'ആര്‍എസ്എസ് ചരിത്രം പറയുന്ന സിനിമ ചെയ്യേണ്ടകാര്യം എനിക്കില്ല'; നിലപാട് വ്യക്തമാക്കി പ്രിയദര്‍ശന്‍

'എനിക്കൊരു രാഷ്ട്രീയമുണ്ട്. പക്ഷെ ഞാനൊരു സജീവ രാഷ്ട്രീയക്കാരനല്ല'
'ആര്‍എസ്എസ് ചരിത്രം പറയുന്ന സിനിമ ചെയ്യേണ്ടകാര്യം എനിക്കില്ല'; നിലപാട് വ്യക്തമാക്കി പ്രിയദര്‍ശന്‍

ര്‍എസ്എസ്സിന്റെ ചരിത്രത്തെ ആസ്പദമാക്കി സിനിമ ചെയ്യാന്‍ പദ്ധതിയില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍. അക്ഷയ് കുമാറിനെ നായകനാക്കി ചിത്രം എടുക്കുന്നുണ്ടെന്നും എന്നാല്‍ അതിന് ആര്‍എസ്എസ് ചരിത്രവുമായി ബന്ധമില്ലെന്നും സൗത്ത് ലൈവിനോട് അദ്ദേഹം പറഞ്ഞു. 
 
'എന്റെ അറിവില്‍ അങ്ങനെയൊരു സിനിമ ഇല്ല. ഞാന്‍ അങ്ങനെയൊരു സിനിമ ചെയ്യുന്നില്ല. ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് അവരുടേതായ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ ഉണ്ടാകും. ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് ചോദിച്ചാല്‍ എന്റെ ജീവിതവും സിനിമയും കുടുംബവുമെല്ലാം തീരുമാനിക്കുന്നത് സോഷ്യല്‍ മീഡിയയാണ്. ഞാനേത് സിനിമ ചെയ്യുന്നു, അത് ചെയ്യുന്നില്ല തുടങ്ങി ഞാന്‍ പോലും അറിയാത്ത കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ അറിയുന്നത്.

എനിക്കൊരു രാഷ്ട്രീയമുണ്ട്. പക്ഷെ ഞാനൊരു സജീവ രാഷ്ട്രീയക്കാരനല്ല, ഭാവിയിലൊട്ട് ആകാന്‍ ഉദ്ദേശിക്കുന്നുമില്ല. ഞാന്‍ അക്ഷയ് കുമാറിനെവെച്ചൊരു സിനിമ ഉദ്ദ്യേശിക്കുന്നുണ്ട്. അത് ചിലപ്പോള്‍ അടുത്ത വര്‍ഷം നടന്നേക്കും. പക്ഷെ, അതിന് ആര്‍എസ്എസ് ചരിത്രവുമായി ബന്ധമൊന്നുമില്ല. ഞാന്‍ ബോളിവുഡില്‍ ചെയ്തിട്ടുള്ളതെല്ലാം കച്ചവട സിനിമകളാണ്. ആര്‍എസ്എസ് ചരിത്രം പറയുന്നൊരു സിനിമ ചെയ്യേണ്ട കാര്യമെനിക്കില്ല' അദ്ദേഹം വ്യക്തമാക്കി.

അക്ഷയ്കുമാറിനെ നായകനാക്കി പ്രിയദര്‍ശന്‍ ആര്‍എസ്എസ് ചരിത്രം പറയുന്ന സിനിമ എടുക്കുമെന്നതരത്തില്‍ കഴിഞ്ഞ ദിവസമാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. ഇതിനെ ട്രോളന്മാര്‍ ആഘോഷിച്ചിരുന്നു. ബാഹുബലിയുടെ തിരക്കഥാകൃത്ത് വിജയേന്ദ്ര പ്രസാദ് ആര്‍എസ്എസ് ചരിത്രം സിനിമയാക്കുന്നുവെന്നും ഇതില്‍ അക്ഷയ്കുമാര്‍ നായകനാകുന്നുവെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഈ വാര്‍ത്ത തെറ്റാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതുമായി ബന്ധപ്പെടുത്തിയാണ് പ്രിയദര്‍ശനെക്കുറിച്ചുള്ള ട്രോളുകള്‍ ഇറങ്ങിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com