ജോയ് മാത്യുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍; നിലപാടുകളേയില്ലാത്ത ചിലരെ ബുദ്ധിജീവികളാണെന്ന് തലയില്‍ എടുത്ത് വെയ്ക്കുന്ന ജനത നേരിടുന്ന ചില പ്രതിസന്ധികളുണ്ട് 

ദേശീയ ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച നടന്‍ ജോയ് മാത്യുവിന് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍
 ജോയ് മാത്യുവിനെതിരെ സനല്‍കുമാര്‍ ശശിധരന്‍; നിലപാടുകളേയില്ലാത്ത ചിലരെ ബുദ്ധിജീവികളാണെന്ന് തലയില്‍ എടുത്ത് വെയ്ക്കുന്ന ജനത നേരിടുന്ന ചില പ്രതിസന്ധികളുണ്ട് 


കൊച്ചി: ദേശീയ ചലച്ചിത്ര പുരസ്‌കാരം വിവേചനപരമായി നല്‍കാനുള്ള മന്ത്രി സ്മൃതി ഇറാനിയുടെ തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് പുരസ്‌കാര ദാന ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരെ വിമര്‍ശിച്ച നടന്‍ ജോയ് മാത്യുവിന് എതിരെ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. അന്നന്നത്തെ നിലനില്‍പിനുവേണ്ടി വേഷം കെട്ടുന്ന നിലപാടുകളേയില്ലാത്ത ചിലരെ വലിയ ബുദ്ധിജീവികളാണെന്ന് തലയില്‍ എടുത്ത് വെയ്ക്കുന്ന ജനത നേരിടുന്ന ചില പ്രതിസന്ധികളുണ്ട്. അതിലൊന്നാണ് അച്ചാറുകച്ചവടക്കാരില്‍ നിന്നും അടിവസ്ത്രവ്യാപാരികളില്‍ നിന്നും അവാര്‍ഡ് വാങ്ങാമെങ്കില്‍ എന്തുകൊണ്ട് സ്മൃതി ഇറാനിയില്‍ നിന്ന് വാങ്ങിക്കൂടാ എന്ന ദിഗംബരനാദം- സനല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

നാളെ ഇതേ ശബ്ദം എന്തുകൊണ്ട് ഇന്ദിരാഗാന്ധിക്ക് ആകാമെങ്കില്‍ മോഡിക്ക് ആയിക്കൂടാ എന്നും പാക്കിസ്ഥാനിലാകാമെങ്കില്‍ ഇന്ത്യയ്ക്ക് ആയിക്കൂടെ എന്നും നിഷ്‌കളങ്കമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നും അദ്ദേഹം കുറിച്ചു. 

അവാര്‍ഡിനു വേണ്ടി പടം പിടിക്കുന്നവര്‍ അത് ആരുടെ കയ്യില്‍ നിന്നായാലും വാങ്ങാന്‍ മടിക്കുന്നതെന്തിനാണെന്നായിരുന്നു ജോയ് മാത്യുവിന്റെ ചോദ്യം. അവാര്‍ഡ് കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നത് ഭരിക്കുന്ന പാര്‍ട്ടിയാണ്. അങ്ങിനെ വരുമ്പോള്‍ ആത്യന്തികമായ തീരുമാനവും ഗവര്‍മെന്റിന്റെയായിരിക്കും. അപ്പോള്‍ ഗവര്‍മെന്റ് നയങ്ങള്‍ മാറ്റുന്നത് ഗവര്‍മെന്റിന്റെ ഇഷ്ടം. അതിനോട് വിയോജിപ്പുള്ളവര്‍ തങ്ങളുടെ സൃഷ്ടികള്‍ അവാര്‍ഡിന് സമര്‍പ്പിക്കാതിരിക്കയാണ് ചെയ്യേണ്ടത്. രാഷ്ട്രപതി തന്നെ അവര്‍ഡ് നല്‍കും എന്ന് അവാര്‍ഡിനയക്കുന്ന അപേക്ഷകനു ഉറപ്പുകൊടുത്തിട്ടുണ്ടോ എന്നറിയില്ല. രാഷ്ട്രപതിക്ക് ഉദരസംബന്ധമായ പ്രശ്‌നങ്ങളോ രാജ്യ പ്രതിരോധ സംബന്ധിയായ പ്രശ്‌നങ്ങളോ ഉണ്ടായി എന്ന് കരുതുക. എന്ത് ചെയ്യും?

അച്ചാര്‍ കച്ചവടക്കാരില്‍ നിന്നും അടിവസ്ത്ര വ്യാപാരികളില്‍ നിന്നും യാതൊരു ചമ്മലുമില്ലാതെ കുനിഞ്ഞുനിന്ന് പുരസ്‌കാരങ്ങള്‍ വങ്ങിക്കുന്നവര്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ കഴിയില്ല എന്ന് പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. ഇനി സ്മൃതി ഇറാനി തരുമ്പോള്‍ അവാര്‍ഡ് തുക കുറഞ്ഞുപോകുമോ? കത്തുവയില്‍ പിഞ്ചുബാലികയെ ബലാല്‍സംഗം ചെയ്തു കൊന്നതിന്റെ പേരിലോ രാജ്യത്തൊട്ടാകെ നടക്കുന്ന വംശവെറിക്കെതിരെയൊ ഒക്കെ പ്രതിഷേധിച്ചാണ് അവാര്‍ഡ് നിരസിച്ചതെങ്കില്‍ അതിനു ഒരു നിലപാടിന്റെ അഗ്‌നിശോഭയുണ്ടായേനെ

ഇതിപ്പം കൊച്ചുകുഞ്ഞുങ്ങള്‍ അവാര്‍ഡ് കളിപ്പാട്ടം കിട്ടാത്തതിനു കരയുന്ന പോലെയായിപ്പോയി. അവാര്‍ഡ് വാങ്ങാന്‍ കൂട്ടാക്കാത്തവര്‍ അടുത്ത ദിവസം തലയില്‍ മുണ്ടിട്ട് അവാര്‍ഡ് തുക റൊക്കമായി വാങ്ങിക്കുവാന്‍ പോകില്ലായിരിക്കും എന്നും ജോയ് മാത്യു എഫ് ബി പോസ്റ്റില്‍ അഭിപ്രായപ്പെട്ടു.ജോയ് മാത്യുവിന്റെ പ്രതികരണത്തിന് എതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. 

പുരസ്‌കാരദാന ചടങ്ങ് ബഹിഷ്‌കരിച്ച ചലച്ചിത്ര പ്രവര്‍ത്തകരുടെ നിലപാടിനെ പ്രശംസിച്ചും പുരസ്‌കാരം ഏറ്റുവാങ്ങിയവരെ വിമര്‍ശിച്ചും സനല്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. അന്ധമായ ഭരണകൂടത്തിന്റെ അനീതി നേരിട്ട സഹപ്രവര്‍ത്തകരോട് യാതൊരു കൂറും പുലര്‍ത്താത്ത യേശുദാസിനോടും ജയരാജിനോടും സഹതാപം മാത്രമേ തോന്നുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞിരുന്നു. 

പുരസ്‌കാരം നല്‍കുന്നതിലെ വിവേചനം ചൂണ്ടിക്കാട്ടി വിവിധഭാഷകളിലായി അറുപത്തിയാറോളം സിനിമാ പ്രവര്‍ത്തകര്‍ ചടങ്ങു ബഹിഷ്‌കരിച്ചു. 11 പേര്‍ക്കൊഴികെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് നേരിട്ടു പുരസ്‌കാരം നല്‍കില്ലെന്ന തീരുമാനമാണ് വിവാദമായത്. ജൂറി ചെയര്‍മാന്‍ ശേഖര്‍ കപൂറിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയിലും സ്മൃതി ഇറാനി നിലപാട് മയപ്പെടുത്താതിരുന്ന സാഹചര്യത്തിലാണ് പുരസ്‌കാര ജേതാക്കള്‍ ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചത്. കേരളത്തില്‍നിന്നുള്ള ചലച്ചിത്ര പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധമുയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com