റിയാലിറ്റി ഷോയിലൂടെയുള്ള വിവാഹം വിജയിക്കുമെന്ന് ഉറപ്പില്ല: ആര്യ

ജീവിത പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തി വിവാദങ്ങളില്‍ പെട്ടുകൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ആര്യ.
റിയാലിറ്റി ഷോയിലൂടെയുള്ള വിവാഹം വിജയിക്കുമെന്ന് ഉറപ്പില്ല: ആര്യ

ജീവിത പങ്കാളിയെ കണ്ടെത്താന്‍ റിയാലിറ്റി ഷോ നടത്തി വിവാദങ്ങളില്‍ പെട്ടുകൊണ്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരം ആര്യ. ആര്യയ്ക്ക് വധുവിനെ കണ്ടെത്താനുള്ള ചാനല്‍ ഷോ, എങ്ക വീട്ടു മാപ്പിളൈ തുടക്കം മുതലേ വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങിയിരുന്നു. വിവാഹം കഴിക്കാനായി വധുവിനിനെ കണ്ടെത്തുന്നത്  റിയാലിറ്റി ഷോയിലൂടെ അല്ലെന്നും പെണ്‍കുട്ടികളുടെ മനസ് വെച്ചുള്ള മോശം കളിയാണിതെന്നുമായിരുന്നു വിമര്‍ശകരുടെ വാദം.

അതോടൊപ്പം മുസ്ലീമായ ആര്യയുടെ വധുവാകാന്‍ മതം മാറാന്‍ തയ്യാറാകുമോയെന്ന് പരിപാടിക്കിടയില്‍ അതിഥിയായെത്തിയ നടി വരലക്ഷ്മിയുടെ ചോദ്യം ആര്യ നടത്തുന്നത് ലവ് ജിഹാദ് ആണെന്ന തരത്തിലുള്ള വിവാദത്തിലേക്കും ബിജെപിയുടെ എതിര്‍പ്പിലേക്കും കൊണ്ടെത്തിച്ചു.

ഇത്തരത്തിലുള്ള  പല വാര്‍ത്തകള്‍ പ്രചരിക്കുമ്പോഴും ഇതിനെ കുറിച്ചു പ്രതികരിക്കാന്‍ ആര്യയൊ അണിയ പ്രവര്‍ത്തകരെ തയ്യാറായിരുന്നില്ല. എന്നാലിപ്പോള്‍ വിമര്‍ശനങ്ങള്‍ക്കെല്ലാം മറുപടിയുമായി എത്തിയിരിക്കുകയാണ് നടന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് എങ്ക വീട്ടു മാപ്പിളൈ എന്ന റിയാലിറ്റി ഷോയിലേക്കെത്താനുള്ള കാരണം ആര്യ വെളിപ്പെടുത്തിയത്.

'പലരും പലവഴിയിലൂടെയാണ് ഭാവി വധുവിനെ കണ്ടെത്തുന്നത്. ചിലര്‍ മാട്രിമോണിയയിലൂടെ, ചിലര്‍ വര്‍ക്ക് ചെയ്യുന്ന സ്ഥാപനങ്ങളില്‍ വെച്ച്, ചില സുഹൃത്തുക്കളുടെ ഇടയില്‍ നിന്ന്. എന്നാല്‍ എനിക്ക് തോന്നിയിട്ടുണ്ടുള്ള ജീവിതത്തില്‍ പല മേഖലയിലുള്ളവര്‍ തമ്മില്‍ കാണാനും പരിചയപ്പെടാന്‍ സോഷ്യല്‍ മീഡിയ സഹായിക്കാറുണ്ട്. ഒരാളെ കണ്ടെത്താന്‍ സോഷ്യല്‍ മീഡിയെക്കാളും മികച്ചൊരു മാധ്യമമില്ല. ദിനംപ്രതി നമ്മള്‍ പലപല ആളുകളെ കാണുന്നുണ്ട്. അങ്ങനെയാണ് ഞാന്‍ വധുവിനെ തേടുന്നു എന്നുള്ള കാര്യം സോഷ്യല്‍ മീഡിയയിലൂടെ ജനങ്ങളെ അറിയിച്ചതും ഇത്തരത്തിലുള്ള ഒരു ഷോയുടെ ഭാഗമാകുന്നതും.

ഇത്രയും നാള്‍  എനിക്ക് ചേര്‍ന്ന ഒരു പങ്കാളിയെ കണ്ടെത്താന്‍ തന്നെയാണ് ശ്രമിച്ചു കൊണ്ടിരുന്നത്. പക്ഷെ ഇന്ന് വരെ അതിന് സാധിച്ചിട്ടില്ല. എനിക്ക് വിവാഹത്തില്‍ താല്പര്യമില്ലാതെയല്ല.വര്‍ഷങ്ങളായി എനിക് ചേര്‍ന്ന ഒരു പങ്കാളിയെ കണ്ടെത്തി വിവാഹം കഴിക്കാനുള്ള ശ്രമത്തിലായിരുന്നു. പക്ഷെ ഇത് വരെ ഒന്നും നടന്നില്ല. അതുകൊണ്ടാണ് ഞാനിതിന് തുനിഞ്ഞിറങ്ങിയത്

റിയാലിറ്റി ഷോയിലൂടെ കണ്ടു മുട്ടുന്ന വ്യക്തിയുമായുള്ള വിവാഹം എത്രമാത്രം വിജയകരമാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. ആ വ്യക്തിയെ കല്യാണം കഴിച്ച് ഒന്നു സെറ്റിലാകാതെ ആ ബന്ധം വിജയിക്കുമോ എന്ന് ഇപ്പോള്‍ പറയാനാകില്ല. അവരെ ഓരോരുത്തരെയും നന്നായി മനസിലാക്കി എനിക്ക് ചേര്‍ന്ന പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട്. എനിക്കിപ്പോള്‍ ഒരു ഉറപ്പും നല്കാനാകില്ല. ജീവിതത്തില്‍ ഒന്നിനും ഗ്യാരണ്ടി ഇല്ലല്ലോ. ഇതും അതുപോലെ തന്നെ. 

ഇത്തരമൊരു പരിപാടിയിലൂടെ ഇത്രയും പെണ്‍കുട്ടികളുടെ ഇടയില്‍ നിന്ന് എനിക്ക് ചേര്‍ന്നൊരാളെ കണ്ടു പിടിക്കുക എന്നത് പ്രയാസകരം തന്നെയാണ്. പ്രധാന കാരണം എന്തെന്നാല്‍ അവര്‍ക്കെല്ലാം എന്നെ ഇഷ്ടമാണ് അവരെല്ലാം എന്റെ ഉളില്‍ കയറി പറ്റാനുള്ള ശ്രമത്തിലുമാണ്. ഒരുപാടു വിഷയങ്ങളുണ്ട്. ഞാനവരുടെ വികാരത്തെ കൂടി മാനിക്കേണ്ടതുണ്ട്. എല്ലാത്തിലുമുപരി ഇതൊരു റിയാലിറ്റി ഷോ ആണ്. അതുകൊണ്ടു തന്നെ ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചിന്തിക്കേണ്ടതുണ്ട്.

എന്റെ സുഹൃത്തുക്കളെല്ലാം എന്റെ സഹായത്തിനുണ്ട്. കാരണം എനിക്കെന്ത് ഇഷ്ടപെടും എന്ത് ഇഷ്ടമല്ല എന്ന് അവര്‍ക്ക് നന്നായറിയാം. മാത്രമല്ല ഈ വിഷയത്തില്‍ ഒറ്റയ്‌ക്കൊരു തീരുമാനമെടുക്കാന്‍ എനിക്കാവില്ല. അതിനാല്‍ അവരെല്ലാം എന്നോടൊപ്പമുണ്ട്. അതുപോലെ തന്നെ കുടുംബവും. അവര്‍ക്കെല്ലാം ഞാന്‍ അങ്ങനെയെങ്കിലും വിവാഹം കഴിക്കുമല്ലോ എന്ന ആശ്വാസമാണ്.' ആര്യ വ്യക്തമാക്കി.

എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ നടത്തുന്ന പരിപാടിയില്‍ 16 പെണ്‍കുട്ടികളാണ് മത്സരിക്കുന്നത്. റിയാലിറ്റി ഷോയിലെ വിജയിയെയാവും ആര്യ വിവാഹം കഴിക്കുക. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുന്‍പ് ഫേസ്ബുക്ക് ലൈവില്‍ വന്നാണ് ആര്യ തന്റെ വിവാഹക്കാര്യം വെളിപ്പെടുത്തിയത്. അതിനായി റിയാലിറ്റി ഷോ നടത്തുമെന്നും താരം വ്യക്തമാക്കിയിരുന്നു. 

ഇതേതുടര്‍ന്ന് ഏഴായിരത്തില്‍ അധികം അപേക്ഷകളും ഒരു ലക്ഷത്തോളം ഫോണ്‍കോളുകളുമായി ആര്യയെ തേടിയെത്തിയത്. ഇതില്‍ നിന്ന് 16 പെണ്‍കുട്ടികളെ തെരഞ്ഞെടുത്താണ് ഷോ നടത്തുന്നത്. രണ്ട് മലയാളികളും ഇതില്‍ മത്സരിക്കുന്നുണ്ട്. ഈ പരിപാടി 'ആര്യക്ക് പരിണയം' എന്ന പേരില്‍ മലയാളത്തില്‍ ഫ്‌ലവഴേസ് ടിവി സംപ്രേക്ഷണം ചെയ്യുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com