടികള്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച് പീഡിപ്പിക്കുന്നവരെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നും എന്നാലെ നാടു നന്നാവുകയൊള്ളൂവെന്നും സാനിയ പറഞ്ഞു. 

മുന്‍പും തനിക്ക് ലഭിക്കുന്ന കമന്റുകള്‍ സ്റ്റോറിയാക്കി സാനിയ സാമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അപ്പോഴെല്ലാം ഇതിനെ നിരവധി പേര്‍ പിന്തുണച്ചിട്ടുണ്ടെന്നും എന്നാല്‍ മറ്റു ചിലര്‍ തന്നോട് ചോദിച്ചത് ഇതൊക്കെ പോസ്റ്റ് ചെയ്യാന്‍ നാണമില്ലേയെന്നാണ്. ഇത്തരം കാര്യങ്ങള്‍ തുറന്നുകാട്ടുന്നത് തെറ്റാണെന്ന് പതിനഞ്ച് വയസ്സായ എനിക്ക് ഇതുവരെയും തോന്നിയിട്ടില്ലെന്നും സാനിയ പറഞ്ഞു. ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ അത് പുറത്തറിയിക്കണമെന്നും അങ്ങനെയുള്ളവര്‍ ലോകത്ത് ജനിക്കേണ്ടവരല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു .

ബാംഗ്ലൂരില്‍ ഒരുതവണ പോയപ്പോള്‍ ഞാന്‍ ഷോര്‍ട്‌സും ടോപ്പും ധരിച്ച ചിത്രം കണ്ടിട്ട് ഒരുത്തന്‍ ചോദിക്കുകയാണ്, എത്ര രൂപയാണ് ഒരുമണിക്കൂറിനെന്ന്. പതിനഞ്ച് വയസ്സായ ഞാന്‍ ഇത്രയും കേള്‍ക്കുന്നുണ്ടെങ്കില്‍ ലോകത്തുള്ള എത്രപേര്‍ ഇങ്ങനെ അനുഭവിക്കുന്നുണ്ടാകും. ഒരിക്കലും ശരീരം എക്‌സ്‌പോസ് ചെയ്യാനോ അല്ലെങ്കില്‍ ആളുകളെ കാണിക്കാനോ അല്ല പെണ്‍കുട്ടികള്‍ മോഡേണ്‍ ഡ്രസ് ധരിക്കുന്നത്. എല്ലാവര്‍ക്കും അവരുടേതായ ഇഷ്ടം ഉണ്ട്. നിങ്ങള്‍ മോശം രീതിയില്‍ കാണുന്നതുകൊണ്ടാണ് അവള്‍ ശരിയല്ല, ഇവള്‍ ശരിയല്ല എന്നുപറയുന്നത്. നമ്മളെ അശ്ലീലം പറയുന്നത് കേട്ട് നാണിച്ച് മിണ്ടാതിരിക്കരുതെന്നും മാറിനില്‍ക്കാതെ ഇതിനെതിരേ പ്രതികരിക്കണമെന്നും സാനിയ കൂട്ടിച്ചേര്‍ത്തു.  

ഞാന്‍ അത്തരം വസ്ത്രം ധരിച്ചതുകൊണ്ടാണ് അങ്ങനെ കമന്റ് വന്നതെന്ന് ചിലര്‍ പറഞ്ഞു. അങ്ങനെയങ്കില്‍ എല്ലാവരും എന്തുകൊണ്ട് മോശംപറഞ്ഞില്ല. നോക്കുന്ന രീതിയാണ് മാറേണ്ടതെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇത്തരത്തിലുള്ളവരെ തല്ലിക്കൊല്ലുകയാണ് വേണ്ടതെന്നാണ് സാനിയ പറയുന്നത്. ഇവരെയൊന്നും മനുഷ്യനായി കാണാന്‍ കഴിയില്ലെന്നും സാനിയ പറഞ്ഞു. പരീക്ഷയ്ക്ക് പഠിച്ചുകൊണ്ടിരിക്കുന്നതിന് ഇടയിലാണ് സാനിയ ലൈവില്‍ എത്തിയത്. താന്‍ കരയുകയല്ലെന്നും നാട്ടില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന് ആഗ്രഹിച്ചാണ് ലൈവില്‍ എത്തിയതെന്നും സാനിയ പറഞ്ഞു. തനിക്ക് പിന്തുണ തരുന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞാണ് സാനിയ ഫേയ്‌സ്ബുക് ലൈവ് അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com