ഈ പിടിച്ചുപറി അംഗീകരിക്കാന്‍ കഴിയില്ല; കലവൂര്‍ രവികുമാറിനെതിരെ 'മോഹന്‍ലാലി'ന്റെ സംവിധായകന്‍

നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് രവികുമാര്‍. 
ഈ പിടിച്ചുപറി അംഗീകരിക്കാന്‍ കഴിയില്ല; കലവൂര്‍ രവികുമാറിനെതിരെ 'മോഹന്‍ലാലി'ന്റെ സംവിധായകന്‍

സാജിദ് യാഹിയ സംവിധാനം ചെയ്ത 'മോഹന്‍ലാല്‍' എന്ന ചിത്രത്തിനെതിരെ സംവിധായകനും തിരക്കഥാകൃത്തുമായ കലവൂര്‍ രവികുമാര്‍ രംഗത്തു വന്നത് വാര്‍ത്തയായിരുന്നു. രവികുമാറിന്റെ 'മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്' എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും സിനിമ ചിത്രീകരിച്ച് തുടങ്ങുന്നതിന് മുന്‍പ് തന്നെ താന്‍ ഇക്കാര്യം സംബന്ധിച്ച് ഫെഫ്കയില്‍ പരാതി നല്‍കിയിരുന്നുവെന്നും രവികുമാര്‍ ആരോപിച്ചിരുന്നു. 

'മോഹന്‍ലാല്‍' തന്റെ കഥയുടെ പകര്‍പ്പാണെന്ന് കണ്ടെത്തിയ ഫെഫ്ക തനിക്ക് പ്രതിഫലവും കഥയുടെ അവകാശവും നല്‍കണമെന്ന് വിധിക്കുകയും ചെയ്തിരുന്നുവെന്നും എന്നാല്‍ അതെല്ലാം അവഗണിച്ചുകൊണ്ട് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ടു പോവുകയാണുണ്ടായതെന്നുമാണ് രവികുമാറിന്റെ ആരോപണം. നഷ്ടപരിഹാരം നല്‍കണം എന്നാവശ്യപ്പെട്ട് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ തൃശൂര്‍ ജില്ലാ കോടതിയെ സമീപിച്ചിരിക്കുകയാണ് രവികുമാര്‍. 

ഈ സാഹചര്യത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ സാജിദ് യാഹിയ. കലവൂര്‍ രവികുമാര്‍ നേരത്തെയും ഇതുപോലെ മറ്റു ചിത്രങ്ങള്‍ക്കെതിരെ കേസ് കൊടുത്തിട്ടുണ്ടെന്നും ഇത് തങ്ങളെപ്പോലുള്ള തുടക്കക്കാരെ തളര്‍ത്തി പണം തട്ടാനുള്ള ശ്രമമാണെന്നും സാജിദ് പറഞ്ഞു.

ഈ സിനിമയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ കലവൂര്‍ രവികുമാര്‍ ഇക്കാര്യം ഉന്നയിച്ച് മുന്നോട്ട് വന്നിരുന്നു. പക്ഷേ 'മോഹന്‍ലാല്‍' എന്ന സിനിമയുടെ തിരക്കഥ വായിക്കാതെയാണ് ആരോപണം ഉന്നയിക്കുന്നതെന്നാണ് സാജിദ് പറയുന്നത്. തിരക്കഥ കോപ്പിയടിച്ചതാണെന്ന് കാണിച്ച് ശ്രീകുമാര്‍ മഞ്ജു വാര്യര്‍ക്കും മറ്റുള്ള താരങ്ങള്‍ക്കും വ്യക്തിപരമായി സന്ദേശങ്ങളും അയച്ചിരുന്നു. 

ദിലീപ് അഭിനയിച്ച ജോര്‍ജേട്ടന്‍സ് പൂരം, രഞ്ജന്‍ പ്രമോദിന്റെ രക്ഷാധികാരി ബൈജു എന്നീ ചിത്രങ്ങള്‍ക്കെതിരെയാണ് ശ്രീകുമാര്‍ നേരത്തെ കേസ് കൊടുത്തിട്ടുള്ളത്. വലിയ അഭിനേതാക്കളുടെയും പ്രൊഡക്ഷന്‍ കമ്പനികളുടെയും പിന്തുണയുള്ളതിനാലാണ് ആ കേസുകളൊന്നും എവിടെയും എത്താതെ പോയത്. ഇതിപ്പോള്‍ തങ്ങളെപ്പോലുള്ള പുതിയ ആള്‍ക്കാരെ ആക്രമിച്ച് പണം തട്ടിയെടുക്കാനുള്ള പണിയാണെന്നാണ് സംവിധായകന്‍ പറയുന്നത്. 

ശ്രീകുമാര്‍ ഫെഫ്കയില്‍ കേസ് കൊടുത്ത സമയത്ത് എകെ സാജന്റെ സാക്ഷ്യത്തില്‍ 'മോഹന്‍ലാലിന്റെ'  ബൈന്‍ഡ് ചെയ്ത തിരക്കഥ ശ്രീകുമാറിന് നല്‍കി. പക്ഷേ, അത് വായിക്കാന്‍ ശ്രീകുമാര്‍ തയ്യാറായില്ലെന്നും സാജിദ് പറഞ്ഞു. അന്ന് പ്രശ്‌നങ്ങളെല്ലാം രമ്യതയില്‍ പരിഹരിക്കാനായിരുന്നു ഫെഫ്ക പറഞ്ഞത്. പക്ഷേ സാജിദ് അതിന് തയാറായിരുന്നില്ല. 

സാജിദ് അന്ന് കലവൂര്‍ രവികുമാറിനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാനുള്ള വക്കാലത്ത് ഒപ്പിട്ടു. ഗൂഗിളില്‍ സാജിദിന്റെ പേര് അടിച്ച് കൊടുക്കുമ്പോള്‍ വരുന്നത് കലവൂര്‍ രവികുമാറിന്റെ പേരുമായി ബന്ധപ്പെട്ട കേസ് ആയതുകൊണ്ടാണ് സംവിധായകന്‍ അങ്ങനെ ചെയ്തത്. 

പിന്നീടുള്ള അനുരജ്ഞന ചര്‍ച്ചയില്‍ കലവൂര്‍ രവികുമാറിന് ആ സിനിമ നഷ്ടപ്പെട്ടതു കാരണം വളരെയധികം സാമ്പത്തിക പ്രതിസന്ധി ഉണ്ടായിട്ടുള്ളതിനാല്‍ ഒരു ലക്ഷം രൂപ പ്രതിഫലം കൊടുക്കാനാകുമോ എന്നായിരുന്നു ആവശ്യപ്പെട്ടത്. തന്റെയും രണ്ടാമത്തെ ചിത്രമായതുകൊണ്ടും സാമ്പത്തിക സ്ഥിതി മോശമായതുകൊണ്ടും ആലോചിക്കാം എന്ന മറുപടിയായിരുന്നു സാജിദ് നല്‍കിയത്. 

'എന്നിട്ട് ഞങ്ങള്‍ക്ക് ഒരു വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നു 5 ലക്ഷം രൂപ വേണമെന്ന് പറഞ്ഞിട്ട്. ഇപ്പോള്‍ കേസ് കൊടുത്തിരിക്കുന്നു കഥയുടെ ക്രെഡിറ്റ് വേണമെന്ന് പറഞ്ഞ്. ഇതൊക്കെ പിടിച്ചുപറിയാണ്'- സാജിദ് പറയുന്നു. ഈ വിവാദങ്ങള്‍ മൂലം തങ്ങള്‍ക്ക് മെന്റലി നല്ല സ്‌ട്രെയിന്‍ ഉണ്ടെന്നും ഈ കേസ് കഴിഞ്ഞാല്‍ ഉടന്‍ തന്നെ താന്‍ നിയമനടപടിക്ക് പോകുമെന്നും സാജിദ് അറിയിച്ചു. 

'ഇത് കലവൂര്‍ രവികുമാര്‍ എഴുതിയ കഥയല്ല. എല്ലാ ആരാധനയ്ക്കും ഒരു വ്യക്തമായ കാരണമുണ്ട് എന്ന് പറഞ്ഞു തരുന്ന സിനിമയാണിത്. അവളുടെ ലൈഫിലെ ഓരോ വയസ്സിലും മോഹന്‍ലാല്‍ സിനിമകള്‍ അവളെ ഇന്‍സ്പയര്‍ ചെയ്യുന്നുണ്ട്. അത്രയും അന്ധമായി മോഹന്‍ലാലിനെ ആരാധിക്കുന്ന ഒരു സ്ത്രീക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഈ സിനിമയുടെ ഭാഗമാണ്. എന്തുകൊണ്ട് മോഹന്‍ലാലിനെ ആ പെണ്‍കുട്ടി അന്ധമായി സ്‌നേഹിക്കുന്നു എന്നതിന് വ്യക്തമായ ഇമോഷണല്‍ കാര്യങ്ങളുണ്ട് അതാണ് ഈ സിനിമയുടെ കഥ. നിങ്ങള്‍ അദ്ദേഹത്തിന്റെ കഥ ഒന്ന് വായിച്ചു നോക്കിയിട്ട് തീരുമാനിക്കുക'- സാജിദ് പറയുന്നു. 

മഞ്ജു വാര്യരും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന ചിത്രം ഏപ്രില്‍ 13നാണ് തീയറ്ററുകളിലെത്തുന്നത്. സംവിധായകന്‍ തന്നെ എഴുതിയ കഥയാണ് മോഹന്‍ലാലിന്റേതെന്ന് അണിയറ പ്രവര്‍ത്തര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com