ഈ.മ.യൗ; 'ജീവിച്ചിരിക്കുന്നവരുടെ ഒപ്പീസ്'

സത്യത്തില്‍ നിങ്ങളെ ഒരു മരണക്കുഴിയില്‍ ചാടിക്കുകയാണെങ്കിലും, നഷ്ടപ്പെടുത്തരുത് ഈ സിനിമ. അത്രയ്ക്ക് മികച്ചതാണ്, വിട്ടു പോകാത്ത പ്രേതബാധയാണ്...
ഈ.മ.യൗ; 'ജീവിച്ചിരിക്കുന്നവരുടെ ഒപ്പീസ്'

വസംസ്‌ക്കാര സമയത്ത് ഒരു വിഭാഗം ക്രിസ്ത്യാനികള്‍ ഉരുവിടുന്ന പ്രാര്‍ത്ഥനാ ഗീതമാണ് ഒപ്പീസ്. മൃത്യു വിഴുങ്ങുന്ന ഉടലിനായുള്ള ഒടുവിലത്തെ ഉള്ളുരുക്കം. മരണ സ്‌നാനത്തിനിടയില്‍ ജീവന്‍ നെടുകെയും കുറുകെയും വെച്ച് ചേര്‍ത്ത കുരിശു പോലെ ഒപ്പീസ് മരണത്തെ ഓര്‍മപ്പെടുത്തുന്നു. ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ വില്‍ നാം കണ്ണെടുത്തു വച്ച മുക്കാല്‍ ഭാഗവും മരണവീടാണ്. വാവച്ചനാശാന്‍ മരിച്ചു കിടക്കുകയാണ്, അയാള്‍ക്കങ്ങ് തീര്‍ന്നാല്‍ മതി. ശേഷം മൃതദേഹത്തിനൊഴിച്ച് സ്‌ക്രീനിനകത്തും പുറത്തും വികാരാന്ധകാരം വലവിരിച്ചു പിടിച്ച സകലര്‍ക്കും വേണ്ടി നടക്കുന്ന ഒപ്പീസാണ് ആ സിനിമ. ഒരാള്‍ക്കു വേണ്ടി വേറൊരാള്‍ പാടുന്നു. സിനിമ കഴിഞ്ഞാലും ആര്‍ക്കും അശേഷം രക്ഷപ്പെടാനാകാത്തൊരു ഇരുള്‍ച്ചുഴിയില്‍ നമ്മള്‍ ഉത്തരായനം കാത്തു കിടക്കുന്നു.

ഇരുട്ട്, നരച്ച കടല്‍, സമയം തെറ്റിയ മഴ, കൊളുത്തി വലിക്കുന്ന കാറ്റ്... ഭീദിതവും ദുരൂഹവുമായ മരണത്തെ പൊലിപ്പിക്കാന്‍ പാകത്തിലുള്ള അന്തരീക്ഷത്തിലാണ് വിജഗീഷു വായ മൃത്യു ജീവിതത്തിന്റെ കൊടിപ്പടം താഴ്ത്തിയിരിക്കുന്നത്. ഇവിടെ പശ്ചാത്തല സംഗീതം പ്രകൃതി പ്രതിഭാസങ്ങളാണ്. ക്ലൈമാക്‌സ് സീനില്‍ മുഖ്യ കഥാപാത്രത്തിന്റെ പലവിചാര സംഭാഷണങ്ങള്‍ ബീജിയെമ്മാക്കി മാറ്റിയിരിക്കുന്നു. തണ്ടൊടിഞ്ഞ ക്ലാരനെറ്റിന്റെ അപശബ്ദം പോലെ സിനിമ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒന്ന് നിങ്ങള്‍ക്കായി കരുതി വെയ്ക്കുന്നു/അപനിര്‍മ്മിക്കുന്നു.

മരിച്ച വീട്ടിലെ കരച്ചില്‍, അയല്‍ വാസികളുടെ പഴി പറച്ചില്‍, ബന്ധുക്കളുടെ പോരുകള്‍ തുടങ്ങി സറ്റയര്‍ ആഖ്യാന പാറ്റേണിലാണ് കഥാഗതിയെന്ന് തോന്നാം. തിയേറ്ററില്‍ കാണികള്‍ നിറഞ്ഞ് ചിരിക്കുന്നുമുണ്ട്. എന്നാല്‍ ആക്ഷേപഹാസ്യമല്ല, അധോതല ജീവിതത്തിന്റെ റിയലിസ്റ്റിക് കാഴ്ചകളാണ് പടം പങ്കുവെയ്ക്കുന്നത്. പലര്‍ക്കും പരിചിതമല്ലാത്ത അതിജീവിതമായതു കൊണ്ട് ചിരി വരുന്നതാകാം. അല്ലെങ്കില്‍ മുഖ്യധാര ഒപ്പം നിര്‍ത്താത്ത ഒരു വിഭാഗത്തിന്റെ യഥാര്‍ത്ഥ്യങ്ങളെ നാം ഇങ്ങനെയാകാം ചിരിച്ചു തള്ളുന്നത്. കറുത്ത ഫ്രയിമുകളാല്‍ സിനിമ പറയുന്ന കറുത്ത ഹാസ്യം ഈ മ യൗ യില്‍ കാണാതെ പോകരുത്!

നിങ്ങള്‍ക്ക് അസംഭവ്യമായി തോന്നുന്ന കാര്യങ്ങള്‍ ഞങ്ങളുടെ നാട്ടില്‍ നിത്യസംഭവങ്ങളാണെന്ന് മാജിക്കല്‍ റിയലിസത്തിന് നല്‍കുന്ന ആമുഖത്തില്‍ മാര്‍ക്കേസ് സൂചിപ്പിക്കുന്നുണ്ട്. ഈ സിനിമയിലെ കൂര്‍ത്ത റിയാലിറ്റികളില്‍ പലതിനോടും പൊരുത്തപ്പെടാനാകാതെ നാം അസ്വസ്ഥരായിരിക്കുന്നുണ്ട്. പി എഫ് മാത്യൂസിലെ എഴുത്തുകാരന്‍ സംവിധായകനിലേക്ക് പകര്‍ത്തിയ റിയല്‍മാന്ത്രികതയുടെ ആ കെടാതിരി അദൃശ്യമായി ദൃശ്യമാകുന്നത് കാണാം. കാര്യങ്ങള്‍ ആമേനിന്റെ ഡയറക്ടറില്‍ നിന്നാകുമ്പോള്‍ അത്ഭുതപ്പെടാനില്ല.

ഒരു പദം വെട്ടിമാറ്റാനില്ലെന്ന് കാരൂരിന്റെ കഥകളെക്കുറിച്ച് പറയാറുണ്ട്. ഒരു പടം വെട്ടിമാറ്റാനില്ലെന്നതാണ് ഈ ഒരു മണിക്കൂര്‍ അമ്പത്തഞ്ച് മിനിറ്റിന്റെ വലിയ വലിപ്പം. അത്രമേല്‍ ക്രാഫ്റ്റ് തളിര്‍ത്തു നില്‍ക്കുകയാണീ മര(ണ)ത്തില്‍. എല്ലാ സീനുകളിലും അടിമുടി ജീവിപ്പിച്ചാണീ ചാവു നിലം മാത്യൂസ് കൊത്തിക്കിളച്ചിരിക്കുന്നത്. രംഗനാഥ് രവിയുടെ ശബ്ദമിശ്രണമാണ് മറ്റൊരു താരം. ഞെക്കിക്കൊലപ്പെടുത്തും മുമ്പ് പത്‌നിയെ കെട്ടിപ്പുണരും ദുരന്ത പാത്രത്തിന്റെ ചിത്തം കണക്കെ ഷൈജു ഖാലിദിന്റെ ക്യാമറ.

കാസ്റ്റിങ്ങില്‍ ലിജോ അവസാനവാക്കാകുകയാണ് മലയാള സിനിമയില്‍. ചെമ്പന്‍ വിനോദിന്റെ കൂട്ടുകാരന്‍ മെമ്പര്‍ അയ്യപ്പനായ വിനായകന്റെ കാസ്റ്റിങ് അതിഗംഭീരം. ചെമ്പന്‍, കൈനകരി തങ്കരാജ്, പോളി, ദിലീഷ് പോത്തന്‍... ഓരോരുത്തരും, ചീട്ടുകളിക്കാരും വീട്ടിയില്‍ തീര്‍ത്ത ശവമഞ്ചവും കാറ്റും കടലിരമ്പവും ഇരുണ്ടു പിരണ്ട വര്‍ഷപാതവും ഈ മ യൗ യെ ഭ്രമാത്മകമായ അനുഭൂതിയാക്കുന്നു.

സത്യത്തില്‍ നിങ്ങളെ ഒരു മരണക്കുഴിയില്‍ ചാടിക്കുകയാണെങ്കിലും, നഷ്ടപ്പെടുത്തരുത് ഈ സിനിമ. അത്രയ്ക്ക് മികച്ചതാണ്, വിട്ടു പോകാത്ത പ്രേതബാധയാണ്...

(ഫെയ്‌സ്ബുക്കില്‍ കുറിച്ചത്)
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com